Crime News

ചെറിയ ഉളളിക്കുപോലും കീടനാശിനി: തമിഴ്‌നാട്ടിലെ കര്‍ഷകര്‍ കേരളത്തിലെ പ്രതിഷേധം അറിഞ്ഞിട്ടേയില്ല

Posted on: 06 Aug 2015

വി.എസ്.സിജു




കട്ടപ്പന:
കീടനാശിനി ഉപയേഗത്തിനെതിരെ കേരളത്തില്‍ പ്രതിഷേധം ഉയരുമ്പോഴും ഇവിടേക്ക് പച്ചക്കറി എത്തുന്ന തമിഴ്‌നാട്ടില്‍ കൃഷിക്ക് കീടനാശിനി ഉപയോഗിക്കുന്നതില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല. കമ്പം അടക്കമുളള തമിഴ്‌നാട്ടിലെ പച്ചക്കറി കൃഷിയിടങ്ങളില്‍ അപകടകരമായ തോതില്‍ കീടനാശിനി ഇപ്പോഴും ഉപയോഗിക്കുകയാണ്. ബീന്‍സിലും ക്യാരറ്റിലും ചെറിയ ഉളളിയിലും പൊതിന ഇലയിലും എല്ലാം യഥേഷ്ടം കീടനാശിനി ഉപയോഗിക്കുകയാണിവിടെ. 'കാഞ്ചാരി' (കീടനാശിനി) അടിച്ചില്ലെങ്കില്‍ വിള ഉണ്ടാകില്ലെന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നത്.

കേരളത്തെ അപേക്ഷിച്ച് തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ കീടങ്ങളുടെ ആക്രമണം കൂടുതലാണെന്ന് അവിടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികളും സമ്മതിക്കുന്നു. മഴയും ജല ലഭ്യതയുടെ കുറവും ആണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ബീന്‍സിനെയൊക്കെ വേഗം കീടം ആക്രമിക്കുമെന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നത്. ബീന്‍സ് കൃഷി നടത്തി ഉടന്‍ കീടനാശിനി പ്രയോഗിക്കുന്നുണ്ട്. താരതമ്യേന സുരക്ഷിതമെന്ന് നമ്മള്‍ കരുതുന്ന ഉളളിക്ക് അപകടകരമായ രീതിയിനാണ് കീടനാശിനി ഉപയോഗം. ഉളളി കൃഷി നനയ്ക്കാനായി തടമെടുത്ത് അതിലൂടെ വെളളം ഒഴുക്കുമ്പോള്‍ ഈ വെളളത്തില്‍ കീടനാശിനി കൂടി കലര്‍ത്തുകയാണ് ചെയ്യുന്നത്. അഴുകല്‍ രോഗം ചെറുക്കാനായാണ് കിഴങ്ങ് വര്‍ക്കങ്ങളില്‍ കീടനാശിനി വ്യാപകമായി ഉപയോഗിക്കുന്നത്.

ഒരേ കീടനാശിനി തന്നെ പതിവായി ഉപയോഗിക്കുന്ന രീതിയാണ് തമിഴ്‌നാട്ടിലേത്. ഒരേ കീടനാശിനി തന്നെ ഉപയേഗിക്കുമ്പോള്‍ കീടങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ഇവ കൂടുതല്‍ ശക്തമായി കൃഷിയെ ആക്രമിക്കുകയും ചെയ്യും. ആതിനാല്‍ കൂടതല്‍ അളവില്‍ ഒരോ തവണയും കീടനാശിനി പ്രയോഗിക്കുകയാണിവിടെ. സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ (CIB) ഉളള കീടനാശിനികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കിലും ഇവയെക്കുറിച്ചൊന്നും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ബോധവാന്‍മാരല്ല.

 

 




MathrubhumiMatrimonial