Crime News

അന്വേഷണ സംഘത്തെ വെട്ടിച്ച് മുഖ്യപ്രതി കടന്നു

Posted on: 05 Aug 2015


കോതമംഗലം: നേര്യമംഗലം ആനവേട്ട കേസിലെ മുഖ്യപ്രതി അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നു. കുട്ടമ്പുഴ കുറ്റിയാംചാല്‍ പാലമല റെജിയാണ് അന്വേഷണ സംഘത്തെ വെട്ടിച്ച് ചൊവ്വാഴ്ച കാട്ടിലേക്ക് കടന്നത്. ഇയാള്‍ നാലാനകളെ കൊന്ന് കൊമ്പെടുത്തതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

കഴിഞ്ഞ ദിവസം പിടിയിലായ സജി കുര്യനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം റെജിയിലേക്ക് നീണ്ടത്. നാല് ദിവസമായി റെജി നിരീക്ഷണത്തിലായിരുന്നു. മണികണ്ഠന്‍ചാല്‍ വെള്ളാരംകുത്ത് ഭാഗത്ത് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. പ്രതി ഇവിടെ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പെരുമ്പാവൂര്‍ ഫ്ലൂയിങ് സ്‌ക്വാഡിനെ വെട്ടിച്ചാണ് കടന്നത്. ജീപ്പിലെത്തിയ റെജി വനപാലകരെ കണ്ട് ജീപ്പ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന സജി കുര്യന്‍ ഉള്‍പ്പെടെയുള്ള ആനവേട്ട സംഘത്തെ നയിക്കുന്നത് റെജിയാണ്.

ആനക്കൊമ്പുമായി തിരുവനന്തപുരത്ത് രണ്ട് പ്രാവശ്യം റെജിയുടെ ജീപ്പിലാണ് കൊണ്ടു പോയതെന്നും തെളിഞ്ഞിട്ടുണ്ട്. ജീപ്പ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

അതേസമയം, തുണ്ടം റെയ്ഞ്ചില്‍ നടന്ന ആനവേട്ട കേസിലെ പ്രതി കൂവപ്പാറ കടമാനം സുകു പിടിയിലായെന്ന് അഭ്യൂഹമുണ്ട്. ഇയാള്‍ അയ്ക്കരമറ്റം വാസുവിന്റെ കൂടെ മൂന്ന് പ്രാവശ്യം ആനവേട്ടയ്ക്ക് കാട്ടില്‍ പോയിട്ടുണ്ട്. വാസുവിന്റെ തോക്ക് കേടായപ്പോള്‍ സുകുവിന്റെ തോക്ക് ഉപയോഗിച്ചാണ് വാസു ആനവേട്ട നടത്തുന്നതെന്ന് എല്‍ദോസിന്റെ മൊഴിയിലുണ്ട്.
രണ്ട് മാസം മുമ്പ് ഒളിവില്‍പ്പോയ സുകു ചില രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണത്തിലാണ് കഴിയുന്നതെന്നും ആരോപണമുണ്ട്.

 

 




MathrubhumiMatrimonial