Crime News

ഐ.സ് ഭീകരനായ മലയാളി മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് ഒരുവര്‍ഷമായി വിവരമില്ല

Posted on: 05 Aug 2015


പാലക്കാട്: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്.) അംഗമാണെന്ന് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ മുന്‍ യുവ മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് ഒരുവര്‍ഷമായി വിവരമില്ലെന്ന് ബന്ധുക്കള്‍. ഖത്തറില്‍ ജോലി ചെയ്യവെ സൗദിയിലേക്കുപോയി എന്നതാണ് വീട്ടുകാര്‍ക്ക് ഒടുവില്‍ലഭിച്ച വിവരം. പുതുപ്പരിയാരം ലക്ഷംവീട് കോളനി നിവാസിയായ 24കാരന്‍ സമീപവാസികളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ഐ.എസ്.ബന്ധം ആരോപിക്കപ്പെട്ടെങ്കിലും തങ്ങള്‍ക്കറിയാവുന്ന യുവാവ് മാന്യമായി പെരുമാറുന്ന മികച്ച സൗഹൃദങ്ങള്‍ക്ക് ഉടമയായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു.

ഒരു ദിനപ്പത്രത്തിന്റെ പാലക്കാട് ബ്യൂറോയില്‍ ജേണലിസ്റ്റ് ട്രെയിനിയായി ആറുമാസത്തോളം ജോലിചെയ്ത യുവാവ് 2013ലാണ് ഖത്തറിലെത്തിയത്. അക്കൗണ്ടന്റായി പ്രവര്‍ത്തിച്ച ഇയാള്‍ വൈകുന്നേരങ്ങളില്‍ മാധ്യമപ്രവര്‍ത്തനം തുടര്‍ന്നുവെന്നാണ് വിവരം. ഇതിനിടെ പിതാവ് ജോലിചെയ്യുന്ന സൗദി അറേബ്യയിലേക്ക് പോകുന്നതായി വിവരംലഭിച്ചു. പിതാവിന്റെ സുഹൃത്ത് വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇയാളെക്കുറിച്ച് ബന്ധുക്കള്‍ക്ക് യാതൊരു വിവരവുമില്ല. പോയവര്‍ഷം സപ്തംബറിലാണ് വീട്ടിലേക്ക് അവസാനം വിളിച്ചത്. അമ്മയും രണ്ട് സഹോദരിമാരുമാണ് വീട്ടിലുള്ളത്. പിതാവ് ഏറെക്കാലമായി സൗദി അറേബ്യയില്‍ ജോലിചെയ്യുകയാണ്.

ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്.) യുവാവിന് ബന്ധമുള്ള കാര്യം എട്ടുമാസംമുമ്പ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ച്ചേര്‍ന്ന ഡി.ജി.പി. മാരുടെ ഉന്നതതല യോഗം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
നവസമൂഹ മാധ്യമത്തില്‍ക്കൂടിയാണ് ഇയാള്‍ ഈ സംഘടനയുമായി അടുത്തതും പ്രചാരകനായതും. ഇക്കാര്യമറിഞ്ഞ ചില ബന്ധുക്കള്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. തുടര്‍ന്ന്, പിതാവിന്റെ നിര്‍ദേശപ്രകാരം ഇയാള്‍ ഇവിടത്തെ ജോലി രാജിവെച്ച് ഗള്‍ഫിലേക്കുപോയി റിപ്പോര്‍ട്ടറായി കുറച്ചുകാലം പ്രവര്‍ത്തിച്ചു.

അപ്പോഴും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. അതിനിടെയാണ് വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് സിറിയയിലേക്ക് കടന്നതും ഐ.എസ്സില്‍ ചേര്‍ന്നതുമെന്നാണ് പോലീസ് വിലയിരുത്തല്‍.

ലണ്ടനില്‍ ഒരു ഐ.എസ്. പ്രവര്‍ത്തകന്‍ പിടിയിലായപ്പോഴാണ് ഇയാള്‍ ഉള്‍പ്പെടെ ചില ഇന്ത്യന്‍ ഐ.എസ്. പ്രവര്‍ത്തകരെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.

 

 




MathrubhumiMatrimonial