Crime News

മാണൂര്‍ പീഡനം: പത്തുപേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി

Posted on: 05 Aug 2015


കോട്ടയ്ക്കല്‍: പൊന്മളയ്ക്കടുത്ത് മാണൂരില്‍ മൂന്നുപെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടികളുടെ മൊഴിയെടുത്തു. ചൊവ്വാഴ്ചരാവിലെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലെത്തിയാണ് തിരൂര്‍ സി.ഐ. മുഹമ്മദ്ഹനീഫയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.

ഇതില്‍ മൂത്തപെണ്‍കുട്ടി പീഡനത്തിനിരയാണ്. പത്തുപേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ നേരത്തേ അറസ്റ്റിലായ മുഹമ്മദ്കുഞ്ഞിയാണ് ആദ്യം മൂത്തപെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കോട്ടയ്ക്കല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ വഴിയാണ് മുഹമ്മദ്കുഞ്ഞി പരിചയപ്പെടുന്നത്. പിന്നീട് വിവാഹവാഗ്ദാനംനല്‍കി പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുകയും വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് കൈമാറുകയുംചെയ്തു. പിന്നീട് ഇയാള്‍ മൂന്നുതവണ പെണ്‍കുട്ടിയെ ഗൂഡല്ലൂരില്‍ കൊണ്ടുപോയി പലര്‍ക്കായി കൈമാറിയിട്ടുണ്ട്. ഗൂഡല്ലൂരില്‍വെച്ച് ആറുപേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മൂന്നുവര്‍ഷത്തോളം പെണ്‍കുട്ടിയെ നിരവധിതവണ മുഹമ്മദ്കുഞ്ഞിയും അയാളുടെ രണ്ട് കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിച്ചിട്ടുണ്ട്.
മറ്റു പല ആവശ്യങ്ങള്‍ക്കാണെന്നുപറഞ്ഞ് വീട്ടില്‍നിന്ന് മാതാവ് അറിയാതെയാണ് മുഹമ്മദ്കുഞ്ഞിക്കൊപ്പം പോയതെന്നും ഇതിലൊന്നും മാതാവിന് യാതൊരു പങ്കുമില്ലെന്നും പെണ്‍കുട്ടി മൊഴിനല്‍കി. ഗര്‍ഭിണിയായശേഷമാണ് വീട്ടില്‍ വിവരമറിയുന്നത് എന്നും രണ്ടുവയസ്സുള്ള കുട്ടിയുടെ പിതാവ് മുഹമ്മദ്കുഞ്ഞി ആണെന്നും പെണ്‍കുട്ടി മൊഴിനല്‍കി.

മൂന്നു പെണ്‍കുട്ടികളില്‍ മൂത്തപെണ്‍കുട്ടിയെ മാത്രമേ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളൂവെന്ന് പെണ്‍കുട്ടികള്‍ മൊഴിനല്‍കി. ഇളയ രണ്ടുകുട്ടികളും പീഡനത്തിനിരയായില്ലെന്നാണ് വൈദ്യപരിശോധനയിലും വ്യക്തമായത്.

പലപ്രമുഖര്‍ക്കും പീഡനത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടേതടക്കം മൂന്നു പെണ്‍കുട്ടികളുടെയും മൊഴി മഞ്ചേരി സി.ജെ.എം. കോടതിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

പീഡനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സി.ഐ. മുഹമ്മദ് ഹനീഫ പറഞ്ഞു.

 

 




MathrubhumiMatrimonial