
കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനു കല്ലേറ്: 150പേര്‍ക്കെതിരെക്കൂടി കേസ്
Posted on: 05 Aug 2015

കോട്ടയ്ക്കല്‍: കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കി. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന എട്ടുപേരടക്കം 150 പേര്‍ക്കെതിരെക്കൂടി കേസെടുത്തു. ഇവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും കോട്ടയ്ക്കല്‍ എസ്.ഐ. പി.എസ്. മഞ്ജിത്‌ലാല്‍ പറഞ്ഞു.
മരവട്ടം പകിടപ്പുറം ലത്തീഫ് (31), കാഞ്ഞിരപ്പറമ്പന്‍ അബ്ദുള്‍ വാഹിദ്(24), ഓടായപ്പുറത്ത് മുഹമ്മദ് അഫ്‌സല്‍(19), കാടാമ്പുഴ കാട്ടുമഠത്തില്‍ മുജീബ് റഹ്മാന്‍(43) എന്നിവരെയാണ് മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
പോലീസ്സ്‌റ്റേഷനിലെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തതുള്‍പ്പെടെ ഏകദേശം 10,000രൂപയുടെ നാശനഷ്ടങ്ങള്‍ തിങ്കളാഴ്ചനടന്ന സംഭവത്തില്‍ ഉണ്ടായി. പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകീട്ട് മരവട്ടത്തെ വാടകക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം നടക്കുന്നതായുള്ള പരാതിയുമായി പരിസരവാസികള്‍ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. നാട്ടുകാരോടൊപ്പം സ്ഥലത്തെത്തിയ പോലീസുകാര്‍ നടത്തിയ പരിശോധനയില്‍ അനാശാസ്യം ശ്രദ്ധയില്‍പ്പെടാതിരിയ്ക്കുകയും ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും പുരുഷന്മാരെയും വിട്ടയ്ക്കുകയുമായിരുന്നു. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ പോലീസുകാരെ വാഹനത്തില്‍ തടഞ്ഞുവെച്ചു. ഇതിനിടയില്‍ പോലീസുമായി ഉന്തുംതള്ളുമുണ്ടായതോടെ നാട്ടുകാരില്‍ ഒരാളെ സ്ഥലത്തെത്തിയ എസ്.ഐ. കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് കസ്റ്റഡിയില്‍വെച്ചയാളെ മോചിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍പരിസരത്ത് തടിച്ചുകൂടി.
സ്റ്റേഷനില്‍ മധ്യസ്ഥചര്‍ച്ച നടക്കുന്നതിനിടെ നാട്ടുകാര്‍ സ്റ്റേഷനുനേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പോലീസ്സ്‌റ്റേഷന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ആളെ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.
സംഘര്‍ഷം നിയന്ത്രിയ്ക്കാനാകാതെവന്നപ്പോള്‍ ലാത്തിവീശി പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. തിരൂര്‍ ഡി.വൈ.എസ്.പി. അസൈനാരുടെ നേതൃത്വത്തില്‍ തിരൂര്‍, വളാഞ്ചേരി, താനൂര്‍, മലപ്പുറം എന്നീ സ്റ്റേഷനുകളില്‍നിന്ന് പോലീസെത്തിയാണ് സംഘര്‍ഷംനിയന്ത്രിച്ചത്. കേസിന്റെ അന്വേഷണച്ചുമതല കോട്ടയ്ക്കല്‍ എസ്.ഐ മഞ്ജിത്‌ലാലിനാണ്.
മരവട്ടത്തെ ക്വാര്‍ട്ടേഴ്‌സില്‍ മദ്യപിച്ച് ബഹളംവെയ്ക്കുന്നു എന്ന നാട്ടുകാരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധിയ്ക്കാന്‍ രാത്രിതന്നെ സംഭവസ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. ബഹളം ഉണ്ടായതോടെ ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ ആവശ്യപ്രകാരമാണ് അവിടെ ഉണ്ടായിരുന്ന കുടുംബങ്ങളോട് മടങ്ങിപ്പോവാന്‍ നിര്‍ദേശിച്ചത്.
