Mohanlal_Top_Banner

രാമകഥാഗാനലയം...

Posted on: 22 Sep 2009


on hallowed ground
On the banks of godavari, an epiphanic window opens onto ramayana


രാമലക്ഷ്മണന്മാരുടെയും സീതാദേവിയുടെയും കാല്പാടുകള്‍ ശേഷിക്കുന്ന പഞ്ചവടിയുടെ മണ്ണില്‍, ഗോദാവരിതീരത്തെ കാറ്റില്‍, ഇതിഹാസവും ചരിത്രവും ഇഴചേരുന്ന വഴികളില്‍ രാമായണമാസത്തില്‍ മോഹന്‍ലാലിന്റെ യാത്ര.


എന്റെ മുത്തച്ഛന്‍ ഭാഗവതം വായിക്കുമായിരുന്നു. അച്ഛന്‍ അദ്ധ്യാത്മരാമായണവും. ആരേയും കേല്‍പ്പിക്കാന്‍ വേണ്ടിയായിരുന്നില്ല രണ്ടു പേരും ഇവ വായിച്ചിരുന്നത്. ആത്മശാന്തിയ്ക്കും ആത്മസംതൃപ്തിക്കും വേണ്ടി മാത്രം. കര്‍ക്കിടമാസത്തില്‍ അച്ഛന്‍ അദ്ധ്യാത്മ രാമായണത്തിനു മുന്നില്‍ അതീവ ശാന്തനായി ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ ചൊല്ലുന്ന രാമായണ ശീലുകള്‍ എന്റെ കുട്ടിക്കാലത്തെ വലയം ചെയ്തു നിന്നിരിക്കണം. പുറത്ത് മഴ മതിവരാതെ പെയ്തു നിറയുമ്പോള്‍ വീടിന്റെ അകത്തളങ്ങളില്‍ അതിമധുരമായ കാവ്യത്തിന്റെ വരികള്‍ ഒഴുകും.

കഥയമമ കഥയമമ കഥകളദിസാദരം
കാകുല്‍സ്ഥ ലീലകള്‍ കേട്ടാല്‍ മതിവരാ...

എന്തു മനോഹരമായ അനുഭവമാണത്. മലയാളിക്കു കനിഞ്ഞു കിട്ടിയ സുകൃതം.

സിനിമയില്‍ എത്തിയതോടെ എന്റെ ജീവിതം സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കുള്ള സഞ്ചാരമായി. ഒരിടത്തും സ്ഥിരമായി ഇരുന്നില്ല. അതുകൊണ്ട് തന്നെ അച്ഛനെയോ മുത്തച്ഛനെയോ പോലെ കൃത്യമായ ജീവിതചര്യകളോ ശീലങ്ങളോ, ചിട്ടകളോ, എനിക്കുണ്ടായില്ല. ഒരിടത്തു നിന്നും ഒരിടത്തേക്കൊഴുകുമ്പോള്‍ നിയതമായ ഒരു രൂപമുണ്ടാകുക ബുദ്ധിമുട്ടാണ്.

എങ്കിലും മനസ്സില്‍ രാമായണം ഉണ്ടായിരുന്നു. രാമനും സീതയും ദശരഥനും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും രാവണനും അയോദ്ധ്യയും ലങ്കയും മാരീചനും മായാസീതയും ഹനുമാനും സേതുബന്ധനവും സരയുവും കിഷ്‌കിന്ധയും ഗോദാവരിയും നിറഞ്ഞ വിസ്മയലോകം. കഥയായും ആലോചനകളായും അവ എന്നില്‍ കറങ്ങി നടന്നു. ഷൂട്ടിങ്ങിനായി കേരളത്തിന്റെ പലയിടങ്ങളില്‍ സഞ്ചരിക്കേണ്ടി വന്നപ്പോള്‍ രാമന്റെ കാല്‍പ്പാദങ്ങള്‍ നിരവധി തവണ കണ്ടു. രാമായണവുമായി ബന്ധപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന ഗുഹകളും കുളങ്ങളും ക്ഷേത്രങ്ങളും കണ്ടു. അതിവിചിത്രമായ കഥകള്‍ കേട്ടു. രാമേശ്വരത്ത് പോയപ്പോള്‍ കടല്‍ പകുത്ത് പോകുന്ന സേതു കണ്ടു. അപ്പോഴെല്ലാം മനസ്സില്‍ സ്വയം വിസ്മയിച്ചു, അമരമായ ഈ കഥ ഒരു വലിയ ജനതയില്‍ എത്രമാത്രം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്നോര്‍ത്ത്.

അഭിനയിച്ച ചില സിനിമകളില്‍ രാമായണത്തിന്റെ വിദൂരമായ നിഴലുകള്‍ വീണിരുന്നു. 'ഭരത'ത്തിന്റെ പേരില്‍ തുടങ്ങുന്നു രാമായണബാന്ധവം. അതില്‍ രാമകഥാഗാനലയം മംഗളമായി തംബുരുവില്‍ പകരാന്‍ ശ്രുതിലയ സാഗരത്തോട് പഞ്ചാഗ്‌നി മധ്യത്തില്‍ നിന്ന് ഉരുകി പ്രാര്‍ഥിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. 'ദശരഥം' എനിക്കേറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. അങ്ങിനെ, എങ്ങിനെയൊക്കെയോ രാമായണം എന്റെ ജീവിതത്തിന്റെ പശ്ചാത്തല ശ്രുതിയായി നിന്നുപോന്നു.


രാമായണത്തിന്റെ വഴികളിലൂടെ ഒരു ദീര്‍ഘയാത്രയ്ക്കിറങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞത് ഇവയൊക്കയായിരുന്നു. പുലര്‍ച്ചെ മുംബൈയില്‍ നിന്നും രാമായണത്തിന്റെ കടല്‍ നിറഞ്ഞ മനസ്സുമായി യാത്ര തുടങ്ങുമ്പോള്‍ ഒരാളെക്കൂടി ഞാന്‍ ഓര്‍ത്തു: മലയാളത്തിന്റെ ഗന്ധര്‍വ്വനായ പത്മരാജനെ; എന്റെ പ്രിയപ്പെട്ട പപ്പേട്ടനെ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരമൊരു ഇന്ത്യായാത്രയ്ക്ക് ഞങ്ങള്‍ ഒരുങ്ങിയതായിരുന്നു. അതിന്റെ തയ്യാറെടുപ്പുകള്‍ വരെ നടത്തി. പക്ഷേ പല കാരണങ്ങളാല്‍ അത് മുടങ്ങി. എനിക്ക് കൂട്ടു വരാന്‍ കാത്തു നില്‍ക്കാതെ പപ്പേട്ടന്‍ നേരത്തെ പോയി. പക്ഷേ തനിച്ചാണെങ്കിലും എന്റെയുള്ളില്‍ അദ്ദേഹമുണ്ട്.

സൂര്യന്‍ ഉയര്‍ന്ന് വെളിച്ചം വീണ് തുടങ്ങുമ്പോഴേക്കും വഴിക്കിരുവശവും മറാത്താ ഗ്രാമങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അതിരാവിലെ ഉണര്‍ന്ന് അധ്വാനത്തിന്‍േറയും അതിലളിതമായ ജീവിതത്തിന്റെയും ലോകത്തിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍. കാലത്തിന്റെ മാറ്റത്തില്‍ അവ ചെറിയ ചെറിയ അങ്ങാടികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതു പോലെ തോന്നി. മുംബൈ അതിന്റെ നീരാളികൈകള്‍ നീട്ടി അവയേയും തന്നിലേക്ക് വലിച്ചൊതുക്കാന്‍ ശ്രമിക്കും പോലെ. എന്റെ ഡ്രൈവര്‍ മലയാളിയായിരുന്നു. പ്രകാശ്. പത്തനംതിട്ട സ്വദേശി. എന്റെ നാട്ടുകാരന്‍. പത്തു വര്‍ഷം മുമ്പ് മുംബൈയില്‍ വന്ന് ജീവിതം തുടങ്ങിയ ആള്‍. പ്രകാശിന് വഴി നല്ല പരിചയമാണ്. കാഴ്ചകളും.
സമതലങ്ങളില്‍ നിന്ന് പെട്ടെന്ന് ഞങ്ങള്‍ കുന്നുകളുടെ വഴികളിലേക്കു കയറി. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ അറ്റം. വളഞ്ഞു പുളഞ്ഞു കയറി പോകുന്ന വഴികള്‍ അല്‍പ്പം കഠിനമാണ്. അവ എവിടെയൊക്കെയോ വയനാട് ചുരത്തെ ഓര്‍മ്മിപ്പിക്കുന്നു. തട്ടുകളില്‍ നിന്ന് താഴേക്കു നോക്കുമ്പോള്‍ ഡെക്കാണിന്റെ വിശാലമായ സമതലം. മനുഷ്യ പ്രയത്‌നത്തിന്റെയും ഭാവനയുടെയും സാക്ഷ്യമായി മലയെ തുരന്നു പോകുന്ന തീവണ്ടിത്താരകള്‍ ഇടക്കിടെ കാണാം. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയതാണ് എന്ന് അവയുടെ നിര്‍മ്മിതിയില്‍ നിന്ന് വ്യക്തം.
പഞ്ചാബിധാബകളും വഴിയോര റസ്‌റ്റോറന്‍റുകളുമാണ് ഭക്ഷണത്തിന് ആശ്രയം. പഞ്ചവടിയിലേക്കും ഷിര്‍ദിയിലേക്കും നീളുന്ന തീര്‍ഥാടന പാതയിലെ ഭക്തരെയാണ് ഈ ഭോജനശാലകള്‍ കണ്ണുവെക്കുന്നത്. എല്ലായിടത്തും നല്ല തിരക്കാണ്. ഷിര്‍ദ്ദിസ്മൃതിയില്‍ 'ബാബാ കാ ധാബ' എന്ന് പേരിട്ട ഒരിടത്താണ് പ്രാതലിനിറങ്ങിയത്. തീര്‍ഥാടന പാതകളിലെ ഭോജന ശാലകളിലിരുന്നാല്‍ ഇന്ത്യയെന്ന വിസ്മയത്തെ നേരിട്ട് അനുഭവിക്കാം എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലദേശക്കാരായ സ്ത്രീകളും കുട്ടികളും വൃദ്ധരും ജടാധാരികളായ സംന്യാസിമാരും നിസംഗരായ സൂഫികളും ഫക്കീര്‍മാരും എല്ലാം അവിടെ ഉണ്ടായിരുന്നു. പോയി വരുന്നവരുടെ മുഖത്ത് ആധികളും ദു:ഖങ്ങളുമെല്ലാം പറഞ്ഞു തോര്‍ന്നതിന്റെ സംതൃപ്തി; പോകുന്നവരില്‍ തിരക്കിനെക്കുറിച്ചും ദര്‍ശനസാധ്യതകളെ ക്കുറിച്ചുമുള്ള ആശങ്കകള്‍. അവ കണ്ടിരിക്കുന്നതു തന്നെ ഒരു രസമാണ്. എന്നെ ആരും തിരിച്ചറിഞ്ഞില്ല എന്നത് വലിയ അനുഗ്രഹമായി. ആള്‍ക്കൂട്ടത്തില്‍ ഒരാളായി അലിഞ്ഞ്, അലഞ്ഞു നടക്കാന്‍ എത്ര കാലമായി ഞാന്‍ മോഹിക്കുന്നു.



നാസിക്കാണ് യാത്രയുടെ ലക്ഷ്യം. അവിടെയാണ് പഞ്ചവടി. രാമായണത്തിലെ കേന്ദ്രസ്ഥാനം. ഒരുപാട് സവിശേഷതകളുള്ള ചരിത്ര നഗരം.
പല ആകൃതിയിലും വലിപ്പത്തിലുമുള്ള കുന്നുകളുടെ ഇടയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഇരു വശവും ഏറെ ഫലഭൂയിഷ്ഠമാണ്. എങ്ങും കൃഷിയുടെ തുടിപ്പുകള്‍. ഒപ്പം വ്യവസായശാലകളും.

തീര്‍ഥഘട്ടങ്ങളിലേക്കുള്ള യാത്രയുടെ അടയാള സൂചികളാണ് അവധൂതന്‍മാര്‍. ഘാട്ട് അടുക്കുന്തോറും കാഷായധാരികളേയും ജടാധാരികളേയും കണ്ടു തുടങ്ങും. മിക്കവാറും ഒറ്റയ്ക്ക് നടക്കുന്നവര്‍. തിളച്ചു തുടങ്ങിയ വെയിലില്‍ ആളുന്ന തീനാളം പോലെ അവര്‍ ആടിയാടി നടന്നു പോവുന്നതു കണ്ടു. നടന്ന് നടന്ന് തേഞ്ഞ അവരുടെ കാല്‍പ്പാദങ്ങള്‍, അഗ്രം ചതഞ്ഞ ഊന്നുവടികള്‍. വിരക്തി നിറഞ്ഞ കണ്ണുകള്‍. എന്തായിരിക്കാം അവരുടെ മനസ്സില്‍? എപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്.



പത്തു മണിയോടെ ഞങ്ങള്‍ നാസിക്കില്‍ എത്തി. കാല്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ കാലത്തിന്റെ കടലിരമ്പുന്നു. നാസിക്കില്‍ എന്നെക്കാത്ത് മലയാളികളായ ചില സുഹൃത്തുക്കള്‍ കാത്തു നിന്നിരുന്നു. പട്ടാമ്പി സ്വദേശിയായ രവി, ഉത്തമന്‍,സോമന്‍, മോഹന്‍ സി.നായര്‍, ഗോപന്‍ എന്നിവര്‍. പാണ്ഡവലേനി ഗുഹകള്‍ക്കു താഴെവെച്ച് അവര്‍ എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചു. അപരിചിത ദേശത്ത് മലയാളിയുടെ മുഖം കാണുന്നത് ഒരേ സമയം സന്തോഷവും ആശ്വാസകരവുമാണ്. എന്നെ കാണുന്നതില്‍ അവര്‍ക്കുള്ളതിനേക്കാള്‍ സന്തോഷം എനിക്കവരെ കാണുന്നതിലുണ്ട്. അവര്‍ എനിക്ക് പഞ്ചവടിയിലേക്കുള്ള വഴികാണിച്ചു.

പുരാതന കാലവും പുതിയ കാലവും കലര്‍ന്നു കിടക്കുന്ന നഗരമാണ് നാസിക്. നഗര കേന്ദ്രത്തില്‍ നിന്നും പഞ്ചവടിയിലേക്ക് പോകുമ്പോള്‍ തെരുവുകളുടെയും കെട്ടിടങ്ങളുടെയും രൂപം ഇടക്കിടെ മാറും. നാം മുന്നോട്ടു പോവുമ്പോള്‍ തന്നെ, കാലം നൂറ്റാണ്ടുകള്‍ക്കു പിറകിലേക്ക് പായും. എവിടെയൊക്കെയോ കാശിയുടെ ഓര്‍മ്മ. വഴിയുടെ അങ്ങേയറ്റത്ത് ഗോദാവരീതീരം. അവിടെ പഞ്ചവടി. രാമകുണ്ഡ് ഘാട്ട്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ കുംഭമേള കൊഴുക്കുന്ന തട്ടകം.

ഇതിഹാസകാലത്തിന്റെ ഓര്‍മ്മകളില്‍ പഞ്ചവടി കൊടുംകാടായിരുന്നു. 'എപ്പോഴും പൂത്ത കാടാണിത്' എന്ന് വാത്മീകി. ഇവിടെയാണ് രാമനും ലക്ഷ്മണനും സീതയും വനവാസകാലം കഴിച്ചുകൂട്ടിയത്. രാമലക്ഷ്മണന്‍മാര്‍ ദശരഥന് ശ്രാദ്ധമൂട്ടിയതും ഇവിടെ തന്നെ. രാവണന്‍ മാരീചനെ മാനായി മുന്നില്‍ നിര്‍ത്തി സീതയെ കട്ടുകൊണ്ടു പോയതും ഇവിടെവെച്ച് തന്നെ. എങ്ങും രാമമയം, രാമായണമയം.
അഗസ്ത്യനാണ് രാമലക്ഷ്മണന്‍മാരെ പഞ്ചവടിയിലേക്കയക്കുന്നത്. അതിനു കാരണമായി അദ്ദേഹം പറയുന്നത് രമ്യമായ ആ വനസ്ഥാനം സീതയ്ക്കു രസിക്കും എന്നാണ്. ഗോദാവരിയുടെ തീരത്തായുള്ള ഈ സ്ഥലം ഏറെ കായ്കനികളുള്ളതും നാനാ പക്ഷിഗണങ്ങളുള്ളതും രമണീയവും ജനശൂന്യവുമാണ് എന്നും വാത്മീകി അഗസ്ത്യ മഹര്‍ഷിയെ കൊണ്ട് പറയിപ്പിക്കുന്നു.



എന്നാല്‍ ഇന്ന് ഞാന്‍ നില്‍ക്കുന്ന പഞ്ചവടിയിലെ ഈ ഘാട്ട് ജനബഹുലമാണ്. രാമകുണ്ഡ് എന്നാണ് ഈ ഘാട്ടിന്റെ പേര്. ചുറ്റും തീര്‍ഥസ്‌നാനത്തിന്റെ തിരക്ക്, മന്ത്രോച്ചാരണങ്ങള്‍. പുരോഹിതരുടെ ബഹളങ്ങള്‍. മണിനാദങ്ങള്‍, രാമജപഘോഷങ്ങള്‍. ഘാട്ടിലിറങ്ങി കൈകാല്‍ മുഖം കഴുകി തൊട്ടടുത്തുള്ള കൊച്ചു ക്ഷേത്രത്തില്‍ കൈയിലൊരു നാളികേരവുമായി ഞാന്‍ കണ്ണടച്ചു നിന്നു. പുരോഹിതന്‍ എന്നെയൊരു കാവി ഷാള്‍ പുതപ്പിച്ചു. കണ്ണടച്ചു നില്‍ക്കുകയാണെങ്കിലും പതിവു പോലെ എനിക്കൊന്നും പ്രാര്‍ഥിക്കാനുണ്ടായിരുന്നില്ല. ഒന്നും ആവശ്യപ്പെടാനുമുണ്ടായിരുന്നില്ല. ചുറ്റുമുള്ള ആള്‍ക്കൂട്ടം എന്നെ തിരിച്ചറിഞ്ഞില്ല എന്ന ആശ്വാസത്തില്‍ ഞാനിത്തിരിയധികം നേരം ആ കോവിലിനു മുന്നില്‍ നിന്ന് കാഴ്ചകള്‍ കണ്ടു. പെട്ടെന്ന് എവിടെ നിന്നൊക്കെയോ 'കമ്പനി' 'ഷോലെ' എന്നീ പേരുകള്‍ കേട്ടു തുടങ്ങി. അവിടം വിടാന്‍ സമയമായി എന്ന അടയാളവാക്യമായിരുന്നു അത്.

പഞ്ചവടിയിലെ ഇതേ ഘാട്ടിലാണ് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കുക. കാഴ്ചകളാലും അനുഭവങ്ങളാലും സമ്പന്നമായ ദിനങ്ങളാണ് അവയെന്ന് അനുഭവസ്ഥര്‍ പറയുന്നു. വൈരാഗ്യത്തിന്റെ ഏതൊക്കെയോ അജ്ഞാത ലോകങ്ങളില്‍ നിന്ന് ശരീരമാസകലം വിഭൂതി തേച്ച് സംന്യാസിമാര്‍ ഈ തീരത്തേക്കിറങ്ങി വരും. മിക്കവരും പൂര്‍ണ്ണ നഗ്‌നരായിരിക്കും. സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്ന സംഘങ്ങള്‍ മറ്റേതോ ലോകത്തിലൂടെയെന്ന പോലെ ഘാട്ടിലേക്കൊഴുകും. ത്രിശൂലങ്ങളും തിളങ്ങുന്ന ആരതികളും കൊണ്ട് തീരം നിറയും. എല്ലാം കണ്ടും എല്ലാത്തിനേയും ഉള്‍ക്കൊണ്ടുകൊണ്ടും ഈ ഗോദാവരി. അതിനു കുറുകെ പഴയ അഹല്യാഭായി ഹോള്‍ക്കര്‍ പാലം, ഇപ്പോഴത്തെ വിക്ടോറിയ ബ്രിഡ്ജ്.



രാമകുണ്ഡിലെ ഘാട്ടില്‍ നിന്നും നടക്കാനുള്ള ദൂരമേയുള്ളൂ പഞ്ചവടിയിലെ ഏറ്റവും പ്രധാനമായ സ്ഥലത്തേക്ക്. അഞ്ച് ആല്‍മരങ്ങള്‍ അടുത്തടുത്ത് നില്‍ക്കുന്ന ഇവിടെ വെച്ചാണ് സീതയെ രാവണന്‍ കട്ടു കൊണ്ടു പോകുന്നത്. ആല്‍മരങ്ങളുടെ വലിപ്പവും അവ പന്തലിച്ചു നില്‍ക്കുന്ന രീതിയും കണ്ടാല്‍ അവയ്ക്ക് ത്രേതായുഗത്തോളം പഴക്കമുണ്ടെന്ന് തീര്‍ഥാടകന്‍ തീര്‍ച്ചയായും വിശ്വസിക്കും. തിരക്കേറിയ ഇടത്തെരുവാണെങ്കിലും ഒരു കൊച്ചു വനത്തിന്റെ വിദൂരഛായ ഈ സ്ഥലത്തിനിപ്പോഴുമുണ്ട്. തീര്‍ച്ചയായും ഒരു കാലത്ത് ഇവിടം ഒരു വനം തന്നെയായിരുന്നിരിക്കണം. ഈ വനത്തില്‍ വെച്ചു തന്നെയാണ് ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മൂക്കും മുലയും അരിഞ്ഞത്. നാസിക(മൂക്ക് ) എന്ന പദത്തില്‍ നിന്ന് നാസിക് എന്ന സ്ഥലനാമമുണ്ടായി. ഈ വടവൃക്ഷ സമുച്ചയത്തിനും തൊട്ടപ്പുറത്താണ് സീതാഗുഹ(സീതാഗുംഭ). വനവാസസമയത്ത് രാമനും സീതയും ലക്ഷ്മണനും പൂജിച്ച ശിവലിംഗം ഇവിടെ കാണാം. ആദികവിയുടെ രാമന്‍ ഈ മണ്ണില്‍ ചരിച്ച ഒരു സാധാരണ മനുഷ്യനായിരുന്നല്ലോ. വിശ്വാസങ്ങളും വ്യക്തി ദൗര്‍ബ്ബല്യങ്ങളും ആശയക്കുഴപ്പങ്ങളും ആത്മശാന്തിക്കുറവുമെല്ലാം അദ്ദേഹത്തിനുമുണ്ടായിരുന്നിരിക്കണം.



ഇതിഹാസകാലത്തിന്റെ ഓര്‍മ്മകള്‍ മന്ത്രിക്കുന്ന ആ മരച്ഛായയുടെ തണുപ്പില്‍, മുന്നിലൂടെ ഒഴുകി നീങ്ങുന്ന തീര്‍ഥാടകസംഘത്തെ കണ്ടു നില്‍ക്കുമ്പോള്‍ ഞാന്‍ രാമായണത്തിനു മുന്നില്‍ ഇരിക്കുന്ന അച്ഛനേയും കര്‍ക്കിടകമഴയ്‌ക്കൊപ്പം മലയാളി ചൊല്ലുന്ന രാമായണ ശീലുകളേയും ഒരിക്കല്‍ക്കുടി ഓര്‍ത്തു. രാമലക്ഷ്മണന്‍മാര്‍ ചരിച്ച മണ്ണില്‍ നടന്നുകൊണ്ട്, സീത ഇരുന്ന വൃക്ഷച്ഛായയില്‍ നിന്ന്‌കൊണ്ട് ഇങ്ങിനെ ഓര്‍ക്കാന്‍ സാധിക്കുന്നു എന്നത് ഒരു യാത്രികന്‍ എന്ന നിലയില്‍ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.

സീതാപഹരണ സ്ഥാനത്തിനു സമീപം തന്നെയാണ് പഞ്ചവടിയിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ കാലാറാം മന്ദിര്‍. കാലാറാം മന്ദിരത്തിന് ചുറ്റുമുള്ള തെരുവുകളിലൂടെ നടക്കുമ്പോഴാണ് നാസിക് എത്രമേല്‍ പുരാതനമാണെന്ന് നമുക്കനുഭവപ്പെടുക. പൊടിപുരണ്ട തെരുവിനിരുവശവുമായി പാതി തകര്‍ന്നമര്‍ന്ന നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടങ്ങള്‍. മരം കൊണ്ടുള്ള മട്ടുപ്പാവോടെയുള്ള കെട്ടിടങ്ങള്‍ക്ക് വാഡ (നമ്രലമ) എന്നാണ് പേര്. നാസിക്കിന്റെ പ്രത്യേകതയാണീ നിര്‍മ്മാണ രീതി. പുറമേയ്ക്ക് ചെറുതും അകത്തേയ്ക്ക് കടക്കുന്തോറും വലിയൊരു ലോകം വിടര്‍ന്നുവരുന്നവയുമായ ഇത്തരം കെട്ടിടങ്ങള്‍ പ്രശസ്തമായ എല്ലാ ക്ഷേത്രതെരുവിലും കാണാം. അലഞ്ഞു നടക്കുന്ന പശുക്കളും തനിച്ചും സംഘം ചേര്‍ന്നും വരുന്ന തീര്‍ഥാടക സംഘങ്ങളും. അവയ്ക്കിടയില്‍ കാവിപൊട്ടുപോലെ വന്നു മറയുന്ന വൈരാഗികള്‍.
തെരുവില്‍ നിന്നു പെട്ടെന്നു കയറാവുന്ന ഒരു വഴിയിലൂടെ ഞാന്‍ ക്ഷേത്രത്തിലേക്കു പ്രവേശിച്ചു. ചുറ്റു മതിലിനും വിശാലമായ തുറസ്സിനും നടുവില്‍ കൃഷ്ണശിലയില്‍ തീര്‍ത്ത കോവിലാണ് കാലാറാം മന്ദിര്‍. കാലാറാം എന്നാല്‍ കറുത്തരാമന്‍ എന്നര്‍ഥം. വനവാസ കാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും താമസിച്ചിരുന്ന അതേ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ കൃഷ്ണശില മുഴുവന്‍ രാംജേഷ് എന്ന പര്‍വ്വതത്തില്‍ നിന്നും അടര്‍ത്തിക്കൊണ്ടു വന്നതാണ്. ക്ഷേത്രത്തിലേക്കു പ്രവേശിക്കാന്‍ നാലു വശത്തും കൂറ്റന്‍ വാതിലുകളുണ്ട്.



ചത്വരത്തിന്റെ മധ്യത്തിലുള്ള ക്ഷേത്രത്തില്‍ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങളാണ്. അവിടെയാണ് ആരാധനയും ആരതിയുമെല്ലാം. വില കൂടിയ മിന്നുന്ന വസ്ത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് വിഗ്രഹങ്ങള്‍. പ്രസിദ്ധമായ നാസിക് സില്‍ക്കിന്റെ നാട്ടില്‍ ത്രേതായുഗ നായികാനായകന്‍മാര്‍ അങ്ങിനെ തന്നെയാണ് നില്‍ക്കേണ്ടത്.

ഉച്ചപൂജയ്ക്കു മുന്നില്‍ തൊഴുതു നില്‍ക്കുമ്പോള്‍ എന്നെ ആകര്‍ഷിച്ചത് ശ്രീകോവിലിനു മുന്നിലെ തളത്തില്‍ മുഴങ്ങിയിരുന്ന യന്ത്രമണിയാണ്. ഓട്ടുമണികള്‍ നീളത്തില്‍ തൂക്കിയിടുന്ന ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ യന്ത്രമണി വൈദ്യുതോര്‍ജത്തിന്റെ സഹായത്തോടെ നിരന്തരം മുഴങ്ങികൊണ്ടിരിക്കുന്നു. ഭക്തിയിലെ യന്ത്രവത്കരണം. ത്രേതായുഗത്തില്‍ തന്നെ പുഷ്പകവിമാനം കണ്ടു ശീലിച്ച രാമന് പക്ഷേ ഇതൊരു പുതുമയായിരിക്കില്ല.

കാലാറാം ക്ഷേത്രം ചരിത്രത്തില്‍ മഹത്തായ ഒരു സമരത്തിന്റെ സ്മൃതിത്തട്ടാണ്. മാത്രമല്ല, അതിന് കേരളവുമായി ശക്തമായ ബന്ധവുമുണ്ട്. 1930-32 വര്‍ഷങ്ങളില്‍ ഡോ:അംബേദ്കര്‍ പ്രസിദ്ധമായ നാസിക് സത്യാഗ്രഹം നടത്തിയത് ഈ ക്ഷേത്രത്തിനു മുന്നിലാണ്. ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനത്തിനു വേണ്ടി നടത്തിയ ഈ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നതാകട്ടെ ഗുരുവായൂര്‍ സത്യാഗ്രഹവും. ബ്രിട്ടീഷ് ഗവണ്‍മെന്‍റിനോടും യാഥാസ്ഥിതിക വര്‍ഗ്ഗത്തിനോടും ഒരേ പോലെയാണ് അദ്ദേഹം പോരാടിയത്. ജാതീയമായ പ്രശ്‌നങ്ങള്‍ നമ്മുടെ നാട്ടിലേതിനേക്കാള്‍ രൂക്ഷമായ ഉത്തരേന്ത്യയില്‍ ആ ധീരന്‍ നടത്തിയ പോരാട്ടം ഒരു പക്ഷേ നമ്മുടേതിനേക്കാള്‍ തീവ്രമായിരുന്നിരിക്കും. അങ്ങിനെ പഞ്ചവടി ഒരേ സമയം ഇതിഹാസത്തിന്‍േറയും ചരിത്രത്തിന്‍േറയും ഭാഗമായി.



സൂര്യവംശജന്‍ തന്റെ ജീവിതത്തിലെ കഷ്ടകാണ്ഡങ്ങള്‍ കഴിച്ചുകൂട്ടിയ മണ്ണില്‍ നിന്നും മടങ്ങുമ്പോഴും ഉച്ചയായിരുന്നു. അപ്പോഴും ഗോദാവരിയില്‍ അപരിചിത തീര്‍ഥാടകര്‍ സ്‌നാനം തുടരുന്നു. ഘാട്ടുകളിലും ക്ഷേത്രങ്ങളിലും മണ്ഡപങ്ങളിലും മന്ത്രോച്ചാരണങ്ങള്‍ നിലച്ചിട്ടില്ല. സംന്യാസിമാരും ഭിക്ഷാംദേഹികളും വഴിവാണിഭക്കാരും ഒരു പോലെ കലര്‍ന്ന് ലക്ഷ്യമില്ലാതെ അലയുന്നു. രാമായണം എന്ന സ്വര്‍ണ്ണനൂല്‍ എത്ര വിസ്മയകരമാം വിധത്തിലാണ് ഈ മഹാജനതയുടെ ആത്മാവിലൂടെ കടന്ന് പോകുന്നത് എന്നോര്‍ത്ത് ഞാന്‍ ഒരിക്കല്‍ക്കൂടി അത്ഭുതപ്പെട്ടു പോയി. രാമന്‍ നടന്ന ഈ വഴി തേടി വന്ന്, ഇതിഹാസഭൂമിയെ മറ്റൊരു യുഗത്തിന്റെ ഇങ്ങേയറ്റത്തു നിന്നെങ്ങിലും തൊടാന്‍ സാധിച്ചത് എന്റെ നിയോഗമാവാം. പഞ്ചവടി വിടും മുമ്പ് നാട്ടില്‍ നിന്നും ഒരു സുഹൃത്തിന്റെ ഫോണ്‍ വന്നു: 'ഇവിടെ മഴ തുടങ്ങിയിരിക്കുന്നു.' വീടുകളിലും മനസ്സുകളിലും രാമകഥ പെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രം.



MathrubhumiMatrimonial