Crime News

ചന്ദനക്കടത്ത് സംഘത്തിലെ ഒരാള്‍ പിടിയില്‍; മൂന്നുപേര്‍ രക്ഷപ്പെട്ടു

Posted on: 03 Aug 2015


മറയൂര്‍: മറയൂര്‍ ചന്ദനക്കാടുകളില്‍നിന്ന് ചന്ദനം മുറിച്ചുകടത്താന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ചന്ദനലോബിയിലെ ഒരാളെ വനപാലകര്‍ പിടികൂടി. മൂന്നുപേര്‍ രക്ഷപ്പെട്ടു. പിടികൂടിയ മോഷ്ടാവിന്റെ ആക്രമണത്തില്‍ രണ്ടു വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാച്ചിവയല്‍ ചന്ദന റിസര്‍വില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
തമിഴ്‌നാട് തിരുവണ്ണാമല ചെങ്കം കുരിയത്തൂര്‍ സ്വദേശി രാജേന്ദ്രനെയാണ് (37) പിടികൂടിയത്. രാജേന്ദ്രനെ പിടികൂടുന്ന സമയത്ത് ഉണ്ടായ ആക്രമണത്തില്‍ പൊന്‍രാജ്, ധര്‍മ്മരാജ് എന്നീ വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. പൊന്‍രാജിന്റെ കൈക്ക് പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് ഉടുമലൈ ബോഡിപാളയം ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ധര്‍മ്മരാജിനെ മറയൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്ന് നിരവധി തവണ ചന്ദനം കടത്തിവന്ന സംഘത്തിലെ അംഗമാണ് രാജേന്ദ്രന്‍. തലച്ചുമടായി ഇവര്‍ കേരി-തമിഴ്‌നാട് വനാതിര്‍ത്തിയില്‍ എത്തിക്കുകയാണ് പതിവ്. നിരവധി തവണ ഇവര്‍ ചന്ദനം കടത്തിയിട്ടുണ്ടെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഓടിരക്ഷപ്പെട്ട മൂന്നുപേര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

 

 




MathrubhumiMatrimonial