Crime News

അമ്മയും മൂന്ന് പെണ്‍മക്കളും വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

Posted on: 03 Aug 2015


എകരൂല്‍ (കോഴിക്കോട്): വീട്ടമ്മയും മൂന്ന് ചെറിയ പെണ്‍മക്കളും വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കാണപ്പെട്ടു. എകരൂല്‍ വള്ള്യോത്ത് തുടിയങ്ങില്‍ ശിഹാബിന്റെ ഭാര്യ നസീല (30), പള്ളിയോത്ത് പി.ടി.എം. യു.പി. സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഹന്ന ഫാത്തിമ (11), ഇരട്ടക്കുട്ടികളും അങ്കണവാടി വിദ്യാര്‍ഥിനികളുമായ തഷ്വ, നഷ്വ (മൂന്നര) എന്നിവരാണ് മരിച്ചത്. നസീലയുടെ ഭര്‍ത്താവ് എലത്തൂര്‍ സ്വദേശി ശിഹാബ് കുവൈത്തില്‍നിന്ന് നാട്ടിലെത്തിയിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. നാലുദിവസംമുമ്പ് ബിസിനസ് ആവശ്യാര്‍ഥം ന്യൂഡല്‍ഹിയിലേക്ക് പോയതിനാല്‍ ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ശനിയാഴ്ച അര്‍ധരാത്രി 12 മണിക്ക് നസീല ഭര്‍ത്താവിന്റെ എലത്തൂരിലെ കുടുംബവീട്ടിലേക്ക് ഫോണ്‍ചെയ്ത്, കുട്ടികള്‍ക്ക് സുഖമില്ലെന്നും അവരെ കൊണ്ടുപോകണമെന്നും പറഞ്ഞിരുന്നു. ഉടനെ ഭര്‍തൃസഹോദരന്‍ വള്ള്യോത്തെ ബന്ധുവീട്ടിലേക്കുവിളിച്ച് അറിയിച്ചു. ഇവര്‍ സ്ഥലത്ത് എത്തുമ്പോള്‍ വീട്ടിനുള്ളില്‍നിന്ന് പുകയും തീയും ഉയരുന്നതാണ് കണ്ടത്. ഉടനെ നാട്ടുകാര്‍ ഓടിക്കൂടി വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും നാലുപേരും മരിച്ചിരുന്നു. വാതിലുകളും ജനലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തീപടര്‍ന്നതോടെ ഓടും ജനല്‍ച്ചില്ലുകളും പൊട്ടിത്തെറിച്ചു.മുണ്ടോത്ത് നാറാത്ത് തെക്കേ പുല്ലാക്കണ്ടി പുതിയേടത്ത് പരേതനായ മമ്മത്കോയയുടെയും കുഞ്ഞായിശയുടെയും മകളാണ് നസീല. സഹോദരങ്ങള്‍: നഫീസ, സുബൈദ, ഷറീഫ, സുഹറ, ലൈല, നജ്മ, ഷാജി.താമരശ്ശേരി ഡിവൈ.എസ്.പി. ആര്‍. ശ്രീകുമാര്‍, ബാലുശ്ശേരി സി.ഐ. കെ.കെ. വിനോദന്‍, എസ്.ഐ. യൂസഫ് നടത്തറമ്മല്‍ എന്നിവരും നരിക്കുനിയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

 

 




MathrubhumiMatrimonial