Crime News

മൂന്നാറിനു സമീപം മൂന്നു കാട്ടുപോത്തുകളുടെ ജഡം കണ്ടെത്തി

Posted on: 01 Aug 2015


മൂന്നാര്‍: കുണ്ടളയ്ക്ക് സമീപം വീണ്ടും കാട്ടുപോത്തുകളുടെ ജഡം കണ്ടെത്തി. കുണ്ടള തീര്‍ത്ഥമലക്ക് സമീപമാണ് വ്യാഴാഴ്ച മൂന്നു കാട്ടുപോത്തുകളുടെ ജഡം കണ്ടെത്തിയത്. മൂന്നു ദിവസം മുന്‍പ് ഇവിടെനിന്ന് രണ്ടു കിലോമീറ്റര്‍ ദൂരത്തായി മറ്റൊരു കാട്ടുപോത്തിന്റെ ജഡവും അഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു. 12, 10, 4, 5 എന്നീ പ്രായത്തിലുള്ള കാട്ടുപോത്തുകളാണ് ചത്തത്. വനപാലകസംഘത്തിലെ ഡോക്ടര്‍മാര്‍ ഇവയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. അസ്വാഭാവികമായാണ് ഇവ ചത്തതെന്നും ആന്തരാവയവങ്ങള്‍ എറണാകുളത്തെ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയക്കുമെന്നും സ്ഥലത്തെത്തിയ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(ഹൈറേഞ്ച് സര്‍ക്കിള്‍) ജസ്റ്റിന്‍ മോഹന്‍ പറഞ്ഞു. 100ഓളം വനപാലകരുടെ നേതൃത്വത്തില്‍ മേഖലയില്‍ വെള്ളിയാഴ്ച പരിശോധന നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്തിയില്ല. കേസെടുത്തതായും പരിശോധനാഫലം വരുന്നമുറയ്ക്ക് തുടരന്വേഷണം നടത്തുമെന്നും മൂന്നാര്‍ ഡി.എഫ്.ഒ. കെ.ആര്‍.സാബു പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് എത്തിയ പതോളജി എക്‌സ്പര്‍ട്ട് ഡോ. നന്ദകുമാര്‍, തേക്കടി വനം വകുപ്പ് റസക്യൂ ടീമംഗമായ ഡോ. ഫിജി ഫ്രാന്‍സിസ്, കോന്നിയില്‍ നിന്ന് എത്തിയ വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ജഡങ്ങള്‍ മറവ് ചെയ്തു.

 

 




MathrubhumiMatrimonial