Crime News

ജയിലില്‍ നിന്ന് സരിത വിളിച്ചതായി പ്രദീപ് കുമാറിന്റെ മൊഴി

Posted on: 01 Aug 2015


കൊച്ചി: പത്തനംതിട്ട ജയിലില്‍ നിന്ന് രണ്ട് തവണ സരിത എസ്. നായര്‍ തന്നെ മൊബൈലില്‍ വിളിച്ചിരുന്നുവെന്ന് മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബി. പ്രദീപ് കുമാറിന്റെ മൊഴി.

സോളാര്‍ തട്ടിപ്പ് കേസില്‍ രക്ഷപ്പെടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് സരിത വിളിച്ചതെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷനു മുന്നില്‍ പ്രദീപ് കുമാര്‍ മൊഴി നല്‍കി.

ഗണേഷ് കുമാര്‍ എം.എല്‍.എ. ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ സോളാര്‍പാനല്‍ സ്ഥാപിച്ചതു മുതലാണ് ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിതയെ പരിചയപ്പെടുന്നത്. അതിനുമുമ്പ് പത്തനാപുരത്ത് കേരള കോണ്‍ഗ്രസ് - ബിയുടെ ഓഫീസില്‍ ഇവര്‍ രണ്ട് തവണ വന്നുകണ്ടിരുന്നു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് സഹായിക്കാനാവശ്യപ്പെട്ടാണ് വന്നത്. ആര്‍. ബാലകൃഷ്ണ പിള്ളയുടെ കൊട്ടാരക്കരയിലെ വീട്ടില്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.

സരിത പെരുമ്പാവൂരില്‍ അറസ്റ്റിലായ സമയത്ത് താന്‍ ഒരു വക്കീലിനെ കാണാന്‍ എറണാകുളത്തെത്തിയപ്പോള്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് സരിത പറഞ്ഞിട്ട് വിളിക്കുകയാണെന്നും അത്യാവശ്യമായി കാണണമെന്നും പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞ് താനും ഫെനിയും പത്തനംതിട്ട ജയില്‍ പരിസരത്തെത്തി. ഫെനി ജയിലില്‍ പോയി തിരിച്ചുവന്ന ശേഷം സരിത തന്നതാണെന്നു പറഞ്ഞ് നാല്പതോളം പേജ് വരുന്ന ഒരു കത്ത് തന്നുവെന്നും പ്രദീപ് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

 




MathrubhumiMatrimonial