Crime News

വനംവകുപ്പില്‍ പ്രത്യേക ക്രൈം ബ്യൂറോ വരുന്നു

Posted on: 31 Jul 2015


തിരുവനന്തപുരം: വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വേഗത്തിലാക്കാന്‍ വനംവകുപ്പില്‍ പ്രത്യേക ക്രൈം ബ്യൂറോ രൂപവത്കരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തി ആദ്യം സംസ്ഥാനതലത്തിലും പിന്നീട് പ്രാദേശികതലത്തിലും ഉണ്ടാക്കുന്ന ബ്യൂറോയുടെ ചട്ടക്കൂട് വരുംദിവസങ്ങളില്‍ തീരുമാനിക്കും.
ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വനാതിര്‍ത്തികളില്‍ കടന്നുകയറ്റം തടയാന്‍ ക്യാമ്പുകളും കാമറാ നിരീക്ഷണ സംവിധാനങ്ങളുമൊരുക്കും. 300 വാക്കി ടോക്കികള്‍ വാങ്ങും. സൈബര്‍സെല്‍ രൂപവത്കരിക്കും. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കും.
ആനക്കൊമ്പ് കള്ളക്കടത്തും ആനവേട്ടയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കേസുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംവിധാനം ശക്തിപ്പെടുത്തുന്നത്. ആനവേട്ട കേസില്‍ ഇതുവരെ 31 പേര്‍ അറസ്റ്റിലായി. എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു-മന്ത്രി പറഞ്ഞു.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ്) എസ്.സി. ജോഷിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial