Crime News

ജയാനന്ദയുടെ കൊലപാതകം: ഭാര്യയും കാമുകനുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

Posted on: 31 Jul 2015



സുള്ള്യ:
ഭര്‍ത്താവിനെ കഴുത്തുഞെരിച്ചുകൊന്ന് കാട്ടില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും കാമുകനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. സുള്ള്യ കക്ക്യാനയിലെ ജയാനന്ദയാണ്(53) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ലീല, ലീലയുടെ കാമുകന്‍ ധനഞ്ജയന്‍, സുഹൃത്തുക്കളായ ചന്ദ്രകാന്ത്, ദിനേശ്, ചിന്തന്‍ എന്നിവരെയാണ് സുള്ള്യ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ജൂലായ് 14-നാണ് ജയാനന്ദയെ കാണാതാകുന്നത്. ജ്യോത്സ്യനെ കാണാന്‍പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നുകാണിച്ച് ഭാര്യ ലീല പോലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തിനിടയില്‍ ജയാനന്ദയുടെ ബൈക്ക് നെട്ടാറില്‍ കണ്ടെത്തി. ലീലയും കാമുകന്‍ ധനഞ്ജയനും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് ഇതിനിടെ പോലീസിന് വിവരം ലഭിച്ചു. ഇതാവാം കൊലയ്ക്ക് കാരണമെന്ന സംശയത്തില്‍ ധനഞ്ജയനെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.

പോലീസ് പറയുന്നതിങ്ങനെ: ലീലയും ധനഞ്ജയനും തമ്മിലുള്ള ബന്ധത്തെ ജയാനന്ദ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ മെയ് 17-നും ജയാനന്ദയ്ക്കുനേരെ വധശ്രമമുണ്ടായി. ജയാനന്ദയുടെ ബൈക്കില്‍ ധനഞ്ജയന്‍ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പലപ്പോഴായി ധനഞ്ജയന്‍ കൊലപാതകം ആസൂത്രണം ചെയ്തിരുന്നെങ്കിലും അവസരം കിട്ടിയിരുന്നില്ല. അതിനുശേഷം ഭയന്നുപോയ ജയാനന്ദ മാനസികമായി തളര്‍ന്നതിനാല്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ജ്യോത്സ്യനെക്കണ്ടാല്‍ എല്ലാം ശരിയാകുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യ ലീലയാണ് ബൈക്കില്‍ പുറത്തേക്കയച്ചത്.

ഈ വിവരം കൊലയാളിസംഘത്തെ അറിയിച്ചതും ലീലയാണ്. യാത്രാമധ്യേ ബൈക്ക് തടഞ്ഞുനിര്‍ത്തി ധനഞ്ജയനും കൂട്ടരും ജയാനന്ദയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കഴുത്തില്‍ കയര്‍ വരിഞ്ഞുമുറുക്കിയാണ് കൊന്നത്. മൃതദേഹം പിന്നീട് പട്ടാജെയിലെ വനമേഖലയില്‍ തള്ളുകയായിരുന്നു. ബൈക്ക് നെട്ടാറില്‍ ഉപേക്ഷിച്ചു. കഴിഞ്ഞദിവസമാണ് പട്ടാജെ മീപ്പലയില്‍ അഴുകിയ നിലയില്‍ ജയാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ദക്ഷിണ കര്‍ണാടക പോലീസ് സൂപ്രണ്ട് ഡോ. ശരണപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.

 

 




MathrubhumiMatrimonial