Crime News

സിബിയുടെ മരണം: കൂടുതല്‍ അന്വേഷണം വേണമെന്ന് ജസ്റ്റിസ് കുറുപ്പ്

Posted on: 31 Jul 2015


കൊച്ചി: മരങ്ങാട്ടുപള്ളി സ്വദേശി സിബിയുടെ തലയുടെ പിന്നില്‍ കനത്ത ആഘാതത്തെത്തുടര്‍ന്ന് മുഴ എങ്ങനെ ഉണ്ടായെന്ന് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് പോലീസ് കംപ്ലയിന്റ്‌സ് അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണ കുറുപ്പ് വ്യക്തമാക്കി.
വലിയൊരു മുഴയാണ് കാണപ്പെട്ടിട്ടുള്ളത്. തലയുടെ പിന്‍ഭാഗത്തേറ്റ ആഘാതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഈ മുഴ എപ്പോള്‍ എങ്ങനെ ഉണ്ടായെന്നും അതിന് ഉത്തരവാദികള്‍ ആരാണെന്നും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. മരങ്ങാട്ടുപള്ളി പോലീസ് എസ്.ഐ. ജോര്‍ജ്കുട്ടിയെയും എട്ട് പോലീസുകാരെയും അതോറിട്ടി വ്യാഴാഴ്ച വിസ്തരിച്ചു. ചോദ്യാവലിക്ക് എല്ലാവരും മറുപടി നല്‍കിയിട്ടുണ്ട്.

സിബി റോഡില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നതായി സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. പോലീസ് ജീപ്പ് എത്തിയപ്പോള്‍ എസ്.ഐ. ജീപ്പില്‍ നിന്ന് ഇറങ്ങിയിരുന്നില്ല. കോണ്‍സ്റ്റബിള്‍മാര്‍ സിബിയെ പൊക്കി ജീപ്പിലേക്ക് ഇടുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സിബിക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിനായി സ്റ്റേഷനില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചില്ല. ഇത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. സംഭവത്തിനു ശേഷം രണ്ട് സീനിയര്‍ പോലീസ് ഓഫീസര്‍മാരുമായി സംസാരിച്ചപ്പോള്‍ പറ്റിയ വീഴ്ച അവരും സമ്മതിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.

അതേസമയം, അമല്‍ എന്ന യുവാവും സിബിയുമായി മല്പിടിത്തം ഉണ്ടായിട്ടുണ്ട്. പിറ്റേന്ന് ഡോക്ടറെ കണ്ടപ്പോള്‍ അമല്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. അമലിന്റെ താടിക്ക് ചെറിയ പരിക്കേറ്റിരുന്നു.

സിബിയുടെ മരണ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പോലീസിനെക്കുറിച്ച് പ്രതികൂലമായ ഒരു പരാമര്‍ശവും ഇപ്പോള്‍ നടത്തുന്നില്ലെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. മരണം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം വിശദമായി നടത്തേണ്ടിയിരിക്കുന്നു. സിബിയുടെ തല ശക്തമായി എവിടെയെങ്കിലും അടിച്ചതാകാം വലിയ മുഴയ്ക്ക് കാരണം. അതെങ്ങനെ സംഭവിച്ചു? പോലീസ് സ്റ്റേഷന് പുറത്തുെവച്ചോ അതോ അകത്തുവെച്ചോ? ഈ നിലയിലാണ്, ഇനിയും അന്വേഷണം ആവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

 

 




MathrubhumiMatrimonial