Crime News

സരിത ജയിലില്‍വെച്ചെഴുതിയ കത്തില്‍ മുഖ്യമന്ത്രിയുടെ പേര് ഉണ്ടായിരുന്നെന്ന് മനോജിന്റെ മൊഴി

Posted on: 31 Jul 2015


കൊച്ചി: സരിത എസ്. നായര്‍ ജയിലില്‍ വെച്ചെഴുതിയ കത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള രാഷ്ട്രീയ പ്രമുഖരെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ജനറല്‍ സെക്രട്ടറി ശരണ്യ മനോജ് എന്ന സി. മനോജ് കുമാര്‍. സരിത പത്തനംതിട്ട ജയിലില്‍ െവച്ചെഴുതിയ ഈ കത്തുതന്നെയാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ചതെന്നും മനോജ് സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷനു മുന്നില്‍ മൊഴി നല്‍കി. ഈ കത്ത് അടുത്തകാലം വരെ തന്റെ കൈയില്‍ ഉണ്ടായിരുന്നെന്നും മനോജ് കുമാര്‍ പറഞ്ഞു.

കത്ത് അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നും ഭദ്രമായി സൂക്ഷിക്കണമെന്നും പറഞ്ഞ് സരിത അഡ്വ. ഫെനി ബാലകൃഷ്ണനെയാണ് ഏല്പിച്ചത്. ഫെനി കത്ത് മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പി.എ. ബി. പ്രദീപ്കുമാറിന് നല്‍കി. പ്രദീപാണ് തന്നെ ഈ കത്ത് ഏല്പിച്ചത്. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ നിര്‍ദ്ദേശമനുസരിച്ച് താന്‍ കത്ത് പുറത്തുവിടാതെ ഭദ്രമായി സൂക്ഷിച്ചു. യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ സര്‍ക്കാറിന്റെ നിലനില്പ് തങ്ങളുടെയും ആവശ്യമായതിനാലാണ് കത്ത് പുറത്തുവിടാതിരുന്നത്.

സരിതയെ ആദ്യമായി നേരിട്ടു കാണുന്നത് അട്ടക്കുളങ്ങര ജയിലില്‍ നിന്ന് അവര്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ്. പത്തനംതിട്ട ജയിലില്‍ െവച്ച് സരിത കത്തെഴുതിയത് കോടതിയില്‍ നല്‍കുന്നതിനായാണെന്ന് അവര്‍ എവിടെയെങ്കിലും പറഞ്ഞതായി തനിക്കറിയില്ല. സരിത കോടതിയില്‍ നല്‍കിയത് നാല് പേജുവരുന്ന കത്താണെന്ന് താന്‍ മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും ശരണ്യ മനോജ് പറഞ്ഞു.

 

 




MathrubhumiMatrimonial