Crime News

നിഷാമിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവെച്ചു

Posted on: 31 Jul 2015


കൊച്ചി: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ട വിവാദ വ്യവസായി മുഹമ്മദ് നിഷാമിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവെച്ചു. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം (കാപ്പ) പ്രകാരമുള്ള കരുതല്‍ തടങ്കലിനെതിരെ നിഷാമിന്റെ സഹോദരന്‍ എ.എ. അബ്ദുള്‍ റസാക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി.കെ. മോഹനനും ജസ്റ്റിസ് ആര്‍. വിജയരാഘവനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ബെംഗളൂരുവിലേതുള്‍പ്പെടെ ഒമ്പത് കേസുകളിലുള്‍പ്പെട്ട നിഷാമിന്‍റെ കരുതല്‍ തടങ്കല്‍ നിയമാനുസൃതമാണെന്നും സമൂഹത്തിലെ പൊതു സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും സര്‍ക്കാറിനു വേണ്ടി പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. ആസഫലിയുടെ വാദം കോടതി അംഗീകരിച്ചു. ഏറ്റവുമൊടുവില്‍ കോളനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം മര്‍ദിച്ചവശനാക്കി. ആസ്പത്രിയില്‍ ചന്ദ്രബോസ് മരിക്കുകയും ചെയ്തു. ഈ സംഭവം ജനങ്ങളെ ഞെട്ടിച്ചു.

പല കേസുകളില്‍ നിന്നും പണവും സ്വാധീനവും ഉപയോഗിച്ച് പരാതിക്കാരെ ഒതുക്കി ശിക്ഷയില്‍ നിന്ന് നിഷാം രക്ഷപ്പെട്ടിട്ടുണ്ട്. റൗഡി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു ശേഷവും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. അതേത്തുടര്‍ന്നാണ് കരുതല്‍ തടങ്കല്‍ ഉത്തരവുണ്ടായത്. അതില്‍ തെറ്റുകാണാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

നിഷാം ചെയ്ത കുറ്റങ്ങള്‍ പൊതുസമൂഹത്തെ ബാധിക്കുന്നതല്ലെന്നും സാമൂഹിക സുരക്ഷാ പ്രശ്‌നമില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. അതിനെ സര്‍ക്കാര്‍ എതിര്‍ത്തു. 2012 ജൂണില്‍ ഷംസുദ്ദീന്‍ എന്നയാളെ വീട്ടില്‍ കയറി മര്‍ദിച്ചു, പൊതു സ്ഥലത്ത് വെച്ച് വനിതാ പോലീസുദ്യോഗസ്ഥയെ കൈയേറ്റം ചെയ്തു എന്നീ കേസുകള്‍ക്കു പുറമെ 2015 ജനവരി 29-ന് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് മൃതപ്രായനാക്കി. റോഡില്‍ നിന്നാണ് ചന്ദ്രബോസിനു നേരെ ആക്രമണം തുടങ്ങിയത്.

ഇവയുള്‍പ്പെടെയുള്ള വസ്തുതകള്‍ പരിഗണിച്ചാണ് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.

2015 ജനവരി 29-ന് അറസ്റ്റിലായ നിഷാം കസ്റ്റഡിയിലിരിക്കെ കാപ്പ പ്രകാരം തടങ്കല്‍ നിര്‍ദേശിച്ചതിന് ന്യായീകരണമില്ലെന്നായിരുന്നു മറ്റൊരു വാദം. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന ആളായതിനാല്‍ ജാമ്യത്തിലിറങ്ങിയാല്‍ സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കുമെന്ന വാദം ന്യായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

 

 




MathrubhumiMatrimonial