
കത്ത് സത്യമായി; അസ്ഥികൂടം കണ്ടെത്തി
Posted on: 29 Jul 2015

കല്ലൂര്‍: 24 വര്‍ഷം മുമ്പ് കാണാതായ യുവതിയുടേതെന്നു കരുതുന്ന അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ പോലീസ് സംഘത്തിന് ലഭിച്ചു. മുട്ടിത്തടിയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നാണ് മൂന്ന് എല്ലിന്‍ കഷണങ്ങളും തലയോടിന്റെ ഭാഗങ്ങളും കണ്ടെടുത്തത്.രണ്ടാഴ്ച മുന്‍പ് പോലീസിനു ലഭിച്ച കത്തിലെ സൂചനകള്‍ പ്രകാരം നടത്തിയ പരിശോധനയില്‍ ലഭിച്ച എല്ലുകളും തലയോടിന്റെ ഭാഗങ്ങളും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം പരിശോധനയ്ക്കായി കൊണ്ടുപോയി. പരിശോധനയ്ക്കു ശേഷമേ മൃതദേഹം കാണാതായ ശാരദയുടേതാണോ എന്ന് സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.
കൊടകര കാളിയേങ്കര പ്രഭാകരന്റെ ഭാര്യ ശാരദയെ 24 വര്‍ഷം മുന്‍പ് കൊന്ന് കുഴിച്ചുമൂടിയതായി പറയുന്ന കത്താണ് പുതുക്കാട് സി.ഐ.ക്കും മുട്ടിത്തടിയിലെ രണ്ടു നാട്ടുകാര്‍ക്കും ലഭിച്ചത്. വടക്കാഞ്ചേരി സ്വദേശി പ്രഭാകരന്‍ എന്നയാളുടെ പേരിലാണ് കത്തെഴുതിയിരിക്കുന്നത്. ഇത് യഥാര്‍ത്ഥ വ്യക്തിയാണോ എന്നകാര്യം ഉറപ്പായിട്ടില്ല.
മുട്ടിത്തടി സ്വദേശി വടക്കേടത്ത് നാരായണന്‍ നായര്‍ ശാരദയെ വിളിച്ചുവരുത്തി കഴുത്തില്‍ പ്ലൂസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയെന്നും ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചുമൂടിയെന്നും കത്തില്‍ പറയുന്നു.നാലടിയോളം താഴ്ചയില്‍ മൃതദേഹം കുഴിച്ചിട്ട് മുകളില്‍ തെങ്ങ് നട്ടിരുന്നതായും കത്തില്‍ പറയുന്നുണ്ട്.
കത്ത് ലഭിച്ചതു മുതല്‍ പോലീസ് രഹസ്യമായി സംഭവങ്ങള്‍ അന്വേഷിച്ചുവരികയായിരുന്നു. കത്തില്‍ പറയുന്ന സ്ഥലവും പരിസരത്തെ വ്യക്തികളുടെ വിവരങ്ങളും കൃത്യമായതോടെ പോലീസ് അന്വേഷണം വഴിത്തിരിവിലെത്തി.തുടര്‍ന്ന് സ്ഥലപരിശോധനയ്ക്ക് ആര്‍.ഡി.ഒ.യുടെ അനുമതി തേടി. ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തിയ മുകുന്ദപുരം തഹസില്‍ദാര്‍, ഡിവൈഎസ്പി കെ.കെ. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നീക്കുകയായിരുന്നു. ഫോറന്‍സിക് സര്‍ജന്‍മാരും സംഘത്തിലുണ്ടായിരുന്നു.
കത്തില്‍ പറയുന്നപ്രകാരം നാലടി താഴ്ചയില്‍ നിന്നു തന്നെയാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ ലഭിച്ചത്. അവശേഷിക്കുന്ന ഭാഗങ്ങള്‍ കാലപ്പഴക്കം മൂലം ദ്രവിച്ചു പോയതാകാനും സാധ്യതയുണ്ട്.കൊലപാതകം നടത്തിയെന്ന് കത്തില്‍ പറയുന്ന നാരായണന്‍ നായരെക്കുറിച്ച് 17 വര്‍ഷമായി ഒരു വിവരവുമില്ല. മൃതദേഹം ശാരദയുടേതെന്നു തെളിഞ്ഞാല്‍ നാരായണന്‍ നായര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് ചാലക്കുടി ഡിവൈഎസ്പി കെ.കെ. രവീന്ദ്രന്‍ പറഞ്ഞു.
