Crime News

മോഷണപരമ്പര: രണ്ടുപേര്‍ പിടിയില്‍

Posted on: 29 Jul 2015



തലശ്ശേരി:
കേരളത്തിനകത്തും പുറത്തും നിരവധി മോഷണക്കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍. കര്‍ണാടക മടിക്കേരി എരുമാട് സ്വദേശി കന്നടിയന്റ ഹൗസില്‍ മുഹമ്മദ് ഷഫീഖ് (24), ഒറ്റപ്പാലം പിലാത്തറ പുത്തന്‍ പീടികയില്‍ ഇബ്രാഹിം എന്ന സലിം (38) എന്നിവരാണ് പിടിയിലായത്. തലശ്ശേരിയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ ആസൂത്രണംചെയ്യുന്നതിനിടെയാണ് സി.ഐ. വി.കെ.വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെ ഇവരെ പിടികൂടിയത്. വിയ്യൂര്‍ ജയിലില്‍നിന്ന് പരിചയപ്പെട്ട മുഹമ്മദ് ഷഫീഖും സലീമും പിന്നീട് സംയുക്തമായി മോഷണപരമ്പരകള്‍ നടത്തുകയായിരുന്നു.

2014-ന്റെ തുടക്കത്തില്‍ തൃശ്ശൂരിലെ വീട്ടില്‍നിന്ന് 10 പവന്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ഷഫീഖ് ജയില്‍വാസത്തിനുശേഷം ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് പുറത്തിറങ്ങിയത്. കോയമ്പത്തൂര്‍, എരുമാട്, ഒറ്റപ്പാലം, ഷോറണൂര്‍ കുറ്റിപ്പുറം, വടക്കാഞ്ചേരി, പാലക്കാട് നോര്‍ത്ത്-സൗത്ത് പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.ഷോറണൂര്‍, പാലക്കാട്, ഒറ്റപ്പാലം, മട്ടന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ സലീമിനെതിരെ കേസുകള്‍ നിലനില്ക്കുന്നുണ്ട്. പട്ടാമ്പി, കോഴിക്കോട് എന്നിവിടങ്ങളില്‍ മോഷണംനടത്തുന്നതിനിടെയാണ് ഇയാള്‍ പോലീസ് വലയിലായത്.

എസ്.ഐ. അനില്‍, എ.എസ്.ഐ. എ.കെ.വത്സന്‍, ബിജുലാല്‍, വിനോദ്, സുജേഷ് എന്നിവരും എസ്.പി.യുടെ ഷാഡോ പോലീസ് അംഗങ്ങളും പോലീസ്സംഘത്തിലുണ്ടായിരുന്നു.

 

 




MathrubhumiMatrimonial