Crime News

കഞ്ചാവ് കൃഷിക്കാരനും കൂട്ടാളികളും പിടിയില്‍

Posted on: 28 Jul 2015


മുളങ്കുന്നത്തുകാവ്: അഞ്ച് കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയിലായി. കേരളത്തിനു പുറത്ത് കഞ്ചാവ് കൃഷി നടത്തിയശേഷം ഇവിടെയെത്തിച്ച് കച്ചവടം നടത്തുന്നയാളാണ് പിടിയിലായവരില്‍ ഒരാള്‍.
വെള്ളാനിക്കോട് കല്ലൂര്‍ കുറ്റാറപ്പിള്ളി വീട്ടില്‍ ജോബി കെ. ബേബി (45)യെയാണ് കോലഴി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോലഴിക്കടുത്ത് തിരൂരില്‍വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളില്‍നിന്ന് രണ്ട് കിലോ കഞ്ചാവും വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബൈക്കും പിടികൂടി.

ബൈക്കിന്റെ വശത്തുള്ള ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചുവെച്ചിരുന്നത്. 20 വര്‍ഷമായി ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിവരുന്നുവെന്നും അന്യസംസ്ഥാനങ്ങളില്‍ കൃഷിചെയ്ത് ഇവിടെയെത്തിച്ച് വില്പന നടത്തുകയായിരുന്നു രീതിയെന്നും എക്‌സൈസ് സംഘം പറഞ്ഞു.

പലതവണ എക്‌സൈസും പോലീസും ഇയാളെ പിടികൂടിയിട്ടുണ്ടെങ്കിലും രക്ഷപ്പെടുന്നതില്‍ അതിവിദഗ്ധനാണ് ജോബി. ജോബി എത്തിച്ചുകൊടുക്കുന്ന കഞ്ചാവ് ചില്ലറവില്പനക്കാര്‍ക്ക് എത്തിച്ചിരുന്ന രണ്ടുപേരെയും കോലഴി എക്‌സൈസ് സംഘം കോലഴിപ്പാടത്തുവെച്ച് അറസ്റ്റ് ചെയ്തു.ഇവരില്‍നിന്ന് മൂന്ന് കിലോ കഞ്ചാവും ബൈക്കും പിടികൂടി.പൂച്ചട്ടി അറയ്ക്കല്‍ വീട്ടില്‍ പ്രവീണ്‍ (40), കൊഴുക്കുള്ളി ചിരിയങ്കണ്ടത്ത് ജോജു (39) എന്നിവരാണ് പിടിയിലായത്.

കോലഴി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ദേവദാസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കലാധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ശിവശങ്കരന്‍, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു.

ആന്ധ്രാപ്രദേശിലെ ആദിവാസി വനമേഖലയിലാണ് ജോബിയും സംഘവും കഞ്ചാവ് കൃഷി നടത്തിയിരുന്നത്. 20 വര്‍ഷത്തോളമായി കഞ്ചാവ് വില്പന രംഗത്തുള്ള ജോബി വെള്ളാനിക്കോട് സ്വദേശിയാണ്. വന്‍തോതില്‍ കഞ്ചാവ് കൂട്ടുകൃഷി നടത്തി കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രധാനിയാണ് പിടിയിലായ ജോബി. സംസ്ഥാനത്ത് കഞ്ചാവ് വിതരണം ചെയ്യാനായി ജോബിക്ക് നിരവധി സഹായികളുണ്ടെന്നും എക്‌സൈസ് സംഘം പറയുന്നു.

 

 




MathrubhumiMatrimonial