Crime News

ബ്രൗണ്‍ഷുഗര്‍ കടത്ത്: ഏജന്റ് ആത്മഹത്യ ചെയ്തു

Posted on: 27 Jul 2015


ഒന്നര കിലോ ബ്രൗണ്‍ഷുഗറുമായി മൂന്ന് പേര്‍ എക്‌സൈസിന് കീഴടങ്ങി


ആലുവ: കുവൈത്തിലേക്ക് പോയ ഉദ്യോഗാര്‍ത്ഥിയുടെ പക്കല്‍ കൊടുത്തുവിട്ട ഒന്നര കിലോ ബ്രൗണ്‍ഷുഗര്‍ ഉദ്യോഗാര്‍ത്ഥി നാട്ടില്‍ തന്നെ മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ് ഏജന്റ് തൂങ്ങിമരിച്ചു. ഏജന്റിന്റെ ആത്മഹത്യ തുടര്‍ന്ന് പിടിക്കപ്പെടുമെന്ന് ഉറപ്പായായപ്പോള്‍ ഉദ്യോഗാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ കീഴടങ്ങി. പറവൂര്‍ വള്ളുവള്ളി നടുവിലേപ്പറമ്പില്‍ നിസാര്‍ അഹമ്മദിന്റെ മകന്‍ മുഹമ്മദ് ഹാരിസി(27)നെയാണ് ഞായറാഴ്ച പുലര്‍ച്ചെ 4.30ഓടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് വേനപ്പാറ പുതുമന വീട്ടില്‍ എബിന്‍ ജോസ് (24), ആലുവ തുരുത്ത് മംഗലശ്ശേരി വീട്ടില്‍ ഷാഫി നൗഷാദ് (21), ആലുവ തോട്ടുമുഖം പണിക്കാശ്ശേരി വീട്ടില്‍ ആബിക് (27) എന്നിവരാണ് കീഴടങ്ങിയത്. ഹാരിസ് വള്ളുവള്ളി കൊച്ചാലിലുള്ള എല്‍ജി ഗോഡൗണില്‍ സൂപ്പര്‍വൈസറായിരുന്നു.

കുവൈത്തിലേക്ക് പോയ എബിന്റെ കൈവശമാണ് ഹാരിഷ് ബ്രൗണ്‍ഷുഗര്‍ കൊടുത്ത് വിട്ടത്. കുവൈറ്റിലുള്ള ഏജന്റിന് കൈമാറാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, എബിന്‍ മറ്റു പ്രതികളോടൊപ്പം ചേര്‍ന്ന് ബ്രൗണ്‍ഷുഗര്‍ തൃശ്ശൂര്‍ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടില്‍ ബ്രൗണ്‍ഷുഗര്‍ വിറ്റാല്‍ പിടിക്കപെടുമെന്ന് അറിയാമായിരുന്ന ഹാരിഷ് ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തെക്കുറിച്ച് എക്‌സൈസ് പറയുന്നതിങ്ങനെ: വീട്ടില്‍ സംരക്ഷിക്കാന്‍ ആളില്ലാത്തതിനാല്‍ എബിന്‍ ജോസി പത്ത് വര്‍ഷത്തോളം ആലുവയിലെ അനാഥാലയത്തിലായിരുന്നു. പത്താം ക്ലൂസിന് ശേഷം സി.സി. ടി.വി. ക്യാമറയുടെ സര്‍വീസിങ്ങുമായി ബന്ധപ്പെട്ട് ജോലി ചെയ്തു തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളുമൊന്നിച്ച് നസ്രത്തിനു സമീപം വീട് വാടകയ്‌ക്കെടുത്തായിരുന്നു താമസം. ഈ സമയം കൂടെ ജോലി ചെയ്തിരുന്നവരാണ് ഷാഫിയും ആബികും. ഷാഫി മുഖേനയാണ് എബിന്‍ ഹാരിഷിനെ പരിചയപ്പെട്ടത്. 2012 മുതല്‍ രണ്ട് വര്‍ഷം വിദേശത്ത് ജോലിചെയ്തിട്ടുള്ള എബിന് വീണ്ടും വിദേശത്ത് ജോലിക്ക് പോകാന്‍ താത്പര്യമുണ്ടെന്നറിയിച്ചപ്പോള്‍ ഹാരിഷിനെ സമീപിക്കുകയായിരുന്നു. കുവൈറ്റില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുള്ള സൗജന്യ വിസയും വിമാനടിക്കറ്റുമെല്ലാം ശരിയാക്കിയെന്നാണ് അറിയിച്ചത്.

പ്രതികള്‍ക്കൊപ്പം നേരത്തെ ജോലിചെയ്തിരുന്ന കാസര്‍കോട് സ്വദേശി അബു എന്നയാള്‍ മയക്കുമരുന്ന് കേസില്‍ കുവൈത്തില്‍ ജയിലില്‍ കിടക്കുകയാണ്. അന്ന് ഹാരിഷാണ് അബുവിന്റെ കൈവശം മയക്കുമരുന്ന് കൊടുത്തുവിട്ടതെന്ന് എബിനും കൂട്ടര്‍ക്കുമറിയാം. ഇത്തരത്തില്‍ തനിക്കും താനറിയാതെ മയക്കുമരുന്ന് തന്നുവിടുമെന്നും ഇത് മറിച്ച് വില്‍ക്കാമെന്നുമായിരുന്നു എബിന്റെ കണക്കുകൂട്ടല്‍. വിസയ്ക്കും വിമാനടിക്കറ്റിനും പണം നല്‍കാത്ത സാഹചര്യത്തില്‍ പണം നഷ്ടമില്ലെന്നും ഇവര്‍ കണക്കൂട്ടി. ബെംഗ്ലൂരു വിമാനത്താവളത്തില്‍ നിന്നും ഞായറാഴ്ച വൈകീട്ടാണ് വിമാനത്തിന് ടിക്കറ്റ് ലഭിച്ചിരുന്നത്. ഇതനുസരിച്ച് ശനിയാഴ്ച വൈകീട്ട് നാലിന് ആലുവ ബൈപ്പാസില്‍ നിന്ന് സ്വകാര്യ ബസ്സിലാണ് എബിന്‍ െബംഗ്ലൂരിന് തിരിച്ചത്. നാല് മണിയോടെ ഹാരീഷിന്റെ രണ്ട് സുഹൃത്തുക്കള്‍ ബൈക്കിലെത്തിയാണ് പലഹാരങ്ങളെന്ന വ്യാജേന ബാഗ് കൈമാറിയത്. എബിന്‍ തൃശ്ശൂരില്‍ ബസ് ഇറങ്ങിയ ശേഷം കൂട്ടാളികളെ വിളിച്ചുവരുത്തി ആലുവയിലേക്ക് പോരുകയായിരുന്നു. ഇതിനിടയില്‍ ഹാരീഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. പ്രതികളെ എക്‌സൈസ് സി.ഐ. ശശികുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഹാരിസിന്റെ മാതാവ്: മറിയുമ്മ, സഹോദരി: തസ്‌നി.

 

 




MathrubhumiMatrimonial