
മാത്യു ആന്റണിക്ക് കൈത്താങ്ങായി ഇറാം ഗ്രൂപ്പ് ശസ്ത്രക്രിയാ സഹായം കൈമാറി
Posted on: 26 Jul 2015

പട്ടാമ്പി: കേരളം മുഴുവന്‍ ഏകമനസ്സായി പ്രാര്‍ഥിച്ച ചാലക്കുടിയിലെ മാത്യു ആന്റണിയുടെ ശസ്ത്രക്രിയാ ചെലവിലേക്കായി ഇറാം ഗ്രൂപ്പ് വാഗ്ദാനംചെയ്ത തുക കൈമാറി. ശനിയാഴ്ച കൊപ്പം പ്രഭാപുരം ഇറാം നഗറിലെ മറിയുമ്മ മെമ്മോറിയല്‍ പബ്ലിക് സ്‌കൂളിലെ വിജയോത്സവച്ചടങ്ങ് അതോടെ ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു.
വെള്ളിയാഴ്ച മാതൃഭൂമി ചാനലില്‍ മാത്യു ആന്റണിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ട് ഇറാം ഗ്രൂപ്പ് തലവന്‍ ഡോ. സിദ്ദിഖ് അഹമ്മദ് മാതൃഭൂമിയുമായി ബന്ധപ്പെടുകയായിരുന്നു. മാത്യുവിന്റെ ശസ്ത്രക്രിയയ്ക്ക് അടിയന്തരമായി ആറുലക്ഷംരൂപ വാഗ്ദാനംചെയ്ത അദ്ദേഹം തുടര്‍ചികിത്സയ്ക്കുള്ള സഹായംകൂടിയെത്തിക്കാന്‍ തയ്യാറാണെന്ന് മാത്യുവിന്റെ മകന്‍ അമലിനെ അറിയിച്ചിട്ടുമുണ്ട്.
ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ധീഖ് അഹമ്മദിന്റെ സാന്നിധ്യത്തില്‍ എം.ബി. രാജേഷ് എം.പി.യാണ് അമലിന് ചെക്ക് കൈമാറിയത്. മാത്യു ചികിത്സാ സഹായനിധി പ്രസിഡന്റും ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ പി.വി. ഷിബു, വൈസ്പ്രസിഡന്റ് ഷിജു വല്ലത്തുകാരന്‍,ഇറാം ഗ്രൂപ്പ് സി.ഇ.ഒ.അബ്ദുള്‍ റസാഖ്, സ്‌കൂള്‍ സെക്രട്ടറി അബ്ദുള്‍ സമദ് , മാതൃഭൂമി ചീഫ് മാനേജര്‍ പബ്ലിക് റിലേഷന്‍സ് കെ.ആര്‍. പ്രമോദ് എന്നിവരും അമലിനൊപ്പമുണ്ടായിരുന്നു.
വിശ്രമത്തിനുശേഷം മാത്യു ആന്റണിക്ക് ജോലിനല്‍കാമെന്നും ഡോ. സിദ്ധീഖ് അഹമ്മദ് വാഗ്ദാനംചെയ്തിട്ടുണ്ട്.
