
പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഇടനിലക്കാരന്‍ അറസ്റ്റില്‍
Posted on: 26 Jul 2015

മലപ്പുറം: പൊന്മളയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കാസര്‍കോട് കോട്ടൂര്‍ സ്വദേശി പുത്തന്‍പുര മുഹമ്മദ്കുഞ്ഞി (35)യാണ് പിടിയിലായത്. ഇയാള്‍ പതിനേഴുകാരിയായ കുട്ടിയെ പീഡിപ്പിക്കുകയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെ കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒളിവിലായിരുന്ന മുഹമ്മദ്കുഞ്ഞിയെ മലപ്പുറം സി.ഐ ആര്‍. അശോകന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ചെയ്തത്.
കോട്ടയ്ക്കലില്‍ ഓട്ടോഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. അമ്മയുമായി അടുപ്പംകൂടിയാണ് കുട്ടികളെ നിരവധിതവണ പീഡിപ്പിച്ചത്. പലര്‍ക്കും കാഴ്ചവെച്ച് പണമുണ്ടാക്കുകയും ചെയ്തു. ബലാത്സംഗം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് അറസ്റ്റ്. കേസില്‍ ഏഴിലധികം പേര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. അതിനിടെ, മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ വൈദ്യപരിശോധനയില്‍ രണ്ടുകുട്ടികളില്‍ പീഡനം നടന്നതായി സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തും. കേസില്‍ പ്രത്യേക ലീഗല്‍ അസിസ്റ്റന്റിനെ നിയോഗിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
