
വ്യാജ ബിരുദ റാക്കറ്റ്: സീനത്തിന്റെ ശേഖരത്തില്‍ 200 സര്‍ട്ടിഫിക്കറ്റുകള്‍
Posted on: 25 Jul 2015
ബിരുദധാരികളിലേറെയും വിദേശത്ത്

നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന റാക്കറ്റില്‍നിന്ന് വ്യാജബിരുദം നേടിയ നിരവധിപേര്‍ ഗള്‍ഫിലും മറ്റ് വിദേശരാജ്യങ്ങളിലും ജോലിനേടിയിട്ടുണ്ടെന്നും അന്വേഷണത്തിന് ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്നും ഗുരുവായൂര്‍ എസിപി ആര്‍. ജയചന്ദ്രന്‍പിള്ള, പേരാമംഗലം സിഐ പി.സി. ബിജുകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തൃശ്ശൂര്‍ പാട്ടുരായ്ക്കലിലെ റോയല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമയും കൊട്ടേക്കാട് പുളിമൂട്ടില്‍ അബ്ദുള്‍ഖാദറിന്റെ ഭാര്യയുമായ സീനത്ത് (49) ആണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായത്. സീനത്തിന്റെ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്ന കൊല്ലം മോഡേണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഉടമ കൊട്ടാരക്കര കിഴക്കേത്തെരുവ് ജയിംസ് ജോര്‍ജ്ജ് (54) വ്യാഴാഴ്ച പോലീസ് പിടിയിലായിരുന്നു.
സീനത്തില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എസിപി എം.എസ്. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് കൊല്ലം ചെമ്പാന്‍മുക്ക് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും സീലുകളും കണ്ടെടുക്കുകയും ചെയ്തു.
ഗള്‍ഫിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എംബസി അറ്റസ്റ്റേഷന്‍ ചെയ്തുകൊടുക്കുന്നു എന്ന പേരില്‍ പരസ്യം നല്‍കിയാണ് പാട്ടുരായ്ക്കലില്‍ സീനത്ത് സ്ഥാപനം നടത്തിവന്നിരുന്നത്. അറ്റസ്റ്റേഷന്‍ ചെയ്തുകൊടുക്കുന്നതിനൊപ്പം ആവശ്യക്കാര്‍ക്ക് വിദേശരാജ്യങ്ങളില്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടാക്കിക്കൊടുക്കുന്നതായി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. സൈമണ് ലഭിച്ച രഹസ്യവിവരമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെ കുടുക്കിയത്.
കുടുക്കിയത് സര്‍ട്ടിഫിക്കറ്റിനായി കരാറുറപ്പിച്ച്
വിദേശരാജ്യത്തേക്ക് പോകാന്‍ അത്യാവശ്യമായി ബിരുദ സര്‍ട്ടിഫിക്കറ്റ് തേടി നടക്കുന്ന ആവശ്യക്കാരനായി ചമഞ്ഞാണ് പോലീസ് സീനത്തിനെ കുടുക്കിയത്. ഒരുമാസത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഗള്‍ഫില്‍ ജോലിക്കയറ്റം ലഭിക്കുന്നതിന് ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്ന രീതിയില്‍ വേഷം മാറിയാണ് പോലീസ് ഇവരെ സമീപിച്ചത്. ആവശ്യക്കാരനായി എത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ആദ്യം എം.ബി.എ. ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റാണ് ആവശ്യപ്പെട്ടത്. ഇതിന് 80,000 രൂപയാണ് സീനത്ത് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. തുക കൂടിയതിനാല്‍ 50,000 രൂപയ്ക്ക് ലഭിക്കുന്ന ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റിന് കരാര്‍ ഉറപ്പിച്ചു.
പിന്നീട് സീനത്തിന്റെ നിര്‍ദ്ദേശപ്രകാരം തുകയും മറ്റ് രേഖകളുമായി ആവശ്യക്കാരന്‍ കൊട്ടേക്കാടുള്ള ഇവരുടെ വീട്ടിലെത്തി. ആവശ്യക്കാരനൊപ്പം എത്തിയ ഷാഡോ പോലീസ് അംഗങ്ങള്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനിടെ പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.
കേരള സര്‍വ്വകലാശാലാ സര്‍ട്ടിഫിക്കറ്റും
സീനത്തിന്റെ വീട്ടില്‍നിന്നും പിടികൂടിയ ബിരുദ സര്‍ട്ടിഫിക്കറ്റുകളിലേറെയും ഉത്തരേന്ത്യന്‍ സര്‍വ്വകലാശാലകളുടെ പേരിലുള്ളതാണ്. ഇതിനൊപ്പം കേരള സര്‍വ്വകലാശാലയുടെ ഒരു ബിരുദ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ആധികാരികത സംബന്ധിച്ച പരിശോധനകള്‍ നടത്തിവരുന്നതായും പോലീസ് പറഞ്ഞു. ഉത്തരേന്ത്യയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളും ഇവരുടെ ശേഖരത്തിലുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകളുടെയും ആധികാരികത സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പോലീസ് വ്യക്തമാക്കി.
സര്‍ട്ടിഫിക്കറ്റിനായി സമീപിക്കുന്ന ആളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമ, എം.ബി.എ., ബി.ടെക് കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ഉണ്ടാക്കി നല്‍കിയിരുന്നത്. വ്യാജമായി നിര്‍മ്മിച്ച് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് 50,000 രൂപ മുതല്‍ രണ്ട് ലക്ഷം വരെയാണ് ഈടാക്കിയിരുന്നത്. വ്യാജമായി തയ്യാറാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷന്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. സര്‍ട്ടിഫിക്കറ്റുകളില്‍ എംബസികളുടെ അറ്റസ്റ്റേഷന്‍ നടത്തുന്നതിന് സഹായകരമായ ഇവരുടെ ബന്ധം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പേരാമംഗലം സിഐ പി.സി. ബിജുകുമാറിന് പുറമെ വിയ്യൂര്‍ എസ്.ഐ. ഗിരിജാവല്ലഭന്‍, ഷാഡോ പോലീസ് എസ്.ഐ.മാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സീനിയര്‍ സി.പി.ഒ.മാരായ പി.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, രാജന്‍ പൗലോസ്, അനി മണിത്തോട്ടം, സി.പി.ഒ.മാരായ ടി.വി. സജീവന്‍, പി.കെ. പളനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ്, മനോജ്, അംബിക, സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.
ടെക്‌നിക്കല്‍ സര്‍വ്വകലാശാല മുതല്‍ സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ട് വരെ
സീനത്തിന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്ത സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുടെയും വൈവിധ്യവും പോലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നതായിരുന്നു. റായ്!പുരിലെ അണ്ണ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടേത് മുതല്‍ മുവാറ്റുപുഴയിലെ സ്ഥാപനമായ ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൊല്ലത്തെ മോഡേണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍, ചേര്‍ത്തലയിലെ മഹാത്മാഗാന്ധി ഫൗണ്ടേഷന്‍, അലഹബാദ് സര്‍വ്വകലാശാല, ഹരിയാണയിലെ വി.എസ്. പ്രസന്നഭാരതി സര്‍വ്വകലാശാല, രാജസ്ഥാനിലെ ജനാര്‍ദ്ദന്‍റായി നഗര്‍ വിദ്യാപീഠ് സര്‍വ്വകലാശാല, ബോധിഗയയിലെ മഗധ സര്‍വ്വകലാശാല എന്നിവയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളും ഇക്കൂട്ടത്തിലുണ്ട്.
ബിരുദധാരികള്‍ വിദേശങ്ങളില്‍
സ്ഥാപനത്തില്‍നിന്ന് വ്യാജബിരുദം നേടിയവരിലേറെയും വിദേശരാജ്യങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ ജോലി നേടിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയവരാരും ഈ സ്ഥാപനങ്ങളില്‍ പഠിച്ചിട്ടുള്ളവരല്ലെന്ന് കണ്ടെത്തിയതായി എ.സി.പി. ജയചന്ദ്രന്‍പിള്ള പറഞ്ഞു. ജോലിസംബന്ധമായി ഏറെ പരിചയമുള്ള ഇവരില്‍ പലര്‍ക്കും ഇവര്‍ പഠിച്ചിരുന്ന കാലയളവ് കണക്കാക്കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ നേടി ജോലിയില്‍ പ്രവേശിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയെ സമീപിക്കുമെന്നും പോലീസ് പറഞ്ഞു.
യോഗ്യത പ്രീഡിഗ്രി; നല്‍കുന്നത് ബിരുദാനന്തര ബിരുദം
പ്രീഡിഗ്രി പഠനം മാത്രം കൈമുതലായുള്ള സീനത്ത് പത്ത് വര്‍ഷംമുമ്പാണ് ആലപ്പുഴയില്‍നിന്ന് ഭര്‍ത്താവിനൊപ്പം തൃശ്ശൂരില്‍ താമസമാക്കിയതെന്ന് പോലീസ് പറഞ്ഞു. ആറുവര്‍ഷം മുമ്പ് ചെറിയ രീതിയില്‍ തുടങ്ങിയ സ്ഥാപനമായിരുന്നു റോയല്‍ കണ്‍സള്‍ട്ടന്‍സി. ഇടനിലക്കാര്‍ വഴി ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി തയ്യാറാക്കി നല്‍കിയതോടെ സ്ഥാപനത്തിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഇതിനിടെ എം.ബി.ബി.എസ്., നഴ്‌സിങ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നിരവധിപേര്‍ സമീപിച്ചെങ്കിലും മനുഷ്യജീവന് അപകടമുണ്ടാക്കേണ്ടെന്നു കരുതി ഇതിന് മുതിര്‍ന്നില്ലെന്ന് ചോദ്യം ചെയ്യലിനിടെ സീനത്ത് പോലീസിനോട് പറഞ്ഞു. സീനത്തിന്റെ സ്ഥാപനം അടച്ചുപൂട്ടിയതായും അവരുടെ വീട്ടില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ വിവിധ സ്ഥാപനങ്ങളില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
സീനത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
