
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചിത്രയ്ക്ക് 'സ്‌നേഹപൂര്‍വം ഒരു വീട്'
Posted on: 25 Jul 2015

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചിത്രയ്ക്ക് തിരുവനന്തപുരം അതിരൂപതയുടെ 'സ്‌നേഹപൂര്‍വം ഒരു വീട്'. ചടയമംഗലം നിയോജക മണ്ഡലത്തില്‍പ്പെട്ട വെളിനല്ലൂര്‍ വട്ടപ്പാറ ചെറുകര പുത്തന്‍ വീട്ടില്‍ ചിത്രയുടെ കൂരയുടെ ചിത്രം മുന്നാക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയെ കാണിച്ചപ്പോഴാണ് സ്‌നേഹപൂര്‍വം ഒരു വീട് പദ്ധതി പ്രകാരം വീട് നല്‍കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയത്.
തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ ജൂലായ് 28 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയാണ് സ്‌നേഹപൂര്‍വം ഒരു വീട്. ഭവനരഹിതരായ 2000 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും.
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ ചിത്ര ഇപ്പോള്‍ തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നിട്ടുണ്ട്. അച്ഛന്‍ കൂലിപ്പണിക്കാരനും അമ്മ വികലാംഗയുമാണ്. മുന്നാക്ക വികസന കോര്‍പ്പറേഷന്റെ ക്ഷേമപദ്ധതികള്‍ ചെയര്‍മാന്‍ കര്‍ദ്ദിനാളിന് വിശദീകരിച്ചുകൊടുത്തു. കോര്‍പ്പറേഷന്റെ കൈപ്പുസ്തകം പ്രയാര്‍ ഗോപാലകൃഷ്ണന്‍ കര്‍ദ്ദിനാള്‍ ക്ലീമിസിന് കൈമാറി.
