Crime News

പീഡനത്തിനിരയായ മൂന്നു സഹോദരിമാരെ മോചിപ്പിച്ചു; മാതാവ് പിടിയില്‍

Posted on: 24 Jul 2015


കോട്ടയ്ക്കല്‍: പൊന്‍മളയ്ക്കടുത്ത് മാണൂരില്‍ പീഡനത്തിനിരയായ മൂന്നു സഹോദരിമാരെ പോലീസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ചു. പീഡനത്തിന് കൂട്ടുനിന്ന മാതാവ് പിടിയിലായി. പതിനാലും പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളെയാണ് മൈസൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി പലരും പീഡിപ്പിച്ചത്. മലപ്പുറം ഷാഡോപോലീസ് നല്‍കിയ വിവരമനുസരിച്ച് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്റെ നേതൃത്വത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി വ്യാഴാഴ്ച കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. ഏജന്റുമാര്‍ വഴിയാണ് കുട്ടികളെ പലര്‍ക്കുമെത്തിച്ചത്. പണംവാങ്ങുന്നത് അമ്മയും. നേരത്തെ കോട്ടയ്ക്കലിലായിരുന്നു ഇവര്‍ താമസം. നിരവധിപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇവരെ ശിശുക്ഷേമസമിതിയ്ക്കു മുമ്പാകെ ഹാജരാക്കി നിര്‍ഭയഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ ഇല്ലെന്നാണ് വിവരം. മജിസ്േട്രറ്റിനു മുന്‍പാകെ ഹാജരാക്കി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വെള്ളിയാഴ്ച വൈദ്യപരിശോധനയും നടത്തും.

 

 




MathrubhumiMatrimonial