goodnews head

സുമിത്തിന്റെ ധീരതയില്‍ ബംഗാളി ബാലന് പുതുജന്മം

Posted on: 22 Jul 2015




കടുങ്ങല്ലൂര്‍:
വഞ്ചിയില്‍ കയറി കളിക്കുന്നതിനിടെ പെരിയാറിലെ ഒഴുക്കിലകപ്പെട്ട ബംഗാളി ബാലന് രക്ഷകനായത് വഴിയാത്രക്കാരനായ യുവാവ്. പുഴയുടെ നടുവില്‍ കിടന്ന് രക്ഷയ്ക്കായി നിലവിളിച്ച പത്തുവയസ്സുകാരനെ സ്വന്തം ജീവന്‍പോലും നോക്കാതെയാണ് യുവാവ് ഒഴുക്കിനുകുറുകെ നീന്തി രക്ഷപെടുത്തിയത്. ആലുവ കുട്ടമശ്ശേരി മനയ്ക്കക്കാട് വീട്ടില്‍ കുന്നശ്ശേരിപള്ളം സുബ്രഹ്മണ്യന്റെ മകന്‍ സുമിത്താണ് (22) സമയോചിതമായി ഇടപെടല്‍ നടത്തി ധീരത കാട്ടിയത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഉളിയന്നൂര്‍ ഏലൂക്കര പാലത്തിന് സമീപത്തായിരുന്നു സംഭവം. എ.സി. മെക്കാനിക്ക് കൂടിയായ സുമിത്ത് കടുങ്ങല്ലൂര്‍ പഞ്ചായത്ത് കവലയില്‍ ഒരു റെഡിമെയ്ഡ് കട നടത്തുന്നുണ്ട്. വൈകീട്ട് എ.സി. സര്‍വീസ് ചെയ്യുന്നതിനായി പഞ്ചായത്ത് കവലയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്നു. ഏലൂക്കര ഉളിയന്നൂര്‍ പാലം കടക്കുന്നതിനിടെ പുഴയോരത്ത് ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ബൈക്ക് നിര്‍ത്തിയത്. പുഴയിലകപ്പെട്ട ജേഷ്ഠനെ നോക്കി കരയില്‍ നിന്നും അനുജന്‍ കരയുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സുമിത്ത് പുഴക്കടവിലേക്കിറങ്ങി. അപ്പോഴേക്കും കുട്ടി കയറിയിരിക്കുന്ന വഞ്ചി കുത്തൊഴുക്കില്‍പ്പെട്ട് പാലത്തിനടിയിലൂടെ പായുകയായിരുന്നു. വസ്ത്രം പോലും മാറാതെ സുമിത്ത് പുഴയിലേക്കെടുത്ത് ചാടി. പെട്ടെന്നുതന്നെ നീന്തി വഞ്ചിയുടെ കയറില്‍ പിടിച്ചു. തിരിച്ചുനീന്തി കരയ്ക്കടുപ്പിച്ചു.

ഉളിയന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശി സഫുറുല്‍ മണ്ഡലിന്റെ മൂത്തമകന്‍ ഇദ്രീസ് മണ്ഡലാണ് അപടത്തില്‍പ്പെട്ടത്. ഏലൂക്കരയില്‍ നിന്നും ഉളിയന്നൂരിലേക്ക് പുതുതായി പണിതുകൊണ്ടിരിക്കുന്ന പാലത്തിനടുത്തായി ഉളിയന്നൂര്‍ സ്വദേശി അബ്ദുല്‍ കരീമിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതിനാല്‍ ഇദ്രീസും അനുജന്‍ സഹീറും പകല്‍മുഴുവന്‍ വാടക വീട്ടില്‍ തനിച്ചായിരിക്കും. വൈകീട്ട് പുഴക്കടവില്‍ കെട്ടിയിട്ടിരുന്ന വഞ്ചിയില്‍ കയറി അനുജനുമൊരുമിച്ച് കളിക്കുന്നതിനിടെ കെട്ടഴിഞ്ഞ് വഞ്ചി ഒഴുകിപ്പോകുകയായിരുന്നു. ഭാഷയറിയാതെ വാവിട്ട് കരഞ്ഞെങ്കിലും സഹായത്തിനായി ആ പ്രദേശത്ത് ആരും തന്നെ ഇല്ലായിരുന്നു. അപ്പോഴാണ് സുമിത്ത് എത്തിയതും രക്ഷപെടുത്തിയതും. പിന്നീട് കുട്ടിയെ വീട്ടുടമസ്ഥനെ ഏല്‍പ്പിച്ചശേഷമാണ് സുമുത്ത് ജോലിക്കുപോയത്.



 

 




MathrubhumiMatrimonial