Crime News

സരിതയെ റോഡില്‍ തടയാന്‍ ശ്രമം; രണ്ടുപേര്‍ക്ക് പരിക്കേറ്റു

Posted on: 20 Jul 2015


കൊട്ടാരക്കര: അര്‍ധരാത്രി മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാന്‍ നിന്നവര്‍ സദാചാര പോലീസായപ്പോള്‍ കുടുങ്ങിയത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍. യഥാര്‍ഥ പോലീസ് എത്തിയിട്ടും സരിതയെ പോകാന്‍ അനുവദിക്കാതെ വാഹനത്തിനുമുന്നില്‍ ചാടിവീണ സംഘത്തിലെ രണ്ടുപേര്‍ക്ക് കാറിടിച്ച് പരിക്കേറ്റു.

ശനിയാഴ്ച രാത്രി കരിക്കം ജങ്ഷന് സമീപമായിരുന്നു സംഭവം. റോഡരികില്‍ പതിവായി മാലിന്യം തള്ളുന്നത് തടയാന്‍ ജങ്ഷനില്‍ നിരീക്ഷണം നടത്തുന്ന യുവാക്കളുടെ ശ്രദ്ധയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പെടുകയായിരുന്നു. കാറിലുണ്ടായിരുന്നത് സരിതയാണെന്നറിഞ്ഞതോടെ യുവാക്കള്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി. ഒപ്പം കുറ്റാലത്തുനിന്ന് വരികയായിരുന്ന വിനോദസഞ്ചാരികളായ യുവാക്കളും കൂടി. ഫോട്ടോയെടുപ്പും വീഡിയോ പിടിത്തവുമായി യുവാക്കള്‍ സരിതയെ വളഞ്ഞു. ബന്ധുവായ വയോധികനും യുവാവുമാണ് സരിതയൊടൊപ്പം കാറിലുണ്ടായിരുന്നത്. പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ഡ്രൈവര്‍ക്ക് ഉറക്കം വന്നതിനാല്‍ റോഡരികില്‍ നിര്‍ത്തിയതാണെന്ന് വിശദീകരിച്ചിട്ടും സദാചാര പോലീസുകാര്‍ തൃപ്തരായില്ല.

വാഹനം പോകാനനുവദിക്കാതെ അവര്‍ റോഡില്‍ നിലയുറപ്പിച്ചു. മര്യാദയുടെ ഭാഷയില്‍ പറഞ്ഞിട്ട് ഫലമില്ലെന്നായതോടെ സരിത നായര്‍ സ്വരം മാറ്റി. വീഡിയോ പിടിച്ചവരും ഫോട്ടോ പിടിച്ചവരും കോടതി കയറുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ പലരും പിന്മാറി. കൊട്ടാരക്കര പോലീസിന്റെ സഹായവും സരിത തേടി. സ്റ്റേഷനില്‍നിന്ന് എത്തിയ പോലീസുകാര്‍ യുവാക്കളോട് വാഹനം കടത്തിവിടാന്‍ ആവശ്യപ്പെട്ടിട്ടും ചിലര്‍ വഴങ്ങിയില്ല. ഇതിനിടെ പോലീസിന്റെ നിര്‍ദ്ദേശാനുസരണം വാഹനം മുന്നോട്ടെടുത്തതും യുവാക്കളില്‍ ചിലര്‍ കാറിനുമുന്നിലേക്ക് ചാടിവീണു. ഡ്രൈവര്‍ നിര്‍ത്താതെ വാഹനം വിട്ടുപോയി. കരിക്കം സ്വദേശികളായ പ്രദീപ് (26), അബീഷ് (23) എന്നിവര്‍ക്ക് കാറിടിച്ച് കൈക്കും കാലിനും പരിക്കേറ്റു. ഇവരെ താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പോകുംവഴി ചടയമംഗലം പോലീസ് സ്റ്റേഷനിലെത്തിയ സരിത പരാതിയും നല്‍കി. പരിക്കേറ്റ യുവാക്കള്‍ കൊട്ടാരക്കര സ്റ്റേഷനിലും പരാതി നല്‍കി.

 

 




MathrubhumiMatrimonial