Crime News

കോന്നിയിലെ പെണ്‍കുട്ടികള്‍ ലാല്‍ബാഗിലെത്തിയത് തനിച്ച്

Posted on: 18 Jul 2015


സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു


ബെംഗളൂരു :
കോന്നി സ്വദേശികളായ പെണ്‍കുട്ടികളെ ഒറ്റപ്പാലത്തിനടുത്ത് തീവണ്ടിപ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം ബെംഗളൂരുവിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

ലാല്‍ബാഗ് ഉദ്യാനത്തിലെത്തിയ പെണ്‍കുട്ടികള്‍ക്കൊപ്പം മറ്റാരുമില്ലായിരുന്നെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ഉദ്യാനകവാടത്തിലും അകത്തുമായി സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി.കളിലെ ദൃശ്യങ്ങളില്‍ മൂന്നു പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ തീവണ്ടി കയറിയെന്ന് കരുതുന്ന ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കോന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. എസ്. സജിമോന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെള്ളിയാഴ്ച ഉച്ചയോടെയാണ് ബെംഗളൂരുവിലെത്തിയത്. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ സഹായത്തോടെ ലാല്‍ബാഗിലെ ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പിന്റെ ഓഫീസിലെത്തിയാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചത്. പെണ്‍കുട്ടികളുടെ ബാഗില്‍നിന്ന് ലഭിച്ച ലാല്‍ബാഗിലെ പ്രവേശന ടിക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു ദിവസങ്ങളിലെയും ദൃശ്യങ്ങള്‍ അധികൃതര്‍ പോലീസ് സംഘത്തിന് കൈമാറി. ഇതില്‍ നിന്ന് ഉദ്യാനത്തില്‍ കറങ്ങി നടന്ന മൂന്നുപേരെയും വ്യക്തമായി തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞു.

ബെംഗളൂരുവില്‍ വിറ്റെന്ന് കരുതപ്പെടുന്ന ഇവരുടെ ടാബ് കണ്ടെത്താനും പോലീസ് ശ്രമം നടത്തുന്നുണ്ട്. അന്വേഷണസംഘം ശനിയാഴ്ചയും ബെംഗളൂരുവില്‍ തങ്ങും. കോന്നി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായിരുന്ന ആതിര, രാജി എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തീവണ്ടിയില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആര്യ ആസ്പത്രിയിലാണ്.

 

 




MathrubhumiMatrimonial