Crime News

വ്യാജനെ പിടിക്കാന്‍ ലോട്ടറി ടിക്കറ്റില്‍ വാട്ടര്‍മാര്‍ക്ക്

Posted on: 18 Jul 2015

ബിജുപരവത്ത്‌



കണ്ണൂര്‍: വ്യാജലോട്ടറി ടിക്കറ്റിനെ പ്രതിരോധിക്കാന്‍ ലോട്ടറി വകുപ്പ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നു. ലോട്ടറി വകുപ്പിന്റെ മുദ്ര വാട്ടര്‍മാര്‍ക്കായി ഉള്‍പ്പെടുത്തിയ കടലാസില്‍ ടിക്കറ്റ് അച്ചടിക്കാനാണ് ശ്രമം. ചെലവുകുറഞ്ഞ രീതിയില്‍ അച്ചടി സാധ്യമാകുമോയെന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതിനായി വകുപ്പ് ഡയറക്ടര്‍ അടങ്ങുന്ന സംഘത്തിന് കൊല്‍ക്കത്തയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്താനും സര്‍ക്കാര്‍ അനുമതി നല്കി.

സര്‍ക്കാര്‍ നിരക്കില്‍ വാട്ടര്‍മാര്‍ക്ക് ഉള്ളടക്കത്തോടെ പേപ്പര്‍ നല്കാമെന്നാണ് പേപ്പര്‍ കോര്‍പ്പറേഷന്‍ നല്കിയ ഉറപ്പ്. ഇതനുസരിച്ചാണ് പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ ലോട്ടറി വകുപ്പ് സര്‍ക്കാറിന്റെ അനുമതി തേടിയത്. നിലവില്‍ കേരള ബുക്ക് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി (കെ.ബി.പി.എസ്.), സെന്റര്‍ ഫോര്‍ അഡ്വാന്‍സ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് (സി.എ.പി.ടി.) എന്നീ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്നത്.

വകുപ്പ് ആവശ്യപ്പെടുന്ന ടിക്കറ്റുകള്‍ അച്ചടിച്ചു നല്കുന്ന ജോലിയാണ് ഈ രണ്ട് സ്ഥാപനങ്ങളും ചെയ്യുന്നത്. ഇതിനുള്ള പേപ്പര്‍ സ്ഥാപനങ്ങള്‍ തന്നെയാണ് കണ്ടെത്തുന്നത്. ഇതിനുപകരം വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടുന്ന പേപ്പര്‍ നല്കുകയും അതില്‍ ടിക്കറ്റ് അച്ചടിക്കുകയും ചെയ്യാനാണ് ശ്രമം. അച്ചടിച്ചെലവ് കൂടാതെ കൂടുതല്‍ സുരക്ഷിതമായ ടിക്കറ്റ് നല്കാനാകുമെന്നാണ് വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. അതിന്റെ അന്തിമ വിലയിരുത്തലിനാണ് പ്രത്യേക സംഘം കൊല്‍ക്കത്തയിലേക്ക് പോകുന്നത്.

വകുപ്പ് ഡയറക്ടര്‍, കെ.ബി.പി.എസ്സിലെയും സി.എ.പി.ടി.യിലെയും പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് പേപ്പര്‍ കോര്‍പ്പറേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. കോര്‍പ്പറേഷന്‍ നല്കുന്ന പേപ്പറില്‍ കേരളത്തില്‍ അച്ചടിസാധ്യമാകുമോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ പേപ്പര്‍ കേരളത്തിലെത്തിച്ച് ഈ സ്ഥാപനങ്ങള്‍ തന്നെയാകും ടിക്കറ്റുകള്‍ അച്ചടിക്കുക.

ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടുന്ന സംഭവം സംസ്ഥാനത്ത് പലയിടത്തായി നടന്നിട്ടുണ്ട്. വ്യാജടിക്കറ്റ് നല്കുന്ന സംഘവും വ്യാപകമാണ്. ഇത് രണ്ടിനെയും പ്രതിരോധിക്കാനാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. വാട്ടര്‍മാര്‍ക്കുള്ള ടിക്കറ്റ് വ്യാജമായുണ്ടാക്കിയാലും ഇത് എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്നാണ് പേപ്പര്‍ കോര്‍പ്പറേഷന്‍ നല്കിയ ഉറപ്പ്.

 

 




MathrubhumiMatrimonial