Crime News

കരിപ്പൂര്‍ വെടിവെപ്പ്; പിസ്റ്റളിന്റെ ബാലിസ്റ്റിക് പരിശോധനാഫലം വൈകുന്നു

Posted on: 18 Jul 2015


കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ വെടിവെപ്പ് കേസില്‍, വെടിവെക്കാന്‍ ഉപയോഗിച്ച പിസ്റ്റളിന്റെ ബാലിസ്റ്റിക് പരിശോധനാ ഫലം വൈകുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നു. സംഭവംനടന്ന് ഒന്നര മാസമാകാറായിട്ടും തിരുവനന്തപുരത്തെ ലാബില്‍ പിസ്റ്റളിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല. കേസിലെ പ്രധാന തൊണ്ടിയായ നയന്‍ എം.എം. പിസ്റ്റളിന്റെ ബാലിസ്റ്റിക് പരിശോധനാഫലം ലഭിക്കാത്തത് തുടരന്വേഷണം മന്ദതയിലാക്കുകയാണ്.

കഴിഞ്ഞ ജൂണ്‍ പത്തിനാണ് വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് സബ് ഇന്‍സ്പക്ടറും അഗ്നിരക്ഷാ സേനാംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിപൊട്ടി സി.ഐ.എസ്.എഫ് ഭടന്‍ മരിച്ചത്. അഗ്നിരക്ഷാസേനാംഗങ്ങള്‍ എസ്.ഐ. സീതാറാം ചൗധരിയുടെ പിസ്റ്റള്‍ പിടിച്ചുവാങ്ങി വെടിവെച്ചെന്നായിരുന്നു സംഭവം കഴിഞ്ഞയുടന്‍ സി.ഐ.എസ്.എഫ് പറഞ്ഞത്. പിടിവലിക്കിടെയാണ് വെടിപൊട്ടിയതെന്ന് പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. എന്നാല്‍ വെടിപൊട്ടിയതിന് ആരാണ് ഉത്തരവാദിയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.

ഒന്നിലേറെത്തവണ വെടിപൊട്ടിയതായി പോലീസ് സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവരും ഇത്തരത്തിലാണ് പോലീസിന് മൊഴി നല്‍കിയത്. അതേസമയം വെടിയുണ്ടകള്‍ നീക്കംചെയ്ത പിസ്റ്റള്‍ ആണ് സി.ഐ.എസ്.എഫ് പോലീസിന് കൈമാറിയത്. ഒരു വെടിയുണ്ട കുറവുള്ള മാഗസീനും നഷ്ടപ്പെട്ട വെടിയുണ്ടയുടെ ക്യാപും പ്രത്യേകമായാണ് നല്‍കിയത്. പിസ്റ്റളിന്റെ ബാലിസ്റ്റിക് പരിശോധന പൂര്‍ത്തിയാല്‍ ഒട്ടേറെ സംശയങ്ങള്‍ക്ക് അറുതിയാകും. പരിശോധനാഫലം വേഗത്തില്‍ ലഭിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്്.

 

 




MathrubhumiMatrimonial