Crime News

അച്ഛനെ 'നേര്‍വഴിക്ക് ' നടത്താന്‍ ക്വട്ടേഷന്‍; മകനും സംഘവും പിടിയില്‍

Posted on: 17 Jul 2015



കാക്കനാട്:
അച്ഛനെ നേര്‍വഴിക്ക് നടത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൈയും കാലും തല്ലിയൊടിച്ച മകനും സംഘാംഗങ്ങളും അറസ്റ്റില്‍. പാലാരിവട്ടം നടുവിലേ മുല്ലേത്ത് (കപ്പട്ടി) വീട്ടില്‍ വര്‍ഗീസ് (62) ആണ് മകന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിനിരയായത്. സംഭവത്തില്‍ വര്‍ഗീസിന്റെ രണ്ടാമത്തെ മകന്‍ ഡാല്‍സണ്‍ (28), ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാന്നാര്‍ കുട്ടംപേരൂര്‍ സുധീഷ് ഭവനില്‍ സുധീഷ് കുമാര്‍ (38), ഹരിപ്പാട് തെക്കേക്കര പുത്തന്‍ വീട് അച്ചുഭവനില്‍ മമ്മൂട്ടി എന്ന് വിളിക്കുന്ന രതീഷ് (31), മാന്നാര്‍ കുട്ടംപേരൂര്‍ കുറ്റിയില്‍ താഴ്ചയില്‍ വീട്ടില്‍ ശിവജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. നാലാമന്‍ ഒളിവിലാണ്.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വര്‍ഗീസ് കാക്കനാട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂലായ് 11ന് പകലാണ് മകന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം അച്ഛന്റെ ഉടമസ്ഥതയില്‍ കാക്കനാട് ചിറ്റേത്തുകരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ആക്രമണം നടത്തിയത്.

ഹോക്കി സ്റ്റിക് ഉപയോഗിച്ച് കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. അര ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ മകന്‍ തന്നെയാണ് ആശുപത്രിയില്‍ അച്ഛനെ ശുശ്രൂഷിക്കാന്‍ കൂട്ടിനുണ്ടായിരുന്നത്. ഓഫീസിലെ ജീവനക്കാരെ ബന്ധികളാക്കിയ ശേഷമായിരുന്നു ആക്രമണം. വര്‍ഗീസിന്റെ വലത് കാലും ഇടത് കൈയും തല്ലിയൊടിച്ച സംഘം ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണമാലയും മോതിരവും വാച്ചും കവര്‍ന്നു. വര്‍ഗീസിന്റെ സഹോദര പുത്രന്‍ മനോജിന്റെ പേര് വിളിച്ചുപറഞ്ഞായിരുന്നു ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. സഹോദര പുത്രന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

വര്‍ഗീസും സഹോദര പുത്രനും തമ്മില്‍ ശത്രുതയിലായിരുന്നു. കുടുംബപ്രശ്‌നങ്ങളും വഴിവിട്ട ജീവിത രീതിയുമാണ് അച്ഛന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ മകനെ പ്രേരിപ്പിച്ചതെന്ന് കേസന്വേഷിക്കുന്ന ഇന്‍ഫോപാര്‍ക്ക് പോലീസ് പറഞ്ഞു.

പിതാവ് ആക്രമിക്കപ്പെട്ടത് സഹോദര പുത്രന്‍ മുഖേനയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡാല്‍സണ്‍ ശ്രമിച്ചതും പോലീസിനെ കൂടുതല്‍ സംശയത്തിനിടയാക്കി. ഡാല്‍സന്റെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെങ്ങന്നൂരിലെ ക്വട്ടേഷന്‍ സംഘത്തെ കുറിച്ച് സൂചന ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പിതാവിനെ ആക്രമിച്ച സംഘത്തെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡാല്‍സണ്‍ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലും എത്തിയിരുന്നു.

35,000 രൂപ മുന്‍കൂര്‍ നല്‍കി ക്വട്ടേഷന്‍ സംഘത്തെ എറണാകുളത്ത് എത്തിച്ച് കലൂരില്‍ ലോഡ്ജില്‍ താമസിപ്പിച്ച് അടുത്ത ദിവസം ചിറ്റേത്തുകരയില്‍ അച്ഛന്റെ സ്ഥാപനം കാണിച്ച്് കൊടുത്തതും മകനായിരുന്നു. ആക്രമിക്കാന്‍ ഹോക്കി സ്റ്റിക്ക് വാങ്ങി നല്‍കി. അക്രമികള്‍ കവര്‍ന്ന വര്‍ഗീസിന്റെ റിസ്റ്റ് വാച്ച് ക്വട്ടേഷന്‍ സംഘം ഡാല്‍സനെ തിരിച്ചേല്പിച്ചിരുന്നു. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒരു വര്‍ഷം മുന്‍പ് ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിക്കിടെ ആക്രമിച്ച കേസില്‍ വര്‍ഗീസിന്റെ മൂത്ത മകന്‍ പ്രതിയായിരുന്നു. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോയി, എസ്.ഐ. ടി.ഇ. കബീര്‍, എ.എസ്.ഐ. റജി കുര്യന്‍, പോലീസുകാരായ മനോജ്, സജീഷ്, ബിനു, ജോസി, ബൈജു തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

 




MathrubhumiMatrimonial