Crime News

കോന്നി സംഭവം: മനോജ് ഏബ്രഹാമിനെ അന്വേഷണച്ചുമതലയില്‍ നിന്ന് ഒഴിവാക്കി

Posted on: 17 Jul 2015


കോന്നി: കോന്നി സംഭവത്തിന്റെ അന്വേഷണത്തിനായി പ്രത്യേക വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണസംഘത്തെ നിയമിച്ചതായി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മരിച്ച വിദ്യാര്‍ത്ഥിനിയുടെ വീട് വ്യാഴാഴ്ച രാത്രി സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇത് അറിയിച്ചത്. എം.എസ്.പി. കമാന്‍ഡന്റ് ഉമാ ബെഹ്‌റ അന്വേഷണസംഘത്തിന് നേതൃത്വം നല്‍കും. നിലവില്‍ ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ ഇതോടെ ഒഴിവാക്കി.

വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരും മറ്റ് വനിതാ പോലീസ് ഉദ്യോഗസ്ഥരുമാകും സംഘത്തിലുണ്ടാകുന്നത്. എ.ഡി.ജി.പി. സന്ധ്യ മേല്‍നോട്ടം വഹിക്കും. ലോക്കല്‍ പോലീസ് ഇവരെ സഹായിച്ചാല്‍ മതിയാകും. ഐ.ജി. മനോജ് ഏബ്രഹാമിന്റെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് നേരിട്ട് ചോദിച്ചതായി മന്ത്രി പറഞ്ഞു. പോലീസിന്റെ അന്വേഷണഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടിയുണ്ടാകും.

അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയാന്‍ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളെ കാണാതെപോകുന്നത് സാമൂഹികപ്രശ്‌നമായി കണ്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മരിച്ച ആതിര എസ്.നായരുടെ വീടും മന്ത്രി സന്ദര്‍ശിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തെക്കുറിച്ചുള്ള ഐ.ജി.യുടെ മോശം പരാമര്‍ശത്തെക്കുറിച്ച് വീട്ടുകാര്‍ പരാതി പറഞ്ഞു. കുട്ടികള്‍ കാണാതായ സംഭവത്തില്‍ പോലീസിന്റെ പ്രാഥമിക അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ആക്ഷേപം.

 

 




MathrubhumiMatrimonial