Crime News

വിദ്യാര്‍ഥിയുടെ കൊലപാതകം: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

Posted on: 17 Jul 2015


കൊല്ലം: ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്ന ശക്തികുളങ്ങര പള്ളിക്ക് സമീപം മാലിപ്പിള്ള തോപ്പില്‍ ഇമ്മാനുവലിനെ(20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എസ്.ശരത്ചന്ദ്രനാണ് വിധി പ്രസ്താവിച്ചത്.

ഒന്നും മൂന്നും പ്രതികളായ ശക്തികുളങ്ങര പള്ളിയുടെ വടക്കതില്‍ കാവിന്റയ്യില്‍ ചെറിയാന്‍(57), മകളുടെ ഭര്‍ത്താവായ കള്ളിക്കാട്ട് തോപ്പില്‍വീട്ടില്‍ ജോയി(36) എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതകം നടക്കുമ്പോള്‍ 18 വയസ്സ് പൂര്‍ത്തിയാകാതിരുന്ന രണ്ടാംപ്രതിക്കെതിരെ ജുവനൈല്‍ കോടതിയില്‍ വിചാരണനടന്നുവരുകയാണ്.

2005ലെ സ്വാതന്ത്ര്യദിനത്തിന് തലേന്ന് രാത്രി 8.45ന് ശക്തികുളങ്ങര പോര്‍ട്ട് റോഡിന് അരികിലായിരുന്നു കൊലപാതകം. സുഹൃത്തായ ജിജോയെ പ്രതികള്‍ വാളുകൊണ്ട് വെട്ടിയത് തടഞ്ഞതിന്റെ വിരോധമാണ് ഇമ്മാനുവലിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കേസ്. മൃതദേഹത്തിലൂടെ ബുള്ളറ്റ് ഓടിച്ചുകയറ്റാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ തടയുകയായിരുന്നുവെന്ന്് ദൃക്്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.

പോര്‍ട്ട് റോഡില്‍ ചെറിയാന്‍ വാടകയ്ക്ക് നടത്തിയിരുന്ന ഇറച്ചിക്കടയുടെ പിന്നിലെ മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് ജിജോയുടെ അച്ഛന്‍ ജസ്റ്റിനും ചെറിയാനും തമ്മില്‍ വൈരാഗ്യത്തിലായിരുന്നു. മതില്‍ പൊളിച്ചതിനെ ജസ്റ്റിന്‍ ചോദ്യം ചെയ്തതായിരുന്നു കാരണം. സംഭവദിവസം രാത്രി ഇറച്ചിവാങ്ങാനെത്തിയ ജസ്റ്റിനെ ചെറിയാന്‍ കൈയിലിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് കടയടച്ച് മടങ്ങിയ ചെറിയാന്‍ ബൈക്കിന്റെ ക്രാഷ് ഗാര്‍ഡിന്റെ പ്രത്യേക അറയില്‍ ഒളിപ്പിച്ച വാളുമായി ജസ്റ്റിനെ തിരക്കി വീണ്ടും ശക്തികുളങ്ങരയിലെത്തി. ജോയിയും രണ്ടാം പ്രതിയും ഉള്‍പ്പെട്ട സംഘം രണ്ട് ബൈക്കുകളിലാണ് സ്ഥലത്തെത്തിയത്. റോഡരികില്‍ സംസാരിച്ചുനിന്ന ഇമ്മാനുവലിന്റെയും ജിജോയുടെയും സമീപത്തെത്തിയപ്പോള്‍ ജിജോയെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ജിജോയ്ക്ക് നേരെയുള്ള വെട്ട് ഇമ്മാനുവല്‍ തടഞ്ഞതില്‍ അരിശംപൂണ്ട പ്രതികള്‍ അയാളെ ചവിട്ടിവീഴ്ത്തിയശേഷം വലിച്ചിഴച്ചുകൊണ്ടുപോയി വയറ്റത്ത് കുത്തുകയായിരുന്നു.

പരിക്കേറ്റ ജിജോ ഉള്‍പ്പെടെ 24 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതികള്‍ക്ക് വാള്‍ നിര്‍മിച്ചുനല്‍കിയ ആളും ഇതില്‍ ഉള്‍പ്പെടുന്നു. ചവറ സി.ഐ. ആയിരുന്ന സി.ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ഷാനവാസ് ഖാന്‍, അഭിഭാഷകരായ കല്ലൂര്‍ കൈലാസ് നാഥ്, എച്ച്.രാജു, പ്രിയ ഷാനവാസ് ഖാന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

 

 




MathrubhumiMatrimonial