Crime News

പെണ്‍കുട്ടികളുടെ മരണം: പോലീസ് സംഘം ബംഗലൂരുവിലേക്ക് പോയി; ടാബ് എവിടൈയന്നത് കണ്ടെത്താനായില്ല

Posted on: 17 Jul 2015


കോന്നി: പെണ്‍കുട്ടികളുടെ ദുരന്തം സംബന്ധിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം ബംഗലൂരുവിലേക്ക് പോയി. അവിടെ ഉദ്യാനത്തില്‍ കുട്ടികള്‍ പോയി എന്ന വിവരം നേരത്തെ കിട്ടിയിരുന്നു. ഉദ്യാനത്തില്‍ കുട്ടികള്‍ സമയം ചെലവിട്ടത് സംബന്ധിച്ച് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ അവിടെ ഒറ്റയ്ക്കായിരുന്നോ മറ്റാരെങ്കിലും കൂടെ ഉണ്ടായിരുന്നോ എന്നീ വിവരങ്ങള്‍ ശേഖരിക്കും. കോന്നി സി.ഐ. ബി.എസ്.സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോയത്.

പോലീസ് സംഘം ഒട്ടാകെ 102 പേരില്‍നിന്ന് വിവരം ശേഖരിച്ചു എന്നാണ് വിവരം. കുട്ടികളുടെ പുറപ്പെട്ടുപോകലിന് പിന്നില്‍ എന്തായിരുന്നു എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഒരു കുട്ടി ഉപയോഗിച്ചുവന്നിരുന്ന ടാബ് യാത്രയില്‍ കൈയിലുണ്ടായിരുന്നു എന്നാണ് പോലീസിന് കിട്ടിയ വിവരം. പക്ഷേ, യാത്രയില്‍ ഇതില്‍ സിം ഇട്ട് ഉപയോഗിച്ചിരുന്നില്ലെന്നും സംശയിക്കുന്നു. ഇത് എവിടെയെന്ന് ഇപ്പോഴും വിവരം കിട്ടിയിട്ടില്ല.

കുട്ടികള്‍ ഇത് വിറ്റതാണോ മറ്റാര്‍ക്കെങ്കിലും കൈമാറിയതാണോ തുടങ്ങിയ വിവരങ്ങളാണ് നോക്കുന്നത്. ടാബ് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും വിവരം കിട്ടും എന്നാണ് പ്രതീക്ഷ. ടാബ് ബംഗലൂരുവിലാണ് വിറ്റതെങ്കില്‍ കണ്ടെത്തുക ശ്രമകരമാകുമെന്നും കരുതുന്നു.

പോലീസ് സംഘം കുട്ടികളുടെ തീവണ്ടിയാത്രാ റൂട്ടില്‍ സഞ്ചാരം പാതിവഴിയാക്കി. എസ്.ഐ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീവണ്ടി റൂട്ടില്‍ വിവരം ശേഖരിക്കുന്നത്. അങ്കമാലിയില്‍ എത്തിയ സംഘം ജീവനക്കാരെ കണ്ട് മൊഴിയെടുക്കും. കുട്ടികള്‍ ഇവിടെ സ്റ്റേഷനില്‍ ഇറങ്ങിയതായി വിവരം കിട്ടിയിരുന്നു.

യൂണിഫോം ഇട്ട് പുറപ്പെട്ട കുട്ടികള്‍ എവിടെയാണ് പിന്നീട് വസ്ത്രം മാറിയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നു. തീവണ്ടിയില്‍തന്നെയാകാം ഇത് ചെയ്തതെന്ന് കരുതുന്നു. ഇടയ്ക്ക് എവിടെയും അവര്‍ തങ്ങിയതായി അറിയില്ല.
കുട്ടികള്‍ എന്തിനാണ് വീടുവിട്ടത് എന്നതു സംബന്ധിച്ച് രൂപം കിട്ടണമെങ്കില്‍ ഇനി രണ്ട് കാര്യങ്ങള്‍ പൂര്‍ത്തിയാകണം. ഒന്ന് പരിക്കേറ്റ ആര്യ സുരേഷിന് ബോധം വീണ്ടെടുക്കണം. മറ്റൊന്ന് മൂന്ന് ടീമുകളായി ഇപ്പോള്‍ പോലീസ് നടത്തുന്ന അന്വേഷണവിവരം ഏകോപിപ്പിക്കണം.

മരിച്ച കുട്ടികളുടെ കുടുംബത്തിന് സാമ്പത്തികസഹായം പരിഗണനയില്‍- മന്ത്രി


കോന്നി:
മരിച്ച ആതിര എസ്.നായര്‍, എസ്.രാജി എന്നിവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ആര്യ കെ.സുരേഷിന്റെ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടോ എന്നതും പരിശോധിക്കും. മരിച്ച കുട്ടികളുടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു.

 

 




MathrubhumiMatrimonial