Crime News

പോലീസ് ബലപ്രയോഗത്തിന് തെളിവുകള്‍; കുട്ടിയെ ബലിയാടാക്കുന്നു

Posted on: 16 Jul 2015


കൊച്ചി: മരങ്ങാട്ടുപള്ളി പോലീസ് കസ്റ്റഡിയില്‍ സിബിയുടെ മരണം പോലീസിന്റെ ബലപ്രയോഗം മൂലമാകാമെന്നതിനുള്ള തെളിവുകള്‍ പോലീസ് കംപ്ലയിന്റ്‌സ് അതോറിട്ടിക്ക് ലഭിച്ചു. വിദഗ്ദ്ധ ഡോക്ടര്‍മാരില്‍ നിന്ന് തെളിവെടുക്കാന്‍ തീരുമാനിച്ച അതോറിട്ടി, സിബിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ പൂര്‍ണമായും പരിശോധിക്കാന്‍ തീരുമാനിച്ചു. തെളിവെടുക്കുന്നതിന് മരങ്ങാട്ടുപള്ളി എസ്.ഐ.യോട് കൊച്ചിയില്‍ ഹാജരാകാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലെടുക്കും മുമ്പ് ഒരു പതിനാറുകാരന്‍ ഇഷ്ടിക കൊണ്ട് സിബിയെ ഇടിച്ചുവെന്ന പോലീസ് ഭാഷ്യം കള്ളക്കഥയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍വിധിയില്ലാതെ സത്യം കണ്ടെത്താനാണ് അതോറിട്ടിയുടെ ശ്രമമെന്ന് അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് 'മാതൃഭൂമി'യോട് പറഞ്ഞു.
സിബിയുടെ തലയിലുള്ള മുഴയും നെഞ്ചിലെ കരിനീല നിറവും വ്യക്തമായിക്കാണുന്ന ഫോട്ടോകള്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന് ലഭിച്ചിട്ടുണ്ട്. ഒരു പ്രമുഖ ക്രിമിനോളജിസ്റ്റുമായി അദ്ദേഹം ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. തലയിലേറ്റ കനത്ത ആഘാതം തലച്ചോറിനെ ഗുരുതരമായി ബാധിച്ചു. അതുകൊണ്ടാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ െവച്ച് സിബിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മുറിവുകളേയും ക്ഷതങ്ങളേയും കുറിച്ചുള്ള വിദഗ്ദ്ധാഭിപ്രായങ്ങള്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് തേടിയിട്ടുണ്ട്.
പതിനാറുകാരന്‍ ഇഷ്ടിക കൊണ്ട് സിബിയെ ഇടിച്ചുവെന്ന പോലീസിന്റെ വാദം ജസ്റ്റിസ് കുറുപ്പ് തള്ളുന്നു. കുട്ടിയെ ജസ്റ്റിസ് കുറുപ്പ് നേരില്‍ക്കണ്ട് മൊഴിയെടുത്തിട്ടുണ്ട്. എസ്.ഐ.യുടെ നിര്‍ബന്ധ പ്രകാരമാണ് അങ്ങനെ മൊഴി നല്‍കിയതെന്നാണ് കുട്ടി വ്യക്തമാക്കിയത്. കുട്ടിയും സിബിയും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായെന്ന് പോലീസ് വരുത്തിത്തീര്‍ക്കുകയാണ്. അത്തരത്തില്‍ ഒരു അക്രമത്തിന് കുട്ടി മുതിര്‍ന്നിരിക്കില്ലെന്നാണ് നിഗമനം. തന്നെ നിര്‍ബന്ധിച്ച് എസ്.ഐ. അങ്ങനെ പറയിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റ് ചിലരുമായി അദ്ദേഹം മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നതായി കുട്ടി പറയുന്നു.
മരങ്ങാട്ടുപള്ളിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയപ്പോള്‍ സിബിക്ക് ബോധമില്ലായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം പതിനൊന്നു ദിവസം കഴിഞ്ഞ് സിബി മരിച്ചു.
പോലീസ് ലോക്കപ്പില്‍ െവച്ച് എസ്.ഐ.ക്കും മറ്റാര്‍ക്കെങ്കിലും പറ്റിയ കൈപ്പിഴ മറച്ചുവെയ്ക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായി അതോറിട്ടിക്ക് ബോധ്യമായിട്ടുണ്ട്. അതിനാല്‍ വിശദമായ അന്വേഷണം വിദഗ്ദ്ധരുടെ സഹായത്താല്‍ നടത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ കുട്ടിയെ ബലിയാടാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടോയെന്ന് അതോറിട്ടി അന്വേഷിക്കും.
സംഭവത്തിനു ശേഷം പതിനാറുകാരനെ പോലീസ് ഒളിപ്പിക്കുകയായിരുന്നു. ഉന്നത പോലീസുദ്യോഗസ്ഥരാണ് തന്നോട് കുറച്ചുദിവസം മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് കുട്ടി ജഡ്ജിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
സിബിയുടെ ദേഹത്ത് മറ്റ് പരിക്കുകള്‍ ഉണ്ടായിരുന്നോ എന്ന് കൂടി അന്വേഷിക്കും. ഒരു കൈക്ക് നീരുണ്ടായിരുന്നു. തല്ലുകൊണ്ട് പരിക്കേറ്റിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

 




MathrubhumiMatrimonial