Crime News

വ്യാജ റിക്രൂട്ടിങ് സംഘത്തിലെ മുഖ്യകണ്ണി കാസര്‍കോട്ട് പിടിയില്‍

Posted on: 16 Jul 2015



കാസര്‍കോട്:
വിദേശങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന അന്തസ്സംസ്ഥാന ബന്ധമുള്ള സംഘത്തിലെ പ്രധാനി കാസര്‍കോട്ട് പിടിയിലായി. ബോവിക്കാനം കാട്ടിപ്പള്ളത്തെ ഷിബിനാണ് (19) ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ പിടിയിലായത്. ഓസ്‌ട്രേലിയയിലെ ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്താണ് ഷിബിന്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നത്.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത ബാര്‍ റസ്റ്റോറന്റിലെ എ.സി. ഹാളിലായിരുന്നു അഭിമുഖം. രണ്ടുദിവസങ്ങളിലായി 19 പേര്‍ ഇന്റര്‍വ്യൂവിനെത്തിയിരുന്നു. ഉദ്യോഗാര്‍ഥികളില്‍നിന്ന് മുന്‍കൂറായി പണം വാങ്ങിയായിരുന്നു ഇന്റര്‍വ്യൂ. 5,000 രൂപ മുതല്‍ 16,000 രൂപ വരെ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഷിബിന്‍ കൈപ്പറ്റിയിരുന്നതായി പോലീസന്വേഷണത്തില്‍ തെളിഞ്ഞു. ഒരുലക്ഷത്തോളം രൂപ ഷിബിന്‍ ഇങ്ങനെ കൈപ്പറ്റിയിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇന്റര്‍വ്യൂവിനെത്തിയത്.

സംഘത്തിന്റെ പ്രധാന കേന്ദ്രം എറണാകുളമാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ പ്രമുഖ ഹോട്ടലുടമകളുമായി ബന്ധപ്പെടുന്ന വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍നിന്നെടുത്താണ് തട്ടിപ്പ് നടത്തുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ പ്രസിദ്ധീകരണങ്ങളിലൊന്നും പരസ്യം നല്‍കാത്ത സംഘം ജോലി ആവശ്യക്കാരെ നേരിട്ട് സമീപിച്ചാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കുന്നത്. സംഘത്തിന്റെ വാക്ചാതുരിയില്‍ മയങ്ങിവീഴുന്നവരില്‍നിന്ന് റിക്രൂട്ടിങ് സംഘം ആദ്യഗഡുവായി പണം കൈപ്പറ്റും. ഫോണ്‍ വഴിയാണ് തുടര്‍ന്നുള്ള ഇടപാടുകള്‍.

ആദ്യം ബെംഗളൂരുവിലാണ് ഇന്റര്‍വ്യൂ എന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇന്റര്‍വ്യൂ നടത്തുന്ന ആള്‍ ആസ്പത്രിയിലാണെന്നും ഇന്റര്‍വ്യൂ നടക്കില്ലെന്നും അറിയിച്ചു. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് കാസര്‍കോട്ടേക്ക് ഇന്റര്‍വ്യൂ മാറ്റിയത്. ഉദ്യോഗാര്‍ഥികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ത്രീ സ്റ്റാര്‍ ഹോട്ടലില്‍വെച്ചാണ് ഇന്റര്‍വ്യൂ നടത്തിയത്. എന്നാല്‍, ബുധനാഴ്ച അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയ ഉദ്യോഗാര്‍ഥികളിലൊരാള്‍ക്ക് സംശയം തോന്നിയതാണ് ഷിബിന്റെ അറസ്റ്റിലേക്ക് വഴിവെച്ചത്. ഉദ്യോഗാര്‍ഥികളില്‍നിന്ന് കിട്ടിയ വിവരപ്രകാരം ജില്ലാ പോലീസ് ചീഫിന്‍റെ പ്രത്യേക സംഘത്തിലെ പോലീസുകാരിലൊരാള്‍ ഉദ്യോഗാര്‍ഥിയെന്ന വ്യാജേന ഇന്റര്‍വ്യൂവില്‍ പങ്കെടുത്താണ് ഷിബിനെ അറസ്റ്റ് ചെയ്തത്.

എസ്.ഐ. ഫിലിപ്പ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലക്ഷ്മി നാരായണന്‍, ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍, കെ.ശ്രീജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 

 




MathrubhumiMatrimonial