Crime News

സ്വിസ് ബാങ്ക്്് നിക്ഷേപം സ്വര്‍ണമാക്കി നാട്ടിലേക്ക് കടത്തുന്നു

Posted on: 16 Jul 2015

പി.പി. ഷൈജു




നെടുമ്പാശ്ശേരി:
ഇന്ത്യയിലെ സമ്പന്നര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം സ്വര്‍ണമാക്കി നാട്ടിലേക്ക് കടത്തുന്നതായി സൂചന. അടുത്തിടെയായി ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്ത്് വന്‍ തോതില്‍ വര്‍ധിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം.

സ്വിസ് ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് അക്കൗണ്ട്്് കാലിയാക്കുന്നതിനായി പണം സ്വര്‍ണമാക്കി നാട്ടിലേക്ക് കടത്തുന്നത്. സ്വര്‍ണത്തോടുള്ള ഭ്രമം കൂടുതല്‍ മലയാളികള്‍ക്കായതിനാലാണ് കേരളത്തിലേക്ക് സ്വര്‍ണം കൂടുതലായി എത്തുന്നത് എന്ന ധാരണയിലായിരുന്നു രഹസ്യാന്വേഷണ വിഭാഗം ഇതുവരെ. എന്നാല്‍ അടുത്തിടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയും വന്‍ തോതില്‍ സ്വര്‍ണം എത്തുന്നതായി കണ്ടെത്തിയതോടെയാണ് രഹസ്യാന്വേഷണ വിഭാഗം ഇത് ഗൗരവമായി എടുത്തത്. സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്നാണ് കള്ളപ്പണം സ്വര്‍ണമാക്കി നാട്ടിലെത്തിക്കുന്നത്. നികുതി അടച്ച്്് സ്വര്‍ണം കൊണ്ടുവന്നാല്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടി വരും.

കള്ളപ്പണം സ്വര്‍ണമാക്കി നാട്ടില്‍ എത്തിക്കുന്നതിന് ദുബായ് കേന്ദ്രീകരിച്ച്്് ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്്്. സമ്പന്നര്‍ക്കു വേണ്ടി ബിനാമികളാണ് കള്ളക്കടത്ത്് സംഘവുമായി ധാരണ ഉണ്ടാക്കിയിരിക്കുന്നത്. കള്ളപ്പണം സ്വര്‍ണമാക്കി ഇന്ത്യയിലെത്തിക്കുന്നതിന് വന്‍ കമ്മീഷനാണ് സംഘത്തിന് നല്‍കുന്നത്. മുംബൈ വിമാനത്താവളത്തില്‍ ഈ വര്‍ഷം ഇതുവരെ 147 കിലോ സ്വര്‍ണം പിടികൂടിയതോടെയാണ് രഹസ്യാന്വേഷണ വിഭാഗം സ്വര്‍ണക്കടത്ത്് കൂടുതല്‍ ഗൗരവമായി കണ്ടത്. വിദേശികളെ ഉപയോഗപ്പെടുത്തിയും സ്വര്‍ണം കടത്തുന്നത് കള്ളപ്പണക്കാര്‍ക്കു വേണ്ടിയാണെന്നാണ് സൂചന. ഇന്ത്യയില്‍ ഈ വര്‍ഷം 18 വിദേശികള്‍ സ്വര്‍ണവുമായി വിവിധ വിമാനത്താവളങ്ങളില്‍ പിടിയിലായിട്ടുണ്ട്്്. ശ്രീലങ്കന്‍ സ്വദേശികളാണ് പിടിയിലായവരിലധികവും. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതിന് മുംബൈ വിമാനത്താവളത്തില്‍ അടുത്തിടെ ഒരു വിദേശ വിമാനക്കമ്പനി ജീവനക്കാരനും പിടിയിലായിരുന്നു.

2013-ല്‍ കസ്റ്റംസ് തീരുവ കൂട്ടിയതോടെയാണ് ഇന്ത്യയിലേക്ക് സ്വര്‍ണ കള്ളക്കടത്ത്് വര്‍ധിച്ചത്. അതോടൊപ്പം തന്നെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ 20 ശതമാനം ഉരുപ്പടികളാക്കി കയറ്റി അയയ്ക്കണമെന്ന നിയമം വന്നതും കള്ളക്കടത്ത്് കൂടാന്‍ കാരണമായി. ഈ നിയമം വന്നതോടെ സ്വര്‍ണ ഇറക്കുമതി കുറഞ്ഞു. പകരം കള്ളക്കടത്ത്് കൂടി. കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുന്നതിന് മുന്‍പ് ഗ്രാമിന് 10 രൂപ മാത്രമായിരുന്നു ഇറക്കുമതി തീരുവ. മാനുഫാക്ചറുടെ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്താത്ത സ്വര്‍ണമാണെങ്കില്‍ ഗ്രാമിന് 30 രൂപ അടയ്ക്കണം. നികുതി അടച്ച്്് 10 കിലോ വരെ സ്വര്‍ണം കൊണ്ടുവരാനും അനുമതിയുണ്ടായിരുന്നു. സ്വര്‍ണം ഇറക്കുമതി നിയമം പരിഷ്‌കരിച്ചതോടെ നികുതി അടച്ച്്് കൊണ്ടുവരാവുന്ന സ്വര്‍ണം ഒരു കിലോയാക്കി പരിമിതപ്പെടുത്തി. സ്വര്‍ണത്തിന് വില വര്‍ധിച്ചതോടെ നികുതി അടയ്ക്കാതെ സ്വര്‍ണം കടത്തിക്കൊണ്ടുവന്നാല്‍ ഒരു കിലോയ്ക്ക്്് 3 ലക്ഷം രൂപ വരെ ലാഭം കിട്ടുമെന്ന സ്ഥിതി വന്നു. നിലവില്‍ 10 ശതമാനമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ. കസ്റ്റംസ് തീരുവ കൂട്ടിയതോടെ ഗ്രാമിന് 10 രൂപ മാത്രം ഉണ്ടായിരുന്നത് 250 രൂപയായി ഉയര്‍ന്നു. കൂടുതല്‍ ലാഭം കിട്ടുമെന്ന് കണ്ടതോടെ കള്ളക്കടത്ത് സംഘങ്ങള്‍ സക്രിയമായി.

 

 




MathrubhumiMatrimonial