Crime News

ദുരൂഹത ഒഴിയാതെ കോന്നി സംഭവം; പോലീസിന് വീഴ്ചയെന്ന് ആക്ഷേപം

Posted on: 15 Jul 2015


കോന്നി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തിരോധാനവും തുടര്‍ന്ന് രണ്ടു പേരുടെ അപകടമരണവും സംബന്ധിച്ചുള്ള ദുരൂഹത ഒഴിയുന്നില്ല. പെണ്‍കുട്ടികളെ 9-ാം തിയ്യതി മുതലാണ് കാണാതായത്. 12-ാം തിയ്യതി ഇവര്‍ക്കുവേണ്ടി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
13ന് രാവിലെ പൂക്കാട്ടുകുന്നില്‍ റെയില്‍വെ ട്രാക്കില്‍ ആതിര എസ്.നായരും എസ്.രാജിയും മരിച്ചനിലയിലും ആര്യ കെ.സുരേഷ് ഗുരുതരമായി പരിക്കേറ്റനിലയിലും കിടക്കുന്നതായി കണ്ടു. കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനായി കോന്നിയിലെത്തിയ ഉന്നത പോലീസുദ്യോഗസ്ഥന്‍ കുട്ടികളുടെ യാത്രാവിവരമാണ് അറിയിച്ചത്. ഫേയ്‌സ്ബുക്ക് കൂട്ടായ്മയില്‍നിന്നുണ്ടായ ചില ബന്ധങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന് പ്രചരിച്ചിരുന്നു.

എന്നാല്‍, അതിന് വ്യക്തമായ തെളിവുകള്‍ ഇതുവരെ കിട്ടിയിട്ടില്ല. തീവണ്ടിമാര്‍ഗം രണ്ടുതവണ ബംഗ്ലൂരുവിലേക്ക് പോയിട്ടും അവിടെ പകല്‍സമയം ചെലവഴിച്ചിട്ടും അങ്കമാലിയില്‍ ബസ്സില്‍ യാത്ര ചെയ്തിട്ടും കുട്ടികളെ കണ്ടെത്താന്‍ കഴിയാതിരുന്നത് അന്വേഷണത്തിലെ പാളിച്ചകളാണെന്ന് ആരോപണം ഉണ്ടായിരുന്നു. കുട്ടികളില്‍നിന്ന് നഷ്ടപ്പെട്ടുപോയതായി കരുതുന്ന ടാബ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

പോലീസന്വേഷണം തൃപ്തികരമല്ലെന്ന് ഐ.ജി.െയ സന്ദര്‍ശിച്ച സി.പി.എം. നേതാക്കളായ ശ്യാംലാല്‍, സി.ജി.ദിനേശ്, എം.എസ്.ഗോപിനാഥന്‍ എന്നിവര്‍ പരാതിപ്പെട്ടു. പ്രതിഷേധസൂചകമായി സര്‍ക്കിള്‍ ഓഫീസ് പടിക്കല്‍ സി.പി.എം. പ്രവര്‍ത്തകര്‍ കുത്തിയിരിപ്പും നടത്തി. ഐ.ജി.യുടെ കണ്ടെത്തലുകളില്‍ അഖില കേരള വീരശൈവസഭ പ്രതിഷേധമറിയിച്ചു. കുട്ടികളുടെ മരണകാരണം ആത്മഹത്യയാണെന്നുള്ള ഐ.ജി.യുടെ നിഗമനം ശരിയല്ലെന്ന് സഭയുടെ സംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞുമോന്‍ പറഞ്ഞു. മരിച്ച പെണ്‍കുട്ടികളെ മര്‍ദ്ദിച്ച ലക്ഷണം കണ്ടതായി വീരശൈവസംഘടനാ നേതാവ് പറഞ്ഞു. കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു.

 

 




MathrubhumiMatrimonial