
പോലീസ് ഉഴപ്പിയ കേസ് തെളിയിച്ചത് ക്രൈംബ്രാഞ്ചിന്റെ 'പെര്‍ഫക്ട് ടീം'
Posted on: 15 Jul 2015

കാസര്‍കോട്: സംശയിക്കാവുന്ന സാഹചര്യങ്ങളും മൊഴി വൈരുധ്യങ്ങളുമുള്ള സഫിയ വധക്കേസില്‍ ഒന്നരവര്‍ഷം ലോക്കല്‍ പോലീസ് നന്നായി ഉഴപ്പിയപ്പോള്‍, 50 ദിവസം കൊണ്ട് തെളിയിച്ചത് ക്രൈംബ്രാഞ്ചിന്റെ 'പെര്‍ഫക്ട് ടീം'. കേസന്വേഷണം മികച്ചതെന്ന് കോടതി തന്നെ പ്രശംസിക്കുമ്പോള്‍ അത് വിരമിച്ചവര്‍ക്ക് കൂടിയുള്ള അംഗീകാരമാണ്. രാപകലില്ലാതെ അധ്വാനിച്ചതിനുള്ള, പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്തതിനുള്ള, സമ്മര്‍ദങ്ങളില്‍ തളര്‍ന്ന് പോകാഞ്ഞതിനുള്ള അംഗീകാരം കൂടിയാണ്.
അക്ഷരാര്‍ഥത്തില്‍ സഫിയ കേസ് ലോക്കല്‍ പോലീസ് ബോധപൂര്‍വം അവഗണിക്കുകയായിരുന്നു. 'കാണാതായി' എന്നതില്‍ ഉറച്ച് നില്‍ക്കാനാണ് അന്ന് ജില്ലയിലുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ ശ്രമിച്ചത്. എന്നാല്‍ ഒരു നാട് മുഴുവന്‍, മകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിരക്ഷരരായ മാതാപിതാക്കള്‍ക്ക് പിന്നില്‍ അടിയുറച്ച് നിന്നപ്പോള്‍ അടിത്തറയിളകിയത് ലോക്കല്‍ പോലീസിനായിരുന്നു.
സമരക്കാരുടെ ആവശ്യം പരിഗണിച്ച് ആഭ്യന്തരവകുപ്പ് 2008 മെയ് 20ന് കേസ് കണ്ണൂര്‍ സി.ബി.സി.ഐ.ഡിക്ക് കൈമാറി. ഡിവൈ.എസ്.പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സി.ഐ.ഡി. ടീമാണ് സഫിയ കേസ് തെളിയിച്ചത്. കേസ് ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം സി.ഐ. ആയിരുന്നു. അന്ന് ഹംസ നല്കിയ മൊഴിയിലെ പിശകുകള്‍ കണ്ടെത്തുകയും ഇതെല്ലാം ചൂണ്ടിക്കാട്ടി ഹംസയെക്കൊണ്ട് സത്യം പറയിപ്പിച്ചതും എസ്.ഐ. ആയ വി.എം.ധന്‍രാജ് ആണ്. അന്ന് ഹെഡ്‌കോണ്‍സ്റ്റബിളായിരുന്നു അദ്ദേഹം. മറ്റൊരു എസ്.ഐ. ആയ കെ.ജനാര്‍ദനന്‍, റിട്ട.എ.എസ്.ഐമാരായ വിജയഗോപാലന്‍, മുസ്തഫ, കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മധുസൂദനന്‍, പോലീസ് ഡ്രൈവര്‍ സജീവന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.
ക്രൈംബ്രാഞ്ചും ലോക്കല്‍പോലീസും തമ്മില്‍ വടംവലിയായിരുന്നു .ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലുകളും ലഭിക്കുന്ന മൊഴിയും വരെ ഹംസയിലേക്കെത്തിയിരുന്നു. ചുറ്റുമുള്ള ചുവരുകളെ പോലും വിശ്വസിക്കാതെയാണ് അന്വേഷണസംഘം ഓരോ ചുവടുംമുന്നോട്ട് വെച്ചത്. സംഘത്തെ 'വല'യിലാക്കാന്‍ ഹംസ പതിനെട്ടടവും പയറ്റിയിരുന്നു.
ഹംസയും ഭാര്യ മൈമുനയും പലതവണ ആവര്‍ത്തിച്ച മൊഴിയിലെ നുണ കണ്ടെത്തിയത് ധന്‍രാജ് ആയിരുന്നു. ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്ന വഴി സഫിയയുമൊത്ത് ഉപ്പളയിലെ ഒരു കടയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നും എന്തൊക്കെയാണ് കഴിച്ചതെന്നും ഹംസയും മൈമുനയും കൃത്യമായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഇരുവരെയും രണ്ട് മുറിയില്‍ ഇരുത്തി സഫിയ ഇരുന്നത് എവിടെയാണെന്ന ചോദ്യത്തിന് മുന്നിലാണ് പതറിപ്പോയത്. അവിടെ നിന്നാണ് സഫിയ കാസര്‍കോട് എത്തിയില്ലെന്നത് അന്വേഷണ സംഘം ഉറപ്പിക്കുന്നത്.
ഇതിന് പുറമെ ഹംസയും കൂട്ടാളികളും സഫിയ കൊല്ലപ്പെട്ട ശേഷം പോലീസിനോട് എന്തൊക്കെ പറയണം എന്ന് ചര്‍ച്ച ചെയ്തതിന്റെ ഓഡിയോ ധന്‍രാജിന് ഒരു സുഹൃത്ത് വഴി ലഭിച്ചു. ഹംസയ്‌ക്കൊപ്പം അന്നുണ്ടായിരുന്ന ഒരാള്‍ കൗതുകത്തിനായി മൊബൈലില്‍ റെക്കോഡ് ചെയ്തതായിരുന്നു അത്. പിന്നീട് ഹംസയുടെ അളിയനെക്കൊണ്ടും മൈമുനയുടെ ഉമ്മയെക്കൊണ്ടും സഫിയ കാസര്‍കോട്ടെ വീട്ടില്‍ എത്തിയിരുന്നില്ലെന്ന സത്യം പറയിപ്പിച്ചതും ധന്‍രാജ് ആയിരുന്നു.
രണ്ട് സംസ്ഥാനങ്ങള്‍, കൊലപാതകത്തിന്റെ പഴക്കം, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍, ലോക്കല്‍ പോലീസിന്റെ 'അടവുകള്‍' എന്നിവയെല്ലാം അന്വേഷണ സംഘത്തെ വലച്ച കാര്യങ്ങളാണ്. ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടിയതും അവരുടെ സഹകരണവും അന്വേഷണത്തില്‍ ഉപയോഗിച്ച തന്ത്രജ്ഞതയും ഈ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍വരെ ചര്‍ച്ചയാകാന്‍ ഇടയായി.
