Crime News

ആനവേട്ട: അന്വേഷണം ചെന്നെത്തിയത് കോടികള്‍ മറിയുന്ന ആനക്കൊമ്പ് കച്ചവടത്തില്‍

Posted on: 14 Jul 2015


കോതമംഗലം: ആനവേട്ട കേസ് അന്വേഷണം ചെന്നെത്തിയത് കോടികള്‍ മറിയുന്ന ആനക്കൊമ്പ് കച്ചവടത്തില്‍. ആനകളെ കൊന്ന് കൊമ്പെടുത്ത സംഘത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. തിരുവനന്തപുരത്തുനിന്ന് 13 പ്രതികളും കുട്ടമ്പുഴയില്‍ നിന്ന് മൂന്ന് പ്രതികളുമാണ് അറസ്റ്റിലായിട്ടുള്ളത്. നാല്‍പ്പതിലധികം ആനകളെ കൊന്ന് കൊമ്പെടുത്ത ആറ് പ്രതികളും തിരുവനന്തപുരത്ത് കൊമ്പുകൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്ന മുഖ്യപ്രതികളുമൊന്നും ചിത്രത്തില്‍ വന്നിട്ടില്ല.
വന്‍സ്രാവുകള്‍ രാഷ്ട്രീയത്തിന്റേയും ഉദ്യോഗസ്ഥരുടേയും തണലില്‍ കഴിയുകയാണ്. തിരുവനന്തപുരം ടി.സി. 36-246 വീട്ടില്‍ പ്രിസ്റ്റണ്‍ സില്‍വ (57), തിരുവനന്തപുരം മുട്ടത്തറ ശ്രീവത്സം ലെയ്‌നില്‍ ശ്രീവരാഹം വീട്ടില്‍ ബീഡി മണിയന്‍ എന്ന ശ്രീകണ്ഠന്‍ നായര്‍ (56), കടകംപിള്ളി ശംഖുംമുഖം, പുത്തന്‍വീട്ടില്‍ കെ. സുരേഷ്‌കുമാര്‍ (48), പേട്ട പുത്തന്‍ റോഡ് പറക്കുടി ലെയ്‌നില്‍ തൊണ്ടിവിളാകത്ത് ബി.എസ്. സുനില്‍, മുട്ടത്തറ ടി.സി. 45-993 വീട്ടില്‍ റോമിന്‍ ആല്‍ബി (48), കവടിയാര്‍ നന്ദന്‍കോട് ശാലോം വീട്ടില്‍ ആന്റണി (57), കടകംപിള്ളി കല്ലുമോട് മധുമുത്ത് വീട്ടില്‍ അജിത്കുമാര്‍ (27) എന്നീ പ്രതികളെ കാലടി മജിസ്‌ട്രേട്ട് കോടതിയില്‍ ഞായറാഴ്ച രാത്രി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കടകംപിള്ളി ഗുരുദേവ ഗ്രന്ഥശാലാ ലെയ്‌നില്‍ ഒരു വാതില്‍കോട്ടയില്‍ ബ്രൈറ്റ് അജി (34), വെഞ്ഞാറമ്മൂട് മുതാക്കല്‍ പരമേശ്വരം കോളനിയില്‍ വിജയന്‍ (69), പേട്ട വട്ടത്തൊഴുത്തില്‍ അനില്‍കുമാര്‍ (48) എന്നിവരെ കോതമംഗലം നമ്പര്‍ ടു മജിസ്‌ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ച രാവിലെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവരെ കൂടാതെ തിരുവനന്തപുരത്തുനിന്ന് ചാക്ക രവി, വില്യംസ്, ഷോജ എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വില്യംസിന്റെ സഹോദരനാണ് റിമാന്‍ഡിലായ പ്രിസ്റ്റണ്‍ സില്‍വ. ഇയാളുടെ ഭാര്യയാണ് ഷോജ. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ആനക്കൊമ്പ് ശില്പ കച്ചവടത്തിലെ മുഖ്യകണ്ണിയായ തങ്കച്ചി ഒളിവിലാണ്.
തിരുവനന്തപുരം സ്വദേശിനിയായ ഇവര്‍ കൊല്‍ക്കത്തയില്‍ ആനക്കൊമ്പ് കരകൗശല വസ്തുക്കളുടെ വില്‍പ്പനക്കാരിയാണ്.
തിരുവനന്തപുരത്ത് നിന്ന് പിടികൂടിയവരൊന്നും സമ്പന്നരല്ല. വീടുകളില്‍ ആനക്കൊമ്പ് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി കൊടുക്കുന്ന ശില്പികളാണ് ഒട്ടുമിക്കവരും. ചാക്ക രവിയും വില്യംസും പ്രിസ്റ്റണ്‍ സില്‍വയും ബ്രൈറ്റ് അജിയുമാണ് വന്‍തോക്കുകളുമായി ബന്ധമുള്ളവരെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കേസിലെ ഒന്നാം പ്രതി വനപാലകര്‍ മുമ്പാകെ കീഴടങ്ങിയ കെ.ഡി. കുഞ്ഞുമോനാണ്. രണ്ടാം പ്രതി അയ്ക്കരമറ്റം വാസുവുമാണ്. പുത്തന്‍പുരയ്ക്കല്‍ എല്‍ദോസ്, ഉറവങ്ങച്ചാലില്‍ ജിജോ, മലയംകണ്ടത്തില്‍ അജേഷ്, കൂവപ്പാറ സ്വദേശി ഷിബു എന്നിവരാണ് മറ്റ് പ്രതികള്‍. കുഞ്ഞുമോനെ കൂടാതെ ഇവരുടെ കൂട്ടുപ്രതി റെജിയും റിമാന്‍ഡിലാണ്.

 

 




MathrubhumiMatrimonial