Crime News

പി.വി.സി.യുടെ പ്രബന്ധം: നേരിട്ടുള്ള പരിശോധനയിലും കോപ്പിയടി തെളിഞ്ഞു

Posted on: 14 Jul 2015


* ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും
സിന്‍ഡിക്കേറ്റ് ജൂലായ് 15ന്


തിരുവനന്തപുരം:
കേരള സര്‍വകലാശാല പി.വി.സി.യുടെ ഗവേഷണപ്രബന്ധം കോപ്പിയടിയാണെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കെ, ആക്ഷേപം ശരിവെച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. പി.വി.സി. എന്‍.വീരമണികണ്ഠന്റെ പി എച്ച്.ഡി. പ്രബന്ധത്തില്‍ ഭൂരിഭാഗവും മറ്റുലേഖനങ്ങളില്‍നിന്ന് പകര്‍ത്തിയതാണെന്ന ആദ്യറിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് വിദഗ്ദ്ധ പരിശോധനാ റിപ്പോര്‍ട്ടുകളും.
ജൂലായ് 15ന് ചേരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
കാലിക്കറ്റില്‍ നിന്നാണ് ഇദ്ദേഹം മനഃശാസ്ത്രത്തില്‍ പിഎച്ച്.ഡി. എടുത്തത്. ഇതുസംബന്ധിച്ച് ആക്ഷേപം വന്നപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല വി.സി. ഡോ.അബ്ദുള്‍ സലാം പ്രബന്ധം ഡല്‍ഹി സര്‍വകലാശാല മനഃശാസ്ത്രവിഭാഗം മേധാവി ഡോ. ചദ്ദയ്ക്ക് പരിശോധനയ്ക്ക് അയച്ചുകൊടുത്തിരുന്നു. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അദ്ദേഹം നടത്തിയ പരിശോധനയില്‍ ആക്ഷേപം ശരിയെന്ന് കണ്ടിരുന്നു.
എന്നാല്‍ പ്രബന്ധം നേരിട്ട് പരിശോധിക്കണമെന്ന അഭിപ്രായമുയര്‍ന്നു. തുടര്‍ന്നിത് അലിഗഢ് സര്‍വകലാശാലയിലെ ഡോ. അക്ബര്‍ ഹുസൈന്‍, അമൃത്സര്‍ ഗുരുനാനാക്ക് സര്‍വകലാശാലയിലെ ഡോ. എന്‍.എസ്.തുങ് എന്നിവര്‍ക്ക് വി.സി. അയച്ചുകൊടുത്തു. ശരാശരി നിലവാരംപോലും ഇല്ലാത്ത പ്രബന്ധത്തില്‍ ഇന്‍ര്‍നെറ്റില്‍ നിന്നും മറ്റുപ്രസിദ്ധീകരണങ്ങളില്‍ നിന്നുമുള്ള പകര്‍ത്തെഴുത്ത് ഉണ്ടെന്ന് ഡോ. അക്ബര്‍ ഹുസൈന്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആമുഖം അടക്കം എല്ലാ വിഭാഗത്തിലും കോപ്പിയടിയുണ്ടെന്നാണ് ഡോ. തുങ്ങിന്റെ റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ്, വിദേശഗവേഷകരുടെ പ്രസിദ്ധീകരണങ്ങള്‍ എന്നിവയില്‍ നിന്നെടുത്ത ഭാഗങ്ങള്‍, ആവിവരം മറച്ചുവെച്ച് സ്വന്തം കണ്ടെത്തലെന്ന നിലയിലാണ് അവതരിപ്പിച്ചത്- റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിയെക്കുറിച്ച ് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. സര്‍വകലാശാല വീരമണികണ്ഠനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ പ്രബന്ധം തന്റെ സ്വന്തം സൃഷ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതേത്തുടര്‍ന്നാണ് പ്രബന്ധം വായിച്ചുപരിശോധിപ്പിക്കാന്‍ കാലിക്കറ്റ് വി.സി. തീരുമാനിച്ചത്.
കോപ്പിയടി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയിലെ പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ. പോള്‍ ലഹ്‌റര്‍ തന്റെ പ്രസിദ്ധീകരണത്തിലെ കൂടുതല്‍ ഭാഗങ്ങള്‍ ഇതില്‍ വന്നിട്ടുണ്ടെന്നും അത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോപ്പിയടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളായിരിക്കും സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വെക്കുക.

 

 




MathrubhumiMatrimonial