
കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ വിധി ഇന്ന്
Posted on: 14 Jul 2015
കേരളത്തിലെ അപൂര്‍വമായ കേസ്
കാസര്‍കോട്: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ പൂര്‍ണമായും ശാസ്ത്രീയ-സാഹചര്യത്തെളിവുകളിലൂടെയാണ് കേസ് തെളിയിച്ചത്. ഇത്തരത്തില്‍ തെളിയക്കപ്പെട്ട് കോടതിയില്‍ വിധിപറയുന്ന കേരളത്തിലെ രണ്ടാമത്തെ കേസാണിത്. ആദ്യകേസ് എറണാകുളം കോതമംഗലത്ത് 2009-ല്‍ നടന്ന അജാസ് കൊലക്കേസാണ്.
ഗോവയിലെ കരാറുകാരനായ മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി.ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്ന സഫിയയെ 2006 ഡിസംബറില്‍ കാണാതാകുന്നതോടെയാണ് കേസിന്റെ തുടക്കം. ഒന്നരവര്‍ഷത്തിന് ശേഷം ലോക്കല്‍ പോലീസില്‍നിന്ന് ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റിയതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിയുന്നത്. 2008 ജൂലായ് ഒന്നിനാണ് കേസിലെ ഒന്നാംപ്രതി ഹംസയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2008 ജൂലായ് ആറിന് ഗോവയില്‍നിന്ന് സഫിയയുടെ അസ്ഥികൂടം കുഴിച്ചെടുത്തു. തലയോട്ടിയില്‍നിന്നും മറ്റ് അവശിഷ്ടങ്ങളില്‍നിന്നും ഒരാളുടെ മുഖചിത്രം കമ്പ്യൂട്ടര്‍ മുഖാന്തരം വികസിപ്പിക്കുന്ന സൂപ്പര്‍ ഇമ്പോസിഷന്‍ ടെസ്റ്റിലൂടെയും ഡി.എന്‍.എ. ടെസ്റ്റിലൂടെയുമാണ് അസ്ഥികൂടം സഫിയയുടേതാണെന്ന് തെളിയക്കപ്പെട്ടത്.
കുടകിലായിരുന്ന സഫിയയെ കാസര്‍കോട്ട് എത്തിച്ച ദൊഡ്ഡപ്പള്ളി മൊയ്തു ഹാജിയാണ് കേസിലെ രണ്ടാംപ്രതി. ഹംസയുടെ ഭാര്യ മൈമുന മൂന്നാംപ്രതിയും ഹംസയുടെ ബന്ധുവായ എം.അബ്ദുള്ള നാലാംപ്രതിയുമാണ്. എ.എസ്.ഐ. ആയി വിരമിച്ച ഗോപാലകൃഷ്ണനാണ് അഞ്ചാംപ്രതി.
