goodnews head

അമ്മൂമ്മയുടെ തണലില്‍ കഴിയുന്ന സഹോദരന്‍മാര്‍ക്ക് സഹപാഠികള്‍ വീടൊരുക്കുന്നു

Posted on: 13 Jul 2015


തിരുവല്ല: റോഷനും ഷാരോണിനുമായി വീടൊരുക്കാന്‍ സഹപാഠികള്‍ കൈകോര്‍ക്കുന്നു.തിരുമൂലവിലാസം യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും.അമ്മ ഉപേക്ഷിച്ച് പോവുകയും അച്ഛന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ അമ്മൂമ്മയുടെ ചെറിയ കൂരയാണിവര്‍ക്കഭയം.കുട്ടികളുടെ അച്ഛനായ ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് വെട്ടിക്കല്‍ ഷൈജു ഒരു വര്‍ഷം മുമ്പാണ് ആത്മഹത്യചെയ്തത്.അതിന് ഒരുവര്‍ഷംമുമ്പ് അമ്മ ഉപേക്ഷിച്ചു.ഷൈജുവിന്റെ അമ്മ രാജമ്മയുടെ ചുമതലയിലായി ഏഴാം ക്ലാസ്സുകാരന്‍ റോഷനും മൂന്നില്‍ പഠിക്കുന്ന ഷാരോണും.ഇടിഞ്ഞുവീഴാറായ ഒരുമുറിവീട് പുതുക്കാന്‍ രാജമ്മയുടെ ഇത്തിരിപ്പോന്ന വരുമാനം മതിയാകില്ലായിരുന്നു.
സഹോദരങ്ങളുടെ ദുരിതമറിഞ്ഞ കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളുടെ സഹകരണത്തോടെ ആറ് ലക്ഷം രൂപയുടെ വീട് പണിതുനല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.പി.ടി.എ.ജനറല്‍ബോഡി തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കി.പ്രഥമാധ്യാപിക സിസ്റ്റര്‍ ലിനറ്റ്,പി.ടി.എ.പ്രസിഡന്റ് ടി.എ.റെജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.സ്‌നേഹക്കൂടെന്നാണ് കൂട്ടുകാര്‍ ഒരുക്കുന്ന വീടിന് പേരിട്ടിരിക്കുന്നത്.എസ്.ബി.ടി. തിരുമൂലപുരം ബ്രാഞ്ചില്‍ പ്രഥമാധ്യാപികയുെടയും പി.ടി.എ. പ്രസിഡന്റിന്റെയും പേരില്‍ അക്കൗണ്ടും തുടങ്ങി.നമ്പര്‍: 67327595750

 

 




MathrubhumiMatrimonial