
കസ്റ്റഡിമരണആരോപണം: മൃതദേഹവുമായി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്
Posted on: 13 Jul 2015

കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ പരിക്കേറ്റ് ആസ്പത്രിയില്‍ മരിച്ച ദലിത് യുവാവിന്റെ മൃതദേഹവുമായി എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. സ്റ്റേഷനുസമീപം പോലീസ് മാര്‍ച്ച് തടഞ്ഞു. പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ക്കുമുന്നില്‍ മൃതദേഹം വഹിച്ച ആംബുലന്‍സുമായി നേതാക്കളും പ്രവര്‍ത്തകരും നടുറോഡിലിരുന്ന് പ്രതിഷേധിച്ചു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്‌ക്കൊടുവില്‍ എറണാകുളം റേഞ്ച് ഐ.ജി. എം.ആര്‍.അജിത്കുമാര്‍, ജില്ലാകളക്ടര്‍ യു.വി.ജോസ്, ജില്ലാ പോലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
സിബിയുടെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്യുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി. പോലീസിന്റെ നടപടിക്രമങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകീട്ട് ഏഴരയോടെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു. ജനമധ്യത്തില്‍ 15 മിനുട്ടുനീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമായത്.
മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ സിബിയാണ്(40) പോലീസ് കസ്റ്റഡിയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയ്ക്ക് മുന്നു മണിയോടെ വിലാപയാത്രയായാണ് സിബിയുടെ മൃതദേഹം ജന്മനാട്ടിേലക്ക് കൊണ്ടുപോയത്. മൃതദേഹം കൊണ്ടുവരുന്നതിന് മണിക്കുറുകള്‍ക്കു മുമ്പേ അവിടെ നാട്ടുകാരും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു.
വൈകീട്ട് നാലരയോടെ ജന്‍മനാടിന്റെ പ്രതിഷേധച്ചൂടിലേക്ക് സിബിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് എത്തി. എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍, സുരേഷ് കുറുപ്പ് എം.എല്‍.എ, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സി.പി.ഐ. സംസ്ഥാനസമിതിയംഗം വി.ബി.ബിനു, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് എത്തുന്നതിനുമുമ്പേ 100 മീറ്റര്‍ അകലെ ബാരിക്കേഡുകള്‍വച്ച് നൂറോളം പോലീസുകാര്‍ പ്രതിരോധം തീര്‍ത്തിരുന്നു. ബാരിക്കേഡിനുമുന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യംവിളികളോടെ അണിനിരന്നു. തൊട്ടു പിന്നില്‍ ആംബുലന്‍സുംനേതാക്കളും. പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. പോലീസും നേതാക്കളും സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. സമരം അവസാനിച്ചശേഷം മരങ്ങാട്ടുപിള്ളികവലയില്‍ അല്പസമയം പൊതുദര്‍ശനത്തിനുവച്ചശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍നടക്കും.
രാവിലെ കോട്ടയം മെഡിക്കല്‍കോളേജില്‍ പോലീസിനെ ഒഴിവാക്കിയാണ് ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോലീസ് എതിര്‍കക്ഷിയായതിനാലാണ് പോലീസുദ്യോഗസ്ഥരെ മാറ്റിനിര്‍ത്തിയത്. പാലാ ആര്‍.ഡി.ഒ. സി.വി.പ്രകാശ്, ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ബിജുകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിദഗ്ധഡോക്ടര്‍മാരുടെ സംഘമാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. പുറത്തുനിന്നുള്ള ഫോട്ടോ, വീഡിയോഗ്രാഫര്‍മാരെ ഉപയോഗിച്ച് ഇത് പകര്‍ത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കളും എല്‍.ഡി.എഫ്. നേതാക്കളും മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു.
