Crime News

കര്‍ണാടകയിലെ ചന്ദന കള്ളക്കടത്ത് കേസിലെ പ്രതി മണര്‍കാട്ട് പിടിയില്‍

Posted on: 13 Jul 2015


മണര്‍കാട്: കര്‍ണാടകയിലെ ചന്ദന കള്ളക്കടത്ത് കേസില്‍പ്പെട്ട് കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മണര്‍കാട് പോലീസ് പിടികൂടി. ഇയാളെ പിന്നീട് കര്‍ണാടക പോലീസിന് കൈമാറി. മണര്‍കാട് എരുമപ്പെട്ടിക്ക് സമീപം പ്ലാസ്റ്റിക് കമ്പനി നടത്തിവന്ന തിരുവനന്തപുരം മണക്കാട് മുക്കോലക്കല്‍ ക്ഷേത്രത്തിന് സമീപം ശ്രീവരാഹം ടി.സി. നം.42/498/2 ല്‍ മധു കെ.പിള്ള(43)യാണ് അറസ്റ്റിലായത്.

കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ കര്‍ണാടക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. കര്‍ണാടക പോലീസ് കേരള പോലീസിന്റെ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടയം നട്ടാശ്ശേരിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസ് മണര്‍കാട് പോലീസിന്റെ സഹായം തേടുകയായിരുന്നു. മണര്‍കാട് എസ്.ഐ. പി.സി.ജോണ്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ആദ്യം കുറ്റം നിഷേധിച്ച മധു, ചോദ്യംചെയ്യലില്‍ പ്രതി താന്‍തന്നെയാണെന്ന് സമ്മതിക്കുകയായിരുന്നു.

ഏറെ നാളായി ഇയാള്‍ മണര്‍കാട്ടെത്തി എരുമപ്പെട്ടിക്ക് സമീപം പ്ലാസ്റ്റിക് കമ്പനി നടത്തിവരികയായിരുന്നു. കമ്പനി നടത്തിപ്പിലെ പങ്കാളിയുമായി നേരത്തെയുണ്ടായ തര്‍ക്കമാണ് പ്രതിയെ പൈട്ടന്നുതന്നെ കണ്ടെത്താന്‍ മണര്‍കാട് പോലീസിന് സഹായകമായത്. അറസ്റ്റ് ചെയ്ത് കര്‍ണാടക പോലീസിന് കൈമാറിയ പ്രതിയെ ഞായറാഴ്ചതന്നെ കര്‍ണാടകയിലേക്ക് കൊണ്ടുപോയി.

 

 




MathrubhumiMatrimonial