Crime News

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Posted on: 13 Jul 2015


എക്‌സൈസ് സംഘത്തെ ആക്രമിച്ച സംഭവം:


അടൂര്‍: റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിക്കുകയും പ്രിവന്റീവ് ഓഫീസറെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവല്ല എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ താമരക്കുളം കിഴക്ക് ബംഗ്ലാവ്വിളയില്‍ അന്‍സാരി(41) യെയാണ് അടൂര്‍ സി.ഐ. എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജൂലായ് ഒന്നിന് രാത്രി എട്ടരയോടെ വീട്ടില്‍ മദ്യം വില്‍ക്കുന്നുവെന്നറിഞ്ഞെത്തിയ എക്‌സൈസ് ഇന്റലിജന്‍സ് സംഘത്തിനുനേരെ കടമ്പനാട് മാഞ്ഞാലില്‍ രാജീവം വീട്ടില്‍ വെച്ച് ആക്രമണമുണ്ടാകുകയും പ്രിവന്റീവ് ഓഫീസറായ ബി.ബിജുവിന്റെ തലയ്ക്ക് കമ്പിവടികൊണ്ട് അടിയേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ രാജീവം വീട്ടില്‍ രാജീവ് (46), ഭാര്യ രാജി (36), അന്തിച്ചിറ രാജേഷ്ഭവനില്‍ അനീഷ്‌കുമാര്‍ (36), മലങ്കാവ് പൊന്നാലയം രതീഷ് (33) എന്നിവര്‍ പിടിയിലായിരുന്നു.

പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ അന്‍സാരി സഹായം ചെയ്തുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതികളുടെ വാഹനം അന്‍സാരി സ്ഥലത്തുനിന്ന് മാറ്റുകയും താമരക്കുളത്തിനടുത്ത് ഒരു വര്‍ക്ക്‌ഷോപ്പില്‍ ഒളിപ്പിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം രാജീവും ഭാര്യയും നിരവധി തവണ അന്‍സാരിയുടെ ഫോണിലേക്ക് വിളിച്ചതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് അന്‍സാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതില്‍ നിന്നാണ് എക്‌സൈസ് സംഘത്തെ ആക്രമിച്ച പ്രതികളെ എറണാകുളത്തുനിന്ന് പിടികൂടിയത്.

നിരവധി അബ്കാരി കേസില്‍ പ്രതിയായ രാജീവുമായും മദ്യമാഫിയയുമായും അന്‍സാരിക്ക് ഏറെക്കാലമായി അവിശുദ്ധകൂട്ടുകെട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമണം നടത്തുന്ന സ്ഥലത്തുനിന്ന് പ്രതി കടത്തിയ മദ്യമാഫിയാസംഘത്തിന്റെ വാഹനം പോലീസ് താമരക്കുളത്ത് വര്‍ക്ക്‌ഷോപ്പില്‍നിന്ന് കണ്ടെടുത്തു. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial