Crime News

മുംബൈയില്‍ പെണ്‍കുട്ടി ഒരേ സംഘത്താല്‍ ഇരട്ടപീഡനത്തിന് ഇരയായി

Posted on: 11 Jul 2015


മുംബൈ: പതിനേഴുകാരിയായ പെണ്‍കുട്ടി ഒരേ സംഘത്താല്‍ രണ്ടു തവണ പീഡിപ്പിക്കപ്പെട്ടു. ആദ്യ പീഡനത്തിന് ശേഷം സംഘത്തെ കുടുക്കാന്‍ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ച യുവതിക്കാണ് മഹാരാഷ്ട്രയിലെ ജല്‍നയില്‍ ഈ ദുരനുഭവമുണ്ടായത്. സംഘത്തെ കുടുക്കാന്‍ പദ്ധതിയിട്ട പോലീസിന്റെ പിടിപ്പുകേടാണ് പെണ്‍കുട്ടി രണ്ടാമതും പീഡിപ്പിക്കപ്പെടാന്‍ കാരണം. പദ്ധതി തയ്യാറാക്കിയ പോലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, രണ്ടു പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

സുഹൃത്തിനൊപ്പം നടന്നു പോവുമ്പോള്‍ വിജനമായ സ്ഥലത്തുവെച്ച് ഇവരെ വളഞ്ഞു പിടികൂടിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് യുവതിയെ മാനഭംഗപ്പെടുത്തുക മാത്രമല്ല; പീഡനം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും അവര്‍ കവര്‍ന്നെടുത്തു.

ഇതിനുശേഷം മൊബൈല്‍ ക്ലിപ്പും ഫോണും തരികെ നല്‍കണമെങ്കില്‍ 2,000 രൂപ നല്‍കണമെന്ന് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ചു ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം നഗരത്തില്‍ ഒരിടത്ത് വെച്ച് മൊബൈല്‍ കൈമാറാമെന്നും അമ്മ സമതിച്ചു. പോലീസ് ഒരുക്കിയ പദ്ധതി പ്രകാരമാണാണ് പെണ്‍കുട്ടി സംഘത്തെ കാണാന്‍ പോയത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തെത്തും മുമ്പ് സംഘത്തിലെ രണ്ടുപേര്‍ വഴിയില്‍വെച്ച് പെണ്‍കുട്ടിയെ വീണ്ടും പിടികൂടി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി തിരികെ സ്റ്റേഷനിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പിടികൂടാനായത്. ഇരുവരും സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് മുമ്പും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial