Crime News

മൂന്നാംക്ലാസുകാരനെ കഴുത്തറുത്ത് കൊന്നത് പൂര്‍വവൈരാഗ്യത്താലെന്ന് പ്രതിയുടെ മൊഴി

Posted on: 11 Jul 2015


കാഞ്ഞങ്ങാട്: കല്യോട്ട് കണ്ണോത്തെ മൂന്നാംക്ലാസ് വിദ്യാര്‍ഥി ഫഹദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കണ്ണോത്തെ വലിയവളപ്പില്‍ വിജയകുമാറിനെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്‍ഡ് ചെയ്തു. പൂര്‍വവൈരാഗ്യമാണ് കൊല്ലാനുള്ള കാരണമെന്ന് പ്രതി മൊഴി നല്കിയതായി പോലീസ് പറഞ്ഞു.

ഫഹദിന്റെ പിതാവ് അബ്ബാസിനോടും കുടുംബത്തോടും വലിയ പകയാണ് തനിക്കുള്ളതെന്നും ഇയാള്‍ പറഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ പറഞ്ഞു. പൂര്‍വവൈരാഗ്യത്തിനുള്ള കാരണമെന്തെന്ന് പോലീസിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാന്‍ പ്രതി കൂട്ടാക്കിയില്ല.

വ്യാഴാഴ്ച രാവിലെയാണ് കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍വിദ്യാര്‍ഥിയും അബ്ബാസ്-ആയിഷ ദമ്പതിമാരുടെ മകനുമായ ഫഹദ് കൊല്ലപ്പെട്ടത്. സഹോദരിക്കും സഹപാഠിക്കുമൊപ്പം സ്‌കൂളിലേക്ക് പോകുന്ന വഴി ചാന്തന്‍മുള്ള് എന്ന സ്ഥലത്തെത്തിയപ്പോള്‍ കത്തിയുമായി ചാടിവീണ് വിജയകുമാര്‍ ഫഹദിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.അതേസമയം അന്വേഷണത്തില്‍ അതൃപ്തി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തെത്തി. പ്രതിയെ സംഭവസ്ഥലത്തെത്തിക്കാനോ തെളിവെടുക്കാനോ പോലീസ് തയ്യാറായില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

 

 




MathrubhumiMatrimonial