
11 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്: കോടാലി ശ്രീധരന്റെ കൂട്ടാളികള്‍ പിടിയില്‍
Posted on: 11 Jul 2015

ഷൊറണൂര്‍: ചെന്നൈയില്‍നിന്ന് കൊണ്ടുവരികയായിരുന്ന 11 കിലോ സ്വര്‍ണം പിന്തുടര്‍ന്ന് തട്ടിയെടുത്ത കേസിലെ പ്രതികളായ രണ്ടുപേരെ ഏഴുവര്‍ഷത്തിനുശേഷം പ്രത്യേക അന്വേഷണസംഘം പിടികൂടി. കുഴല്‍പ്പണക്കടത്തുകാരനും ഗുണ്ടാപട്ടികയിലുള്‍പ്പെട്ടയാളുമായ കോടാലി ശ്രീധരന്റെ കൂട്ടാളികളായ തൃശ്ശൂര്‍ കൊടകര വട്ടേക്കാട് കാവനാട് സ്വദേശി സുരേഷ് (45), കൊടകര കനകമല സ്വദേശി ടി.എ. ബാബു (48) എന്നിവരാണ് കൊടകരയില്‍നിന്ന് പിടിയിലായത്. 2007 ജൂലായ് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചെന്നൈയില്‍നിന്ന് പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയിലേക്ക് 11 കിലോ സ്വര്‍ണം കൊണ്ടുവരികയായിരുന്ന ജീവനക്കാരെ ചെന്നൈ മുതല്‍ പിന്‍തുടര്‍ന്നുവരികയായിരുന്നു കവര്‍ച്ചസംഘം. തീവണ്ടിയില്‍വന്ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ സംഘം കാറില്‍ ഒറ്റപ്പാലത്തെത്തി. തീവണ്ടിയില്‍ ഒറ്റപ്പാലത്തിറങ്ങിയ ജീവനക്കാര്‍ പെരിന്തല്‍മണ്ണവഴി കോഴിക്കോട്ടേക്കുള്ള ബസ്സില്‍ കയറുന്നതുകണ്ട സംഘം കാറില്‍ ബസ്സിനെ പിന്‍തുടര്‍ന്നു. ഒറ്റപ്പാലത്തിനടുത്ത് കുറ്റിക്കോട്ട് ബസ്സിനുകുറുകെ കാര്‍നിര്‍ത്തി ജീവക്കാരെ പിടിച്ചിറക്കി സ്വര്‍ണം തട്ടിയെടുത്തശേഷം ഇവരെ വരോട് ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
ചെന്നൈമുതല്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ സ്വര്‍ണം കൊണ്ടുപോവുകയായിരുന്ന ജീവനക്കാരെ പിന്‍തുടര്‍ന്നത്.
20 പേര്‍ പ്രതികളായ കേസില്‍ ഒന്നാംപ്രതിയായ കോടാലി ശ്രീധരന്‍ ഉള്‍പ്പെടെ 16 പേരെ നേരത്തേ പിടികൂടിയിരുന്നൂ. ബാക്കിയുള്ള നാലില്‍ രണ്ടുപേരാണ് ഇപ്പോള്‍ പിടിയിലായത്. ഇവരുടെ പേരില്‍ കൊടകര സ്റ്റേഷനില്‍ വിവിധ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഷൊറണൂര്‍ ഡിവൈ.എസ്.പി. ആര്‍. സുനീഷ്‌കുമാറാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. പട്ടാമ്പി എസ്.ഐ. പി.പി. കോമളകൃഷ്ണന്‍, കെ. സുനില്‍കുമാര്‍, എം.ബി. സജിത്ത് എന്നിവര്‍ തൃശ്ശൂര്‍ ഷാഡോപോലീസിലെ എസ്.ഐ. ചാക്കോ, സുഭാഷ്, ഷിനോജ് എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
