Crime News

ആ ഫോട്ടോ അവസാനത്തേതായി...

Posted on: 10 Jul 2015



പെരിയ: സ്‌കൂളില്‍പോകാന്‍ തിടുക്കപ്പെട്ട് ഒരുക്കം നടത്തുന്നതിനിടയിലും അവന്‍ വാശിപിടിച്ചു. ''ഉപ്പ എന്റെ ഫോട്ടോ മൊബൈലില്‍ എടുക്കണം''. മകന്റെ ഈ നിര്‍ബന്ധത്തിനുവഴങ്ങി അബ്ബാസ് ഫോട്ടോയെടുത്തു.
ആ ഫോട്ടോ അവസാനത്തേതാകുമെന്ന് ആരും കരുതിയില്ല. നിമിഷങ്ങള്‍ക്കുമുമ്പ് കൈവീശി യാത്രയാക്കിയ മകന് സംഭവിച്ച ദാരുണ അന്ത്യം ഉള്‍ക്കൊള്ളാന്‍ അബ്ബാസിന് ഇപ്പോഴും ആവുന്നില്ല. ഓട്ടോ ഡ്രൈവറായ അബ്ബാസ് പ്രാരബ്ദങ്ങള്‍ക്കിടയിലും മക്കളെ അല്ലലറിയിക്കാതെയാണ് വളര്‍ത്തിയത്.

കുടുംബവീട്ടില്‍ കഴിയുന്ന അബ്ബാസ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഫഹദിന് 'സാഫല്യം' പദ്ധതിവഴി വീട് അനുവദിച്ചുകിട്ടാന്‍ കഴിഞ്ഞദിവസമാണ് അപേക്ഷനല്കിയത്. സായി ട്രസ്റ്റ് കാഞ്ഞിരടുക്കത്ത് നിര്‍മിച്ചുനല്കുന്ന വീട്ടിലേക്ക് മാറിത്താമസിക്കാന്‍ സമ്മതമാണെന്നും അബ്ബാസ് അറിയിച്ചിരുന്നു. വ്യാഴാഴ്ച സമ്മതപത്രം എഴുതിവാങ്ങാനെത്തുമെന്ന് അബ്ബാസിനെ അറിയിച്ചിരുന്നതായി എന്‍!ഡോസള്‍ഫാന്‍ പാക്കേജിന്റെ ചുമതല വഹിക്കുന്ന സൂപ്പര്‍വൈസര്‍ പി.നാരായണി പറഞ്ഞു. അബ്ബാസിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കൊലപാതക വിവരമറിഞ്ഞതെന്ന് നാരായണി പറഞ്ഞു.

കാലിന് വൈകല്യമുണ്ടെങ്കിലും പഠനത്തില്‍ !മിടുക്കനായ കുട്ടിയായിരുന്നു ഫഹദ് എന്ന് ക്ലാസ് ടീച്ചര്‍ രേഖ പറയുന്നു. ബഹളങ്ങളില്ലാതെ മാറിയിരിക്കുന്ന ശാന്തനായ കുട്ടിയായിരുന്നു ഫഹദ് എന്നുംരേഖ പറയുന്നു. കണ്ണോത്തുനിന്നുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ഇടവഴിയിലൂടെ സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ഒന്നിച്ചാണ് ഫഹദ് സ്‌കൂളിലെത്തിയിരുന്നത്. കണ്‍മുന്നില്‍ കൂട്ടുകാരന്‍ പിടഞ്ഞുവീഴുന്നത് കണ്ടതിന്റെ നടുക്കം ഒപ്പമുണ്ടായിരുന്ന അബ്ദുള്‍അനസിന് ഇപ്പോഴും മാറിയിട്ടില്ല.

വിദ്യാര്‍ഥിയെ വെട്ടിക്കൊന്ന വിജയകുമാര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത ആള്‍

കാസര്‍കോട്: സ്‌കൂളിലേക്ക് പോകുമ്പോള്‍ പെരിയ കല്യോട്ടെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫയദിനെ വെട്ടിക്കൊന്ന കണ്ണോത്ത് വലിയവളപ്പിലെ വി.വി.വിജയകുമാര്‍ (35) രാജ്യ ദ്രോഹകുറ്റത്തിന് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത വ്യക്തി. 2014 ജൂണില്‍ മംഗലാപുരത്തിനും മലപ്പുറത്തിനുമിടയിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നാലു മാസത്തിനകം അട്ടിമറിയോ അപകടമോ ഉണ്ടാവുമെന്ന് മൊബൈല്‍ എസ്.എം.എസ്. അയച്ചതിനാണ് വിജയകുമാറിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റം പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കേസ് അന്വേഷിക്കുന്ന കോഴിക്കോട് റെയില്‍വേ ഇന്‍സ്‌പെക്ടര്‍ എ.കെ.ബാബു പറഞ്ഞു.

കേസ് നിലവിലുണ്ട്. അറസ്റ്റ് ചെയ്തതിനുശേഷം വിജയകുമാര്‍ ജാമ്യത്തില്‍ ഇറങ്ങി. ഇയാള്‍ എസ്.എം.എസ്. അയച്ച ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ തിരുവനന്തപുരത്ത് പരിശോധിക്കുകയാണ്. പരിശോധനാഫലം വരാത്തതിനാലാണ് നടപടി വൈകിയതെന്നും പോലീസ് അറിയിച്ചു.

2014 ജൂണ്‍ 27 ന് രാത്രി രാത്രി ഒന്‍പത് മണിയോടെയാണ് തിരുവനന്തപുരത്തെ റെയില്‍വേ കണ്‍ട്രോള്‍ സ്റ്റേഷനിലെ മൊബൈല്‍ നമ്പറില്‍ രണ്ട് മെസേജ് വന്നത്. റെയില്‍വേയുടെ മംഗലാപുരത്തിനും മലപ്പുറത്തിനുമിടയില്‍ നാല് മാസത്തിനകം അപകടമോ അട്ടിമറിയോ നടക്കുമെന്നായിരുന്നു എസ്.എം.എസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമ്പലത്തറ പരിധിയില്‍ കണ്ണോത്ത് വലിയവളപ്പിലെ വി.വി.വിജയകുമാറിന്റെ മൊബൈലില്‍ നിന്നാണ് മെസേജ് വന്നതെന്ന് കണ്ടെത്തി. പിറ്റേന്ന് പുലര്‍ച്ചെ കാസര്‍കോട് റെയില്‍വേ എസ്.ഐ. കെ.സുകുമാരന്‍, അമ്പലത്തറ എസ്.ഐ. ജോസ്‌കുട്ടി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വീട്ടില്‍ െവച്ച് അറസ്റ്റ് ചെയ്തു.

മെസേജ് അയച്ച മൊബൈലും ഇയാളില്‍ നിന്ന് പിടികൂടിയിരുന്നു. മൂന്ന് മെസേജുകള്‍ മൊബൈലില്‍ ഉണ്ടായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയാണ് വിജയകുമാര്‍. വിദ്യാഭ്യാസം കുറവാണെങ്കിലും ഇയാള്‍ക്ക് സാങ്കേതികമായി നല്ല അറിവുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മുറിയില്‍ ഇയാള്‍ നിര്‍മിച്ച മെക്കാനിക്കല്‍ സംബന്ധമായ ഉപകരണങ്ങള്‍ അന്ന് പരിശോധനയില്‍ പോലീസ് മനസിലാക്കിയിരുന്നു. റെയില്‍വേ ടിക്കറ്റില്‍ നിന്നാണ് കണ്‍ട്രോള്‍ മുറിയിലെ നമ്പര്‍ കിട്ടിയതെന്നാണ് അന്ന് വിജയകുമാര്‍ പോലീസിനോട് പറഞ്ഞത്.

 

 




MathrubhumiMatrimonial