Crime News

'പ്രേമം' അപ്ലോഡ് ചെയ്തത് നാലിടത്ത്‌

Posted on: 08 Jul 2015


തിരുവനന്തപുരം: പ്രേമം സിനിമ വിദ്യാര്‍ഥികള്‍ ഇന്റര്‍െനറ്റില്‍ അപ്ലോഡ് ചെയ്തത് നാലിടങ്ങളില്‍; കിക്ക്ആസ്, സിപ്പി എന്നീ വെബ്‌സൈറ്റുകള്‍, ഒരു ബ്ലോഗ്, രാജേഷ് നാരായണന്‍ എന്ന ഛായാഗ്രാഹകന്റെ പേരില്‍ ഉണ്ടാക്കിയ ഫെയ്‌സ്ബുക്ക് പേജ് എന്നിവിടങ്ങളില്‍. വ്യാജ ഐ.പി. വിലാസം ഉണ്ടാക്കാവുന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചശേഷമായിരുന്നു സിനിമ കിക്ക്ആസ് ഉള്‍പ്പെടെയുള്ള സൈറ്റില്‍ 16കാരന്‍ അപ്ലോഡ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ കൊല്ലം കൊറ്റങ്കര വില്ലേജിലെ വിദ്യാര്‍ഥികളുടെ വീട്ടിലെത്തിയ ആന്റിപൈറസി സെല്‍, ആദ്യത്തെയാളുടെ കമ്പ്യൂട്ടര്‍ പരിശോധിക്കുമ്പോള്‍ ടോറന്റില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാനായി 166 സീഡറുകള്‍ ഉണ്ടായിരുന്നു. ഒരു സീഡര്‍വഴി നൂറുകണക്കിന് പേരാണ് ഇവ ഡൗണ്‍ലോഡ് ചെയ്യാനുണ്ടായിരുന്നുത്.

അന്‍വര്‍ റഷീദിന്റെ പരാതിക്കുശേഷം രാജേഷ് നാരായണനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതാണ് അന്വേഷണ സംഘത്തിന് വിദ്യാര്‍ഥികളിലേക്കെത്താനായത്. രാജേഷ് നാരായണന്റെതെന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് തന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ആന്റിപൈറസി സെല്‍ അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ലഭ്യമായ ഒരു ഇ-മെയില്‍ വിലാസം പിന്തുടര്‍ന്നാണ് ആന്റി പൈറസി സെല്‍ ഡിവൈ.എസ്.പി. എം.ഇഖ്ബാല്‍, ഇന്‍സ്‌പെക്ടര്‍ ഡി.കെ. പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥികളിലേക്കെത്തിയത്.

സിനിമ അപ്ലോഡ് ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ഥി ഒട്ടേറെ പൈറസി സൈറ്റുകളില്‍ സജീവാംഗമാണെന്ന് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ സൈറ്റുകളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുമായി ആശയവിനിമയവും നടത്തിയിരുന്നു. ചലച്ചിത്രത്തിന്റെ പകര്‍പ്പ് വിദ്യാര്‍ഥികള്‍ക്ക് കൈമാറിയവരെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന.
സിനിമ ചോര്‍ന്നത് മെയ് 19ന് മുന്‍പാണെന്ന് ആന്‍റി പൈറസി സെല്‍ സ്ഥിരീകരിച്ചു. സിനിമ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചത് തലേന്നാണ്. തിരുവനന്തപുരത്തെ സ്റ്റുഡിയോയില്‍ എഡിറ്റ് ചെയ്തശേഷം 19ന് സെന്‍സര്‍ ബോര്‍ഡിന് കൈമാറുകയായിരുന്നു. മെയ് 19ന് തന്നെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു. സെന്‍സറിങ് മുദ്രയുള്ള പകര്‍പ്പ് ചോര്‍ന്നതുകൊണ്ടുതന്നെ ഈദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

 




MathrubhumiMatrimonial